/indian-express-malayalam/media/media_files/uploads/2018/01/Padmaavat-Review-Featured.jpg)
രജപുത്ര സമുദായത്തിന്‍റെ അഭിമാനത്തിന് വെല്ലുവിളി ഉയർത്തിയേക്കാവുന്ന സിനിമയാണ് സഞ്ജയ് ലീല ബന്‍സാലിയുടെ 'പദ്മാവത്' എന്ന് ആരെങ്കിലും കരുതിയെങ്കില്‍ അവര്‍ക്ക് തെറ്റി. ‘സഭ്യമായ-സംസ്കാരമുള്ള' സിനിമയെടുക്കാന്‍ സംവിധായകനെ പാഠം പഠിപ്പിക്കാന്‍ ഇറങ്ങിയ കർണിസേനക്കൊക്കെ ഇനി വിശ്രമിക്കാം. തുടക്കം മുതല്‍ ഒടുക്കം വരെ, രജപുത്രരുടെ ‘അന്തസ്സും അഭിമാനവും’ ഉയര്‍ത്തിപ്പിടിക്കുന്ന, അതിനെ ആപാദചൂഡം പുകഴ്ത്തുന്ന ഒരു പ്രകീര്‍ത്തി പത്രമാണ് 'പദ്മാവത്' എന്ന ചിത്രം.
ഈ സിനിമയുടെ കഥാതന്തു അറിയാത്തവര്‍ക്കായി രണ്ടു വാക്ക് പറയട്ടെ. രാജ്പുത് രാജാവ് രത്തന്‍ സിംഗ് (ഷാഹിദ് കപൂര്‍) നായകനും അധിനിവേശത്തിനെത്തിയ മുസ്‌ലിം ആക്രമണകാരി അലാവുദ്ദീന്‍ ഖില്‍ജി (രണവീര്‍ സിംഗ്) വില്ലനും ഇരുവരുടെയും ആരാധനാപാത്രമായ അതിസുന്ദരിയായ പദ്മാവതി (ദീപിക പദുക്കോണ്‍) കേന്ദ്ര കഥാപാത്രവുമായ സിനിമയുടെ അന്ത്യത്തില്‍ പത്മാവതി 'ജോഹര്‍' ചെയ്ത് ജീവനൊടുക്കുന്നു.
തുടക്കത്തില്‍ തന്നെ തീര്‍ത്തും നല്ലവളും അഭിമാനിനിയുമായ ഭാരതീയ സ്ത്രീ ആയും പിന്നീട് ഭാര്യയായും വരുന്ന പത്മാവതി ആദ്യ രംഗങ്ങളില്‍ തന്‍റേതായ വ്യക്തിത്വമുള്ള, സ്വതന്ത്രമായി ചിന്തിക്കുന്ന സ്ത്രീയായി കാണപ്പെട്ടെങ്കിലും അവളുടെ പിന്നീടുള്ള ജീവിതവും മരണവും പുരുഷവീക്ഷണത്തിലെ അന്തസ്സ്-അഭിമാനം എന്നീ ആശയങ്ങള്‍ക്ക് ചുറ്റും കെട്ടിപ്പൊക്കിയതാണ്.
ഇത് പിതൃമേധാവിത്തമല്ലെങ്കില്‍ ഒരിക്കലും ജീവിച്ചിരുന്നിട്ടില്ലാത്ത റാണി പദ്മാവതി ഞാന്‍ തന്നെയാണ്. 13ആം നൂറ്റാണ്ടില്‍ ജീവിച്ച (മാലിക് മുഹമ്മദ് ജയാസി എന്ന മധ്യകാല കവി എഴുതിയുണ്ടാക്കിയ കഥാപാത്രങ്ങള്‍ ആണിവരെല്ലാം എന്നതാണ് വസ്തുത എന്നിരിക്കിലും) ഇവരുടെ പ്രവൃത്തികളെ ഇന്നത്തെ സ്ത്രീ-പുരുഷ ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ നമുക്ക് അളക്കാനാവില്ല. എന്നാലും ഒരു പ്രശ്നം അപ്പോഴും സംവിധായകനെ ചൂഴ്ന്നു നില്‍ക്കുന്നു. തങ്ങളുടെ ശക്തയായ റാണിയുടെ നേതൃത്വത്തില്‍ അഗ്നിയില്‍ ചാടി ആത്മാഹൂതി ചെയ്യുന്ന നൂറുകണക്കിന് സ്ത്രീകളെ (അതിലൊരാള്‍ ഗര്‍ഭിണി, മറ്റൊരാള്‍ ചെറിയ കുട്ടി) ആ കൃത്യത്തെ പ്രശംസിച്ചു കൊണ്ടല്ലാതെ എങ്ങനെ ചിത്രീകരിക്കാനാവും?
കാണികളുടെ കണ്ണ് മഞ്ഞളിപ്പിക്കുന്ന വര്‍ണപ്രഭകള്‍ തിങ്ങി നിറഞ്ഞ സിനിമയില്‍ നാം വീണുപോവും എന്നതാവും പ്രതീക്ഷയും. സത്യത്തില്‍ അത് തന്നെ സംഭവിക്കുകയും ചെയ്യും. അത്ര മനോഹരമായ രംഗങ്ങളാണ് ബന്‍സാലി ഒരുക്കിയിരിക്കുന്നത്. ഇതിലും സുന്ദരിയായി ദീപികയെ നാം കണ്ടിരിക്കില്ല.
തന്‍റെ വ്യക്തിത്വത്തെ വെല്ലാന്‍ ആ ആർഭാടപൂർണമായ വസ്ത്രങ്ങളെയോ ആഭരണങ്ങളെയോ അവര്‍ അനുവദിക്കുന്നില്ല; 'ഘൂമര്‍' ഗാനത്തില്‍ അവരുടെ അരഭാഗം കൃത്രിമമായി മറക്കുന്നുണ്ടെങ്കിലും. (ചിത്രത്തില്‍ മറ്റു പലയിടത്തും ‘ആ ഭാഗം’ മിന്നായം പോലെ കാണിക്കുന്നുണ്ടെന്ന് കൂടി പറയട്ടെ).
മിക്കപ്പോഴും നഗ്നമായ തന്‍റെ മാറില്‍ ഉറച്ച പേശികള്‍ ഉള്ള, കണ്ണില്‍ കണ്മഷി എഴുതിയ ഷാഹിദ് കപൂറും നല്ല പ്രകടനം കാഴ്ച വച്ചെങ്കിലും ഈ ചിത്രം ഖില്‍ജിയെ അവതരിപ്പിച്ച രണവീറിന്‍റെതാണെന്ന് പറയാതെ വയ്യ. പറഞ്ഞു പഴകിയ സംസ്കാരരഹിതനായ മുസ്‌ലിം ഭീകരന്‍ എന്ന ബിംബത്തെ സൂചിപ്പിക്കാന്‍ വലിയ മാംസക്കഷണങ്ങള്‍ കടിച്ചു മുറിക്കുന്ന ഖില്‍ജിയെ കണ്ടാല്‍ ആ രുചി നിങ്ങളുടെ നാവിലേക്ക് പടരും വിധമാണ് രൺവീറിന്‍റെ പ്രകടനം.
സാധാരണ ബന്‍സാലി ചിത്രങ്ങളുടെ പോലെ അമിതാര്‍ഭാടങ്ങള്‍ വാരിവിതറിയ മറ്റൊരു ചിത്രം കൂടി എന്നതില്‍ കവിഞ്ഞു യാതൊന്നും ആവാതെ പോവുമായിരുന്ന ചിത്രത്തെ പ്രശസ്തമാക്കിയത് ഒരു കൂട്ടം പിന്തിരിപ്പന്‍ കോമാളിക്കൂട്ടത്തിന്‍റെ പ്രതിഷേധ പ്രകടനങ്ങളാണ്. വില്ലന്‍റെ വില്ലത്തരവും നായികയുടെ പാതിവ്രത്യം വിസ്തരിക്കാന്‍ സംവിധായകന്‍ ശ്രമിച്ച രീതി ഇവയൊക്കെ വേഷം കെട്ടിച്ച കല എന്ന് പറയാമെങ്കില്‍ കൂടി ഇതിനെ രാഷ്ട്രീയ മാനമുള്ളതാക്കുന്നു.
ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ തന്‍റെ രാഷ്ട്രീയ പക്ഷപാതിത്വം ആര്‍ക്കൊപ്പം ആണെന്ന് സംശയലേശമെന്യേ ബന്‍സാലിക്ക് സ്ഥാപിക്കാന്‍ ഈ ചിത്രം വഴി കഴിഞ്ഞിട്ടുണ്ട്. അത്ര വ്യക്തമായാണ് ‘നല്ല ഹിന്ദു’-‘ചീത്ത മുസ്ലീം’ എന്ന ദ്വന്ദ്വത്തെ 'പദ്‌മാവത്' നമുക്ക് മുന്നില്‍ തെളിയിക്കുന്നത്.
/indian-express-malayalam/media/media_files/uploads/2018/01/ranveer-shahid.jpg)
പാടിപഴകിയ ‘രാജാവിന്‍റെയും റാണിയുടെയും അവരുടെ ജീവിത-മരണങ്ങളുടെയും കഥ’യുടെ ഈ ഏറ്റവും പുതിയ ആഖ്യാനം നമ്മളെക്കൊണ്ട് ചോദിപ്പിക്കുന്ന ഒരു സുപ്രധാന ചോദ്യമുണ്ട്. തന്‍റെ ഭര്‍ത്താവിന്‍റെയും കുലത്തിന്‍റെയും അഭിമാനം സംരക്ഷിക്കാന്‍ ഒരു സ്ത്രീ തീയില്‍ ചാടി മരിക്കാന്‍ നിര്‍ബന്ധിതയാവുന്നതിനെ നാം എങ്ങിനെയാണ് കാണുന്നത്?
'പദ്മാവത്' ഒരു ദൃശ്യവിസ്മയം തന്നെ. ഇത്തരം സിനിമകള്‍ ചെയ്യാന്‍ ബൻസാലിയെ കഴിഞ്ഞേ മറ്റൊരാള്‍ ഉള്ളു. ഇത് ചെയ്യാന്‍ ആണയാള്‍ ജനിച്ചതെന്ന് പറയാം. കുറെ നേരമൊക്കെ ആ ആനന്ദത്തില്‍ നമുക്ക് ഇരുന്നു കാണുകയും ചെയ്യാം.
നിരന്തരം രജപുത്ര അഭിമാനത്തിന്‍റെ വിവിധ ഭാഷ്യങ്ങള്‍ കണ്ടു കൊണ്ട് മൂന്നു മണിക്കൂര്‍ തള്ളിനീക്കുന്നത്, തീര്‍ത്തും മടുപ്പിക്കുന്നതാണ്. മനുഷ്യ മാംസം ജീവനോടെ കരിക്കുന്ന സതിയെ ഇത്ര മനോഹരമായി ചിത്രീകരിച്ചിരിക്കുന്നത് നമ്മെ വല്ലാതെ അസ്വസ്ഥരാക്കുകയും ഉലയ്ക്കുകയും ചെയ്യും.
ഈ മടുപ്പില്‍ നിന്നും ആലോചനയില്‍ നിന്നും നമ്മെ മോചിപ്പിക്കുന്ന സിനിമയിലെ ഒരേയൊരു കാര്യം രണവീര്‍സിംഗ് ആണ്. കാണികള്‍ക്ക് തന്നില്‍ ഇഷ്ടം ഉണ്ടാക്കാന്‍ രണവീര്‍ ശ്രമിക്കുന്നില്ല, സിനിമയില്‍ ഒരിക്കല്‍ പോലും. അതുകൊണ്ട് തന്നെ നാം അയാളെ വല്ലാതെ ഇഷ്ടപ്പെട്ടു പോകുന്നു. തീര്‍ത്തും പ്രവചനാതീതമായിരുന്നു രൺവീറിന്‍റെ മിക്ക സിനിമകളും. അയാളുടെ ഖില്‍ജി മാസ്മരികമാണ്. മാത്രമല്ല, ഖിൽജിയുടെയും റാണിയുടെയും നിര്‍ഭാഗ്യ പ്രണയമാണ് വെള്ളിത്തിരയില്‍ കനലെരിയിക്കുന്നതും അവസാനം നാം കൂടെ കൂട്ടുന്നതും.
ഒരു സേനയ്ക്കും അത് കാണാതെ പോകാനാവില്ല.
മൊഴിമാറ്റം: ആർദ്ര എൻ ജി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.