നവോത്ഥാനം ലക്ഷ്യമിട്ട് പുതുവത്സരപ്പിറവിയില്‍ വനിതാ മതില്‍ ഒരുങ്ങുമ്പോള്‍ അതില്‍ പങ്കി ചേര്‍ന്ന് സിനിമാ ലോകവും.  തിരുവനന്തപുരം മുതല്‍ കാസര്ഗോഡ് വരെ നീളുന്ന വനിതാ മതിലില്‍ അഭിനേത്രികളായ പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, മാലാ പാര്‍വ്വതി, നീനാ കുറുപ്പ്, സജിത മഠത്തില്‍, സീനത്ത് എന്നിവര്‍ പങ്കെടുക്കും.  ഇവരെക്കൂടാതെ സിനിമാ മേഖലയില്‍ നിന്നുള്ള സ്ത്രീ സാന്നിദ്ധ്യമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ്-ചെയര്‍പെര്‍സണ്‍ ബീനാ പോള്‍, നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്‌, ഗായിക സിതാരാ കൃഷ്ണകുമാര്‍, നിലമ്പൂര്‍ ആയിഷ, പുഷ്പവതി, ശ്രുതി നമ്പൂതിരി, തിരക്കഥാകൃത്ത്‌ ദീദി ദാമോദരന്‍, വിധുവിൻസെന്റ് എന്നിവരും ചേരും.

Read More: വനിതാ മതിൽ: അറിയേണ്ടതെല്ലാം

 

 സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വനിതാമതിലിൽ അണിചേരാൻ വിവിധ മേഖലകളിൽ പ്രശസ്തരായ സ്ത്രീകൾ എത്തും. 220 സ്ത്രീകൾ ഒപ്പിട്ട ഒരു പ്രസ്താവന നേരത്തേ തന്നെ പുറത്തിറങ്ങിയിരുന്നു. ഇതിൽ നിരവധി പേർ കേരളത്തിന്റെ സാംസ്കാരിക, സാമൂഹിക മേഖലകളിൽ പ്രശസ്തരുമാണ്. വനിതാമതിലിനെ പിന്തുണയ്ക്കുന്ന ഈ പ്രസ്താവനയിൽ ഒപ്പിട്ട പ്രമുഖരെല്ലാം പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More: വനിതാ മതിലും കേരളത്തിലെ പെണ്ണവസ്ഥയും

നടി മഞ്ജു വാര്യര്‍ ആദ്യം പിന്തുണ പ്രഖ്യാപിച്ച് പിന്നീട് പിന്‍വലിയുകയാണുണ്ടായത്. അതേ സമയം, തെന്നിന്ത്യന്‍ താരം സുഹാസിനി, മതിലിനു പിന്തുണയുമായി രംഗത്ത് വന്നു. സോഷ്യല്‍ മിഡിയയില്‍ പങ്ക് വെച്ച വീഡിയോയിലൂടെയായിരുന്നു സുഹാസിനി വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ചത്. ‘വനിതാ മതില്‍ കേരളത്തെ ഭ്രാന്താലയം ആക്കുന്നത് തടയാനാണെന്നും ഈ ഒത്തൊരുമയെ തടയാന്‍ ഒന്നിനും കഴിയില്ലെന്നും’ ആണ് സുഹാസിനി പറഞ്ഞത്.

റിമ കല്ലിങ്കല്‍ ഒന്നില്‍ കൂടുതല്‍ ഇടങ്ങളിലും ലേഖനങ്ങളിലൂടേയും വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മാലാ പാര്‍വ്വതി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകളിലൂടെ വനിതാ മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

സ്ത്രീ മുന്നേറ്റചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ലു കൂടി സ്ഥാപിക്കാന്‍ സിനിമാ മേഖലയിലുളള സ്ത്രീകളും അണിചേരുമ്പോള്‍ ഇന്ത്യയൊട്ടാകെ ഉറ്റുനോക്കുന്നുണ്ട്.  കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 620 കിലോമീറ്റര്‍ നീളത്തില്‍ വനിതാ മതില്‍ സൃഷ്ടിച്ചുകൊണ്ടാണ് ഈയൊരു കുതിപ്പിലേക്ക് നാം എത്തിച്ചേരുന്നത്. സമത്വത്തിനും സ്വാതന്ത്ര്യത്തിനുമുള്ള തങ്ങളുടെ അവകാശം കേരളത്തിലെ സ്ത്രീകള്‍ പ്രഖ്യാപിക്കുന്നതിന്റെ പ്രത്യക്ഷരൂപം കൂടിയാണിത്. കേരളത്തിന്റെ ജനാധിപത്യവത്കരണത്തിന്റെ അടിസ്ഥാനമായിത്തീര്‍ന്ന നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യമാണ് വനിതാ മതില്‍ മുന്നോട്ടുവയ്ക്കുന്നത്. ലിംഗപദവി ഭേദമില്ലാതെ എല്ലാവര്‍ക്കും തുല്യാവകാശം ഉറപ്പുവരുത്തുക എന്ന ഭരണഘടനാ തത്വം പ്രായോഗികമാക്കുന്നതിനുള്ള ഇടപെടലാണിത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook