scorecardresearch

ഡേവിഡ് നൈനാന്റെ ഹൈപ്പിൽ മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദർ

തോക്കുകള്‍ കഥ പറയുന്ന, രക്തത്തിന്‍റെ മണമുള്ള ബോംബെയിലെ അധോലോക നായക കഥാപാത്രത്തെ തേടി തിയറ്ററില്‍ കയറുന്ന പ്രേക്ഷകന്‍റെ മുന്‍വിധികളെ തട്ടിത്തെറിപ്പിക്കുന്നതാണ് ഡേവിഡ് നൈനാന്‍റെ കഥാപാത്ര നിര്‍മ്മിതി

great father, mammootty

സമീപകാലത്ത് കണ്ടിട്ടില്ലാത്ത തരം വലിയ ഹൈപ്പോട് കൂടി ഒരു മമ്മൂട്ടി ചിത്രം തിയേറ്ററുകളിലെത്തുമ്പോള്‍ പ്രേക്ഷകര്‍ അതിനെ തള്ളുമോ കൊള്ളുമോ?

ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ പൃഥ്വിരാജ് സുകുമാരൻ, സന്തോഷ് ശിവൻ, ഷാജി നടേശൻ, ആര്യ എന്നിവർ ചേർന്ന് നിര്‍മ്മിച്ച്, നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്ത ദി ഗ്രേറ്റ്‌ ഫാദറില്‍ ഡേവിഡ് നൈനാന്‍ എന്ന ബില്‍ഡറുടെ റോളിലാണ് മമ്മൂട്ടി. തോക്കുകള്‍ കഥ പറയുന്ന, രക്തത്തിന്‍റെ മണമുള്ള ബോംബെയിലെ അധോലോക നായക കഥാപാത്രത്തെ തേടി തിയറ്ററില്‍ കയറുന്ന പ്രേക്ഷകന്‍റെ മുന്‍വിധികളെ തട്ടിത്തെറിപ്പിക്കുന്നതാണ് ഡേവിഡ് നൈനാന്‍റെ കഥാപാത്ര നിര്‍മ്മിതി.

The great Father, ദി ഗ്രേറ്റ് ഫാദർ, Mammootty, Mammootty Fans, Kerala Film Fans, ദി ഗ്രേറ്റ് ഫാദർ റിലീസ്, The great Father Release

സുന്ദരന്‍,ധനികന്‍, അജ്ഞാതമായ ഏതോ ഭൂതകാലാനുഭവങ്ങളിലൂടെ സഞ്ചരിക്കുന്ന, എന്തിലും ഒരു പടി മുന്‍പേ നില്‍ക്കുന്ന, ഫോര്‍വീല്‍ സ്റ്റണ്ടറായ, എല്ലാത്തിനും പുറമെ മകള്‍ കഴിഞ്ഞേ മറ്റെന്തും ഉള്ളൂ എന്ന് വിശ്വസിക്കുന്ന ഒരു ഡാഡികൂള്‍. അതാണ്‌ ഡേവിഡ് നൈനാന്‍.

പീഡോഫീലിയയും പാരാഫീലിയയും ചര്‍ച്ചയാകുന്ന വര്‍ത്തമാനകാല ഭീതിയില്‍ നിന്നാണ് ചിത്രം സംസാരിച്ചു തുടങ്ങുന്നത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തുന്ന ഒരു കൊലയാളിക്കായി കരുതലോടെ നീങ്ങിയ ഉദ്യോഗസ്ഥനെ കുറിച്ചുള്ള വിത്ത് പാകിയാണ് ചിത്രത്തിന്‍റെ തുടക്കം.

ട്രെയിലര്‍ തന്നെ പറഞ്ഞു വച്ച ഡേവിഡിനെ കുറിച്ചുള്ള മകളുടെ പൊങ്ങച്ച പറച്ചിലുകളില്‍ നിന്നാണ് ചിത്രം പിന്നീട് ഒഴുക്ക് കണ്ടെത്തുന്നത്. കൂളിങ് ഗ്ലാസും സ്റ്റൈലിഷ് ജാക്കറ്റുമിട്ട് ഡേവിഡ് കഥയിലെ കുടുംബപരിസരത്തേക്ക് കടന്നുവരുന്നു. ഡേവിഡിനെ ഹീറോയായി കാണുന്ന മകള്‍ക്കും (ബേബി അനിഖ) ഡോക്ടറായ ഭാര്യയ്ക്കും (സ്നേഹ)മൊപ്പമുള്ള സ്വൈര്യജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന മുഖംമൂടിക്കാരനായ ജോക്കര്‍. അവനെ തേടിയുള്ള യാത്ര ആരംഭിക്കുന്നിടത്താണ് ചിത്രത്തിന്‍റെ ആദ്യ പകുതി ചെന്ന് നില്‍ക്കുന്നത്.

the great father

ത്രില്ലര്‍, ആക്ഷന്‍ വിഭാഗങ്ങളില്‍പ്പെടുന്ന ചിത്രങ്ങള്‍ക്ക് ജീവന്‍ വെക്കുന്നത് വേഗത്തിലുള്ള മുന്നോട്ടുപോക്കിലാണ്. തിരക്കഥയിലുണ്ടാവാന്‍ സാധ്യതയുള്ള പോരായ്മകളെ ഒരു പരിധിവരെ മറച്ചുവെക്കാന്‍ സഹായകമാകും ഈ വേഗം. ഒരു ഫാമിലി ത്രില്ലറിന് ആവശ്യമായ ചടുലമായ സഞ്ചാരത്തെ മറന്നെഴുതിയ തിരക്കഥ ആദ്യ പകുതിയില്‍ തന്നെ പ്രേക്ഷകനെ നിരാശനാക്കുന്നു.

സീരിയല്‍ കില്ലറെ തേടിയുള്ള യാത്രയ്ക്കിടയില്‍ കൊല്ലപ്പെടുന്ന ഉദ്യോഗസ്ഥന്‍റെ സ്ഥാനത്തേക്കെത്തുന്ന ആന്‍ഡ്രൂസ് ഈപ്പന്‍ (ആര്യ) വില്ലനേക്കാള്‍ വലിയെ വെല്ലുവിളിയായി മാറുന്നുണ്ട് ഡേവിഡിന്. കൊലപാതകങ്ങള്‍ നിരന്തരം തുടരുമ്പോള്‍ കുറ്റവാളിയെ തേടിപ്പുറപ്പെട്ട പൊലീസുകാരനും, നായകനും തമ്മിലുള്ള സ്ഥിരം ടോം ആന്‍ഡ് ജെറി പാച്ചിലാണ് പിന്നീട് ചിത്രം. കുറ്റവാളിയെ തേടി നായകന്‍ പോകേണ്ടെന്നും, കഴിവുണ്ടെങ്കില്‍ കുറ്റവാളി നായകനെ തേടി വരുമെന്നും പറയുന്നിടത്ത് തിരക്കഥയ്ക്ക് സഞ്ചരിക്കാന്‍ കൂടുതല്‍ ദൂരമില്ലാതെ വരുന്നു, നായകന് പ്രതിനായകനിലേക്കുള്ള ദൂരവും കുറയുന്നു. നായകന് ശിക്ഷിക്കാനുള്ളതാണ് വില്ലനെന്ന് പറഞ്ഞ് സിനിമയുടെ രാഷ്ട്രീയം ചുരുങ്ങുന്നു. ഒരു പ്രതീക്ഷക്കും വക നല്‍കാത്ത നിയമവ്യവസ്ഥ കൂട്ടുപിടിച്ചാണ് ഈ വാദം ന്യായീകരിക്കപ്പെടുന്നത്.

The great Father, ദി ഗ്രേറ്റ് ഫാദർ, Mammootty, Mammootty Fans, Kerala Film Fans, ദി ഗ്രേറ്റ് ഫാദർ റിലീസ്, The great Father Release

നായകന്‍റെ മാനസികാവസ്ഥയോടും പ്രതികാരമനോഭാവത്തോടും പ്രേക്ഷകന്‍ ഐക്യദാര്‍ഢ്യപ്പെടാനായി പ്രതിനായക കഥാപാത്രത്തെ ഹിംസയുടെ കൊടുമുടിയില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, ജോക്കറെന്ന കഥാപാത്രത്തിന്‍റെ നിര്‍മ്മിതിയില്‍ രചയിതാവിന് ഭദ്രത കൈവരുത്താന്‍ കഴിയുന്നില്ല. എങ്കിലും പ്രേക്ഷക പ്രതീക്ഷകള്‍ക്ക് പിടികൊടുക്കാതെ വേഗം കുറഞ്ഞെങ്കിലും ചിത്രം പ്രയാണം ചെയ്യുന്നുണ്ട്. ചിത്രത്തിന്‍റെ വേഗക്കുറവിനെ ക്ലൈമാക്സിലെ ട്വിസ്റ്റും മമ്മൂട്ടിയുടെ സ്റ്റൈലും ഉടുപ്പിച്ച് മോക്ഷം കണ്ടെത്താമെന്ന ചിന്തയും തെളിഞ്ഞ് കാണുന്നു.

കാലികപ്രസക്തിയുള്ള ഒരു വിഷയത്തെ സര്‍വ്വസമ്മതിയുണ്ടാക്കും വിധം സിനിമയുടെ ഭാഗമാക്കാനുള്ള സംവിധായകന്‍റെ ശ്രമം പൂര്‍ണമായി വിജയിച്ചെന്ന് പറയാന്‍ കഴിയില്ല. നിയമപരമായ വിചാരണയില്‍ വിശ്വാസമില്ലാതെ കുറ്റവാളിയെ നായകന്‍റെ കൈകളില്‍ ഏല്‍പ്പിക്കുന്ന രീതി നിലയ്ക്കാത്ത കൈയടിക്ക് വേണ്ടി മാത്രമായും മാറുന്നു. സ്ത്രീകഥാപാത്രങ്ങളെ നിസ്സഹായതയുടെ ആള്‍രൂപങ്ങളാക്കി മാറ്റുന്ന മലയാള ചിത്രങ്ങളുടെ ഭാഗമാകുന്നുണ്ട് ദി ഗ്രേറ്റ് ഫാദറും. നായികാ കഥാപാത്രത്തെ അവതരിപ്പിച്ച സ്നേഹയ്ക്ക് ഒന്നും ചെയ്യാനില്ലാതെ നായകന്‍റെ തോളിലേക്ക് ചാഞ്ഞ് കണ്ണീരൊഴുക്കേണ്ടി വരുന്നു.

The Great Father, mammootty, actor, malayalam movie

വൈകാരിക പ്രകടനങ്ങളിലെ കൈയടക്കം കൊണ്ട് അത്ഭുതപ്പെടുത്തിയ മമ്മൂട്ടി ഇത്തവണയും നിരാശപ്പെടുത്തിയില്ല. ബേബി അനിഖയുടെ മികച്ച പ്രകടനവും ചിത്രത്തില്‍ തെളിഞ്ഞുകാണാം. ക്രൈം ജേര്‍ണലിസ്റ്റുകള്‍ സ്ത്രീവിരുദ്ധരാണെന്നും കുറ്റവാളിയുടേതിന് സമാനമായ ചിന്തകളാണ് അവരുടേതെന്നും കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച കഥാപാത്രത്തിലൂടെ സംവിധായകന്‍ സ്ഥാപിക്കുന്നു. ഷാജോണിന്‍റെ കഥാപാത്രത്തിലൂടെ പറഞ്ഞൊപ്പിക്കുന്ന ദ്വയാര്‍ത്ഥ സംഭാഷണം അരോചകമായും തോന്നാം. സ്ത്രീ വിരുദ്ധത ആഘോഷിക്കുന്ന സിനിമയുടെ ഭാഗമാകില്ലെന്ന് നേരത്തേ പ്രഖ്യാപിച്ച താരമാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളില്‍ ഒരാളെന്നും ഇവിടെ ഓര്‍ക്കേണ്ടി വരുന്നു.

റോബി വർഗീസ് രാജ് ഒരുക്കിയ ദൃശ്യങ്ങള്‍ ചിത്രത്തിന് മുതല്‍കൂട്ടാവുന്നുണ്ട്. സുഷിന്‍ ശ്യാം ഒരുക്കിയ പശ്ചാത്തല സംഗീതവും ചിത്രത്തോട് ഇഴ ചേര്‍ന്നു നിന്നിട്ടുണ്ട്. ചുരുക്കത്തില്‍ കൊറിയന്‍ ത്രില്ലര്‍ ചിത്രങ്ങളുടെ ആകര്‍ഷക ശൈലീ ഭദ്രത പ്രതീക്ഷിക്കാതെ, മെഗാസ്റ്റാറിനെ വെച്ച് നവാഗതനായൊരു സംവിധായകനൊരുക്കിയ പിഴവുകള്‍ കുറഞ്ഞൊരു ഫാമിലി ത്രില്ലര്‍ കാണണമെങ്കില്‍ ദി ഗ്രേറ്റ് ഫാദറിന് ടിക്കറ്റ് എടുക്കാം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Film review the great father mammootty film opens to big hype