സൽമാൻ ഖാന്റെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു 2010 ൽ പുറത്തിറങ്ങിയ ദബാംഗ്. ചിത്രം വൻഹിറ്റായതോടെ 2012 ൽ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ദബാംഗ് 2 പുറത്തിറങ്ങി. ചിത്രത്തിന്റെ മൂന്നാം ഭാഗത്തെക്കുറിച്ചുളള വാർത്തകൾ പരക്കുന്നതിനിടെ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ് സൽമാൻ ഖാന്റെ സഹോദരനും ചിത്രത്തിന്റെ നിർമാതാക്കളിലൊരാളുമായ അർബാസ് ഖാൻ. 2018 ൽ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്ന് അർബാസ് ഖാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

തന്റെ പുതിയ ചിത്രമായ ‘തേരാ ഇന്തസാർ’ സിനിമയുടെ ട്രെയിലർ ലോഞ്ചിങ്ങിനെത്തിയപ്പോഴാണ് ദബാംഗ് 3 യെക്കുറിച്ചുളള വിവരങ്ങൾ അദ്ദേഹം പുറത്തുവിട്ടത്. സണ്ണി ലിയോൺ ആണ് തേരേ ഇന്തസാറിലെ നായിക. ”ദബാംഗ് 3 യുടെ തിരക്കഥ എഴുതി തുടങ്ങിയിട്ടുണ്ട്. അടുത്ത വർഷം പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും” അർബാസ് പറഞ്ഞു. ഇതുകേട്ട മാധ്യമപ്രവർത്തകരിലൊരാൾ ദബാംഗിൽ മലൈക അറോറയുടെ ഐറ്റം ഗാനത്തെപ്പോലെ ദബാംഗ് 3 യിൽ സണ്ണി ലിയോണിനെ കാസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോയെന്നു ചോദിച്ചു. ”തീർച്ചയായും, എന്തുകൊണ്ടു ആയിക്കൂട? വ്യത്യസ്തമായ എന്തെങ്കിലും റോൾ സണ്ണിക്ക് നൽകാനായേക്കും” എന്നായിരുന്നു അർബാസ് ഖാന്റെ മറുപടി.

ഇതുകേട്ട സണ്ണി ശരിക്കും ഞെട്ടിപ്പോയി. സന്തോഷം കൊണ്ട് സണ്ണി ചോദ്യം ചോദിച്ച റിപ്പോർട്ടറെ പിടിച്ചു കുലുക്കി. ദബാംഗ് 3 യിലെ അഭിനേതാക്കളെക്കുറിച്ചുളള ഒരു വിവരവും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

പൊലീസ് ഇൻസ്പെക്ടറുടെ വേഷത്തിലാണ് ദബാംഗിൽ സൽമാൻ ഖാൻ എത്തിയത്. സൊനാക്ഷി സിൻഹയായിരുന്നു ചിത്രത്തിലെ നായിക. ഈ ചിത്രത്തിലൂടെയാണ് സൊനാക്ഷി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ