കൊച്ചി: മൂന്നുമാസത്തിലേറെയായി നീളുന്ന അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ സംസ്ഥാനത്ത് സിനിമാ ചിത്രീകരണം പുനരാരംഭിച്ചു. പത്തു സിനിമകളുടെ ഇൻഡോർ ഷൂട്ടിംഗ് പുനരാരംഭിക്കാൻ ഒരുങ്ങുകയാണ്. ലാലും മകൻ ജീൻ പോളും ചേർന്ന് സംവിധാനം ചെയ്യുന്ന ‘സുനാമി’യാണ് ഇന്ന് ചിത്രീകരണം ആരംഭിച്ച ചിത്രം. സ്ക്രിപ്റ്റിൽ അടക്കം നിരവധി മാറ്റങ്ങൾ വരുത്തിയാണ് ‘സുനാമി’യുടെ ചിത്രീകരണം പുനരാരംഭിച്ചിരിക്കുന്നത്.
കൊറോണ ഭീതിയിൽ മലയാള സിനിമ ലോകവും ലോക്ക്ഡൗണിലേക്ക് നീങ്ങിയപ്പോൾ ആദ്യം ചിത്രീകരണം നിർത്തിവെച്ച മലയാള ചിത്രങ്ങളിൽ ഒന്നാണ് ‘സുനാമി’. മാർച്ച് 10നാണ് ചിത്രത്തിന്റെ ഷൂട്ട് നിർത്തിവെച്ചത്. ഇപ്പോൾ സർക്കാർ നിർദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളോടും കൂടി ചിത്രീകരണം പുനരാരംഭിക്കുന്ന ആദ്യ മലയാള ചിത്രമാവുകയാണ്’സുനാമി’.
ലാലും മകൻ ജീൻ പോളും ആദ്യമായി ഒരുമിച്ച് സംവിധാനം നിർവഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘സുനാമി’യ്ക്ക് ഉണ്ട്. എറണാകുളം കച്ചേരിപ്പടിയിലാണ് ഇന്ന് ചിത്രത്തിന്റെ ഷൂട്ടിങ് പുനരംഭിച്ചിരിക്കുന്നത്. 14 ദിവസത്തെ ചിത്രീകരണമാണ് അവശേഷിക്കുന്നത്.
ലാൽ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ നിർമാണം പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ലാലിന്റെ മരുമകൻ അലൻ ആന്റണിയാണ്. സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന വിധത്തിൽ 50 പേർ മാത്രമാണ് ഷൂട്ടിങ്ങിൽ പങ്കെടുക്കുന്നത്. തെർമൽ സ്കാനർ, മാസ്കുകൾ, സാനിറ്റൈസർ എന്നിവ ഉപയോഗിച്ചാണ് ചിത്രീകരണം. ബാലു വർഗീസാണ് നായകൻ. കൂടാതെ ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, സുരേഷ് കൃഷ്ണ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.