മലയാളിയായ ആദിവാസി യുവാവ് നായകനാകുന്ന ആദ്യ മലയാള സിനിമയുടെ ചിത്രീകരണം പൂർത്തിയായി. “ഫൊട്ടോഗ്രാഫറി”ലൂടെ മലയാള സിനിമയിലെത്തിയ മണി നായകനാകുന്ന ” ഉടലാഴം”  എന്ന ചിത്രത്തിന്രെ ഷൂട്ടിങ് പൂർത്തിയായി.

2006ലാണ് രഞ്ജന്‍ പ്രമോദിന്റെ സംവിധാനത്തില്‍ ഫോട്ടോഗ്രാഫര്‍ പുറത്തിറങ്ങുന്നത്.  മോഹൻ ലാൽ നായകനായി അഭിനയിച്ച ‘ഫൊട്ടോഗ്രാഫർ’ എന്ന സിനിമയിലൂടെ മികച്ച ബാലനടനുളള സംസ്ഥാന അവാർഡ് നേടിയ മണി നായകനാകുന്ന ചിത്രമാണ് പൂർത്തിയായത്. ഡോക്ടേഴ്സ് ഡിലെമയുടെ ബാനറിൽ  നിർമ്മിക്കുന്ന “ഉടലാഴം”  എന്ന്  സിനിമയുടെ ഷൂട്ടിങ് പൂർത്തിയായി.

ആദിവാസിയായ ട്രാൻസ് ജെൻഡറാണ്  “ഉടലാഴത്തി”ലെ  നായക കഥാപാത്രം. ആ കഥാപാത്രത്തിന്രെ ജീവിത വ്യഥകളാണ് സിനിമ ചിത്രീകരിക്കുന്നത്. തന്രെ ഉളളിലെ തന്നെ തിരിച്ചറിയുന്ന കഥാപാത്രം കടന്നുപോകുന്ന നാളുകളാണിത്. സ്വയം  തിരച്ചറിയുന്ന ഒരാളോട്, തങ്ങളുടെ കാലഹരണപ്പെട്ട സദാചാരസംഹിതകളിൽ പെട്ടുഴലുന്ന പൊതുസമൂഹം സ്വീകരിക്കുന്ന സമീപനങ്ങളുടെ യഥാതഥ ചിത്രീകരണം കൂടിയാണ് ഈ സിനിമയെന്ന് അതിന് പിന്നിൽ പ്രവർത്തിക്കുന്നവർ പറഞ്ഞു.

udalazham film poster

നിലനില്‍പ്പുതന്നെ ചോദ്യചിഹ്നമായ ആറുനാടന്‍ കോളനിയിലെ 24 വയസുള്ള ഭിന്നലിംഗക്കാരനായ ഗുളികന്രെ കഥയാണ് “ഉടലാഴം” പറയുന്നത്.  പ്രകൃതി, വന്യജീവികള്‍, ആദിവാസികള്‍, പൊതുസമൂഹം എന്നിവുടെ പശ്ചാത്തലത്തിലാണ് സിനിമ.

ഡോക്ടേഴ്സ് ഡിലെമയുടെ ബാനറിൽ ഡോക്ടർമാരായ രാജേഷ് കുമാർ എം പി, മനോജ് കുമാർ കെ.ടി, സജീഷ് എം. എന്നിവരാണ്  “ഉടലാഴം” നിർമ്മിക്കുന്നത്.   ഉണ്ണികൃഷ്ണൻ ആവളയാണ് തിരക്കഥയും സംവിധാനവും. നിലമ്പൂർ, കോഴിക്കോട്, ചെന്നൈ, വയനാട് എന്നിവിടങ്ങളിൽ വച്ച് സ്വാഭാവിക വെളിച്ചത്തിന്റെയും ശബ്ദസന്നിവേശത്തിന്റെയും ഉപയോഗത്തിലായിരുന്നു ഷൂട്ട്.

മണിക്ക് പുറമെ. രമ്യ രാജ്, ജോയ് മാത്യു, ഇന്ദ്രൻസ്, അനുമോൾ, സജിത മഠത്തിൽ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. എ. മുഹമ്മദാണ് ഛായാഗ്രഹണം.ഗായിക സിത്താരയും മിഥുൻ ജയരാജും ചേർന്നാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. രംഗനാഥ് രവി സൗണ്ട് ഡിസൈനിങും ബിജിബാൽ പശ്ചാത്തല സംഗീതവും ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് അപ്പു ഭട്ടതിരിയാണ്.  ജനുവരിയിൽ ചിത്രം പ്രദർശനത്തിനെത്തും.

ഫൊട്ടോഗ്രാഫറിലെ മികച്ച നേട്ടത്തിന് ശേഷം മണി വെളളിവെളിച്ചത്തിൽ നിന്നുമകന്നു. പിന്നീട് റോഡ് പണിക്കുൾപ്പടെ പോയാണ് മണി ജീവിതം മുന്നോട്ട് നീക്കിയത്. ഇത് വാർത്തയായപ്പോൾ പലരും മണിക്ക് പല വാഗ്‌ദ്ധാനങ്ങളും നൽകിയെങ്കിലും കാര്യമായ സിനിമകളൊന്നും ലഭിച്ചിരുന്നില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ