ഹൃദയ സംബന്ധമായ അസ്വസ്ഥതകളെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സംവിധായകന്‍ മണിരത്നം ആശുപത്രി വിട്ടതായി റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന് ഗുരുതരമായ അസുഖം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നായിരുന്നു സോഷ്യൽ മീഡിയയില്‍ പ്രചാരണം നടന്നത്. സാധാരണ പരിശോധന മാത്രം നടത്തി അദ്ദേഹം ആശുപത്രി വിട്ടതായാണ് റിപ്പോര്‍ട്ട്.

മണിരത്നത്തിന് ഹൃദയസംബന്ധമായ അസുഖം മുമ്പ് ഉണ്ടായിട്ടുളളതായാണ് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുമ്പ് ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ അദ്ദേഹത്തിന് ഹൃദയസ്തംഭനം ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതിന് ശേഷം അദ്ദേഹം ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും പറയപ്പെടുന്നു.

Read More: സന്തോഷ്‌ ശിവന്‍-മണിരത്നം മാജിക് വീണ്ടും: പുതിയ സിനിമയുടെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രങ്ങള്‍

പുതിയ ചിത്രത്തിന്റെ അണിയറയിലാണ് അദ്ദേഹം ഇപ്പോള്‍. അടുത്തതായി ഐശ്വര്യ റായിയെ നായികയാക്കി പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രമാണ് അദ്ദേഹം ഒരുക്കുന്നത്. പൊന്നിയിൻ സെൽവനിൽ നായികമാരായി ഐശ്വര്യ റായ് ബച്ചനും കീർത്തി സുരേഷും ഉണ്ടെന്നാണ് വിവരം. നായകൻ വിക്രമാണ്. ബിഗ് ബജറ്റ് ചിത്രത്തിൽ വിക്രമിനെ കൂടാതെ കാർത്തി, ജയം രവി എന്നിവരും ഉണ്ടാവുമെന്ന് സൂചനയുണ്ട്. നായകൻ, ഗുരു, റോജ, ബോംബെ, ദിൽ സെ, ഗുരു, ഓ.കെ. കണ്മണി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് മണിരത്നം.

കൽക്കി കൃഷ്ണമൂർത്തിയുടെ നോവൽ അടിസ്ഥാനമാക്കിയുള്ള പ്രമേയത്തിൽ അരുൾമൊഴിവർമ്മൻ അഥവാ രാജ രാജ ചോളൻ ഒന്നാമന്റെ കഥ പറയുന്നു. വിക്രം, കാർത്തി, ഐശ്വര്യ എന്നിവർക്കൊപ്പം രാവൺ, ഗുരു, കാട്ട്റ് വെളിയിടയ് എന്നെ ചിത്രങ്ങൾ മണിരത്നം സംവിധാനം ചെയ്തിട്ടുണ്ട്. മണിരത്നം ചിത്രം ചെക്കാ ചിവന്ത വാനത്തിലും വൻ താര നിര അണിനിരന്നിരുന്നു. അരവിന്ദ് സ്വാമി, പ്രകാശ് രാജ്, ജ്യോതിക, സിമ്പു, അരുൺ വിജയ്, വിജയ് സേതുപതി, അദിതി റാവു ഹൈദരി, ഐശ്വര്യ രാജേഷ് എന്നിവർ വേഷമിട്ട ചിത്രമാണിത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook