കൂടുതല്‍ ആലങ്കാരികതകളുടെ ആവശ്യമില്ല മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം അഞ്ജലി മേനോന് ചിത്രങ്ങള്‍ക്ക്. ധൈര്യമായി, രണ്ടാമതൊന്ന് ആലോചിക്കാതെ ടിക്കറ്റെടുക്കാനുള്ള ആത്മവിശ്വാസം ‘മഞ്ചാടിക്കുരു’ മുതല്‍ ‘ബാംഗ്ലൂര്‍ ഡേയ്സ്’ വരെയുള്ള സിനിമാക്കാലം കൊണ്ട് ഈ സംവിധായിക പ്രേക്ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്. നാലു വര്‍ഷത്തിനു ശേഷം വീണ്ടുമൊരു അഞ്ജലി മേനോന് ചിത്രം ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുന്നു, പ്രേക്ഷകരുടെ പ്രിയ നടി നസ്രിയ നസീം അഭിനയ ലോകത്തേക്ക് മടങ്ങിവരുന്നു, മലയാളത്തിലെ ഹിറ്റ് ജോഡികളായ പൃഥ്വിരാജും പാര്‍വ്വതിയും വീണ്ടും ഒന്നിക്കുന്നു. പ്രതീക്ഷകളുടെ അത്യുന്നതിയിലാണ് പ്രേക്ഷകര്‍. സംവിധായകയിലുള്ള വിശ്വാസം തന്നെയായിരുന്നു അഞ്ജലി മേനോൻ എന്ന പേര് സ്ക്രീനിൽ തെളിഞ്ഞപ്പോൾ തിയേറ്ററിൽ ഉയർന്ന കൈയ്യടി. പ്രതീക്ഷകളെ തെറ്റിക്കാതെ കൂടെ ചേര്‍ക്കാന്‍ മറ്റൊരു അഞ്ജലി മേനോന് മാജിക് ആകുകയാണ് ‘കൂടെ’യും.
Read More: നമ്മള് ഇപ്പോള്‍ മൂളുന്ന പാട്ടുകള്‍ പാടിയവര്‍
ബന്ധങ്ങളുടെ ഇഴയടുപ്പങ്ങളിലേക്കും അവനവന്റെ ഉള്ളിലേക്കുമാണ് അഞ്ജലി മേനോന് എന്ന സംവിധായിക എപ്പോഴും ക്യാമറ തിരിക്കുന്നത്. ‘കൂടെ’യും അങ്ങിനെ തന്നെ. ജോഷ്വ (പൃഥ്വിരാജ്)യും സഹോദരി ജെനി(നസ്രിയ)യും തമ്മിലുള്ള ബന്ധത്തിലൂടെ പതിഞ്ഞതാളത്തില്‍ തുടങ്ങുന്ന യാത്രയാണത്. അമ്മയായി മാല പാര്‍വ്വതിയും അച്ഛനായി രഞ്ജിത്തുമുണ്ട്. ഇവരുടെ കുടുംബത്തില്‍ നിന്നുമാണ് ‘കൂടെ’ തുടങ്ങുന്നത്. ഈ കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴത്തിലൂടെ സഞ്ചരിക്കുമ്പോഴും കൂടെയില് നിറഞ്ഞു നില്‍ക്കുന്നത് ജോഷ്വയും ജനിയും തന്നെയാണ്. മനോഹരം എന്നോ മാജിക് എന്നോ വിളിക്കാവുന്ന തരത്തിലാണ് ഇവരുടെ സ്നേഹത്തെ സംവിധായിക അവതരിപ്പിച്ചിരിക്കുന്നത്. ഇടയില്‍ പതിയെ വന്നു കയറുന്ന സോഫി(പാര്‍വ്വതി)യും ‘കൂടെ’യുടെ മാറ്റുകൂട്ടുന്നു. മായാ ആഞ്ജലോയുടെ ‘I Know Why Caged Bird Sings’ പുസ്തകം നോക്കി, ഇതുവായിച്ചാൽ മാത്രം പോരല്ലോ എന്നു ചോദിക്കുന്നൊരു രംഗം ചിത്രത്തിലുണ്ട്. സോഫി എന്ന കഥാപാത്രം മാത്രമല്ല, പാർവ്വതി എന്ന നടിയും ഹൃദയത്തിൽ തട്ടി ചോദിച്ചൊരു ചോദ്യമാണ് അതെന്നു തോന്നും.
ജീവിതത്തെ ഏറെ സ്വാധീനിക്കുന്ന, സ്വന്തം അകത്തേക്കു നോക്കാന്‍ പ്രേരിപ്പിക്കുന്ന ഒരാളെങ്കിലും എല്ലാ മനുഷ്യരിലും ഉണ്ടാകും. നമ്മള് പോലും കാണാത്ത, കണ്ടില്ലെന്നു നടിക്കുന്ന നമ്മളെ നമുക്ക് തന്നെ കാണിച്ചു തരുന്നവര്‍. അത്തരം മനുഷ്യരെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചുമാണ് കൂടെ സംസാരിക്കുന്നത്. സ്നേഹത്തിലേക്കും ബന്ധങ്ങളിലേക്കും ജീവിതത്തിലേക്കും കഥാപാത്രങ്ങള്‍ക്കൊപ്പം കണ്ടിരിക്കുന്നവരും യാത്ര ചെയ്യുന്നു, അത്രയേറെ വൈകാരികമായ യാത്ര.
Read More: സന്തോഷമാണ് നസ്രിയ: ‘കൂടെ’യിലെ അനുഭവത്തെക്കുറിച്ച് മാലാ പാര്‍വ്വതി
രണ്ടാംവരവില്‍ പ്രതീക്ഷിയ്ക്കൊപ്പമോ അതിനപ്പുറമോ ആയിരുന്നു നസ്രിയ എന്ന നടിയുടെ പ്രകടനം. കുറുമ്പില്‍ നിന്നും കുസൃതിയില്‍ നിന്നും തുടങ്ങുന്ന ജെനിയുടെ വൈകാരിക ഭാവങ്ങളും നസ്രിയയുടെ കൈയ്യില്‍ ഭദ്രമായിരുന്നു. മനോഹരമായ സ്ക്രീന്‍ പ്രെസന്‍സ് ആണ് എടുത്തു പറയേണ്ടത്. നസ്രിയ ഫ്രെയിമിലേക്കു വരുന്നതോടെ ചിത്രത്തിന്റെ എനര്‍ജി ലെവല്‍ തന്നെ മാറുകയാണ്. അത് കൃത്യമായ മോഡുലേഷനോടെ അവസാനം വരെയും കൊണ്ടു പോയിട്ടുണ്ട്.
Read More: ‘കൂടെ’യിലെ അഭിനയത്തെക്കുറിച്ച് രഞ്ജിത്
ഏറെ നാളുകള്‍ക്കു ശേഷമാണ് വളരെ നാച്വറല്‍ ആയി, കഥാപാത്രമായി പൃഥ്വിരാജ് എന്ന നടനെ സ്ക്രീനില്‍ കാണുന്നത്. ജോഷ്വ എന്ന കഥാപാത്രത്തെ മാത്രമാണ് തുടക്കം മുതല്‍ ഓരോ സീനിലും കാണാന്‍ സാധിച്ചത്. ചിത്രത്തിലെവിടെയും പൃഥ്വിരാജ് ഉണ്ടായിരുന്നില്ല. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ജോഷ്വയായി പൃഥ്വിയെ അല്ലാതെ മറ്റൊരാളെ സങ്കല്പ്പിക്കാന് പോലും സാധിക്കില്ല.
പതിയെ വന്നു കയറി ‘കൂടെ’യ്ക്ക് മറ്റൊരു സൗന്ദര്യമാണ് പാര്‍വ്വതി നിറയ്ക്കുന്നത്. സോഫി എന്ന കഥാപാത്രത്തിന്റെ രണ്ടു സ്റ്റേജുകളേയും വളരെ പക്വമായി പാര്‍വ്വതി അവതരിപ്പിച്ചിട്ടുണ്ട്, എപ്പോഴത്തേയും പോലെ. രഞ്ജിത്, മാലാ പാര്‍വ്വതി എന്നിവരും തങ്ങളുടെ വേഷങ്ങളെ മികവുറ്റതാക്കി. ജോഷ്വയുടേയും ജനിയുടേയും മാതാപിതാക്കളായി രണ്ടു പേരും ജീവിക്കുകയായിരുന്നു. എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രം റോഷന് മാത്യു അവതരിപ്പിച്ച ക്രിഷ് ആണ്. റോഷന്റെ സിനിമാ ജീവിതത്തിലെ വഴിത്തിരിവാകും ക്രിഷ് എന്ന കഥാപാത്രം എന്നു പ്രതീക്ഷിക്കാം. പൃഥ്വിരാജുമൊന്നിച്ചുള്ള കോമ്പിനേഷന്‍ സീനിലെല്ലാം റോഷന് ഒരുപടി മുമ്പില്‍ നിന്നു എന്നു നിസ്സംശയം പറയാം. പൌളി വിത്സൺ അവതരിപ്പിച്ച കഥാപാത്രവും മികച്ചു നിന്നു. ഇടയ്ക്കിടെ തിയേറ്ററിൽ ചിരിയുണർത്താൻ ഈ നടിക്കായി. ഫുഡ്ബോൾ കോച്ചായി എത്തിയ അതുൽ കുൽക്കർണിയും നല്ല പ്രകടനം കാഴ്ചവച്ചു. പൃഥ്വിരാജിന്റെ ചെറുപ്പകാലം അവതരിപ്പിച്ച കുട്ടിയും നന്നായിരുന്നു.
ലിറ്റില്‍ സ്വയമ്പിന്റെ ക്യാമറ ഊട്ടിയുടെ മനോഹാരിതയെ മാത്രമല്ല, മറിച്ച് കഥാപാത്രങ്ങളുടെ മനസുകളെക്കൂടിയാണ് ഒപ്പിയെടുത്തിരിക്കുന്നത്. സിനിമയുടെ മൂഡിന്റെ വലിയ പങ്ക് ഈ ഛായാഗ്രാഹകന്റേതുകൂടിയാണ്. അത്രയും മനോഹരമായിരുന്നു ഓരോ ഫ്രെയ്മും. ജയചന്ദ്രനും രഘു ദീക്ഷിത്തും ഒരുക്കിയിരിക്കുന്ന ഗാനങ്ങള്‍ ചിത്രം പുറത്തിറങ്ങും മുമ്പേ കാഴ്ചക്കാരുടെ ഉള്ളുകവര്ന്നവയാണ്. സിനിമയില്‍ അത് വീണ്ടും കാണുമ്പോള്‍ ശുദ്ധവായു ശ്വസിക്കുന്ന സന്തോഷം തോന്നും. അത്ര പുതുമയാണ് ഗാനങ്ങള്‍ക്ക്. ഓരോ പാട്ടും സന്ദര്‍ഭത്തിന് അനുയോജ്യമായി അവതരിപ്പിച്ചിരിക്കുന്നു. പ്രവീൺ പ്രഭാകറിന്റെ എഡിറ്റിംഗും ‘കൂടെ’ എന്ന ചിത്രത്തിന്റെ കാഴ്ച ഭംഗി കൂട്ടുന്നു. എം. രഞ്ജിത്താണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ആദ്യപകുതിയില്‍ ഒരല്പം ഇഴച്ചില്‍ അനുഭവപ്പെട്ടെങ്കിലും അതൊന്നും ഓര്‍മ്മിപ്പിക്കുക കൂടി ചെയ്യാത്ത തരത്തില്‍ രണ്ടാം പകുതി മനോഹരമാക്കാന്‍ അഞ്ജലിക്ക് സാധിച്ചു. ഹൃദയത്തോട്, ജീവിതത്തോട് ചേര്‍ത്തുനിര്‍ത്താന്‍ വീണ്ടും ഒരു അഞ്ജലി മേനോന് ചിത്രം. അതാണ് ‘കൂടെ’