തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി. നിരക്ക് വർധന ഇന്ന് നിലവിൽ വന്നു. ഇനി സാധാരണ ടിക്കറ്റിന് 130 രൂപയാണ് വില. നേരത്തെ ഇത് 95 രൂപയായിരുന്നു. ഇതിനൊപ്പം മൂന്നു രൂപ ക്ഷേമനിധി തുകയും രണ്ടു രൂപ സർവീസ് ചാർജും ചേർത്ത് 100 രൂപയാക്കി. ഇതിന്റെ കൂടെ 12 ശതമാനം ജിഎസ്‌ടിയും ഒരു ശതമാനം പ്രളയ സെസും ചുമത്തിയതോടെ ടിക്കറ്റ് നിരക്ക് 113 രൂപയിലെത്തി. ജിഎസ്‌ടി ഫലത്തിൽ 18% ആയതോടെയാണ് നിലവിലെ നിരക്ക് 130 രൂപയിലെത്തിയത്.

ടിക്കറ്റുകളിൻമേൽ ജിഎസ്‌ടിയ്‌ക്കും ക്ഷേമനിധി തുകയ്ക്കും പുറമെ വിനോദ നികുതിയും ഏർപ്പെടുത്തിയ സർക്കാർ തീരുമാനത്തിനു വഴങ്ങാൻ തിയറ്റർ സംഘടനകൾ തീരുമാനം എടുത്തതോടെയാണു നിരക്ക് വർധിപ്പിച്ചത്.

Read Also: സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കിയ ‘സൂപ്പര്‍ഹിറ്റ്’ സൗഹൃദം; കോടികള്‍ വിലമതിക്കുന്ന ‘ചിത്രം’ പങ്കുവച്ച് ലാലേട്ടൻ

ജിഎസ്ടി നിരക്ക് 28 ശതമാനമെന്നത് 18 ശതമാനമാക്കി കുറച്ചാണ് കേന്ദ്രം സിനിമാശാലകള്‍ക്കും പ്രേക്ഷകര്‍ക്കും അനുകൂലമായ നിലപാട് സ്വീകരിച്ചത്. എന്നാല്‍ പതിനെട്ടിനോടൊപ്പം പത്തു ശതമാനം വിനോദനികുതി ചേര്‍ക്കുകയാണ് തദ്ദേശഭരണവകുപ്പ് ചെയ്തത്.

സെപ്‌റ്റംബർ ഒന്നു മുതൽ വിനോദ നികുതി ഈടാക്കാനാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയ നിർദേശം. എന്നാൽ ജിഎസ്‌ടിക്കും പ്രളയ സെസിനും പുറമേ വിനോദ നികുതി കൂടി അധികമായി ഈടാക്കുന്നത് സിനിമ മേഖലയെ പ്രതിസന്ധിയിലാക്കുമെന്നാണ് കേരള ഫിലിം ചേമ്പർ ഓഫ് കൊമേഴ്‌സിന്റെ നിലപാട്.

വിനോദ നികുതി കൂടി ചേർക്കുന്നതിനെ കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് എതിർത്തിരുന്നു. പ്രതിഷേധ സൂചകമായി വ്യാഴാഴ്‌ച സിനിമാ ബന്ദ് നടത്തുകയും ചെയ്‌തു. എന്നാൽ, സർക്കാരിൽ നിന്ന് അനുകൂല നിലപാടുണ്ടായില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook