നടന്നു ശീലിച്ച വഴികളില്‍ നിന്നും, ആസ്വാദന ശൈലികളില്‍ നിന്നും മാറി, തനിക്കു തോന്നും പടി സിനിമയെടുക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ‘അങ്കമാലി ഡയറീസ്’ വരെയുള്ള അഞ്ചു ചിത്രങ്ങള്‍ എടുത്തു നോക്കിയാലും ഓരോന്നും ഓരോ തരത്തിലായിരുന്നു. ഒരു ചിത്രം കണ്ട്, ഈ സംവിധായകന്‍റെ അടുത്ത ചിത്രം എങ്ങനെയായിരിക്കും എന്നു വിധിക്കാന്‍ കഴിയില്ല. കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഇന്ന് അദ്ദേഹത്തിന്‍റെ ആറാമത്തെ ചിത്രം ‘ഈ മ യൗ'(ഈശോ മറിയം ഔസേപ്പ്) തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്.
എന്നെങ്കിലും നടക്കുമെന്ന് ഉറപ്പുള്ളതും എന്നാല്‍ ഒരിക്കലും നടക്കാന്‍ ആഗ്രഹിക്കാത്തതുമായ ഒന്നാണ് മരണം. അത്തരമൊരു മരണവീട്ടിലേക്കാണ് സംവിധായകന്‍ കാഴ്ചക്കാരെ കൊണ്ടു പോകുന്നത്.
ഒരു സാധാരണക്കാരന്‍റെ അതിലേറെ സാധാരണമായ ഒരു മരണത്തെ ഉപയോഗിച്ച് സമൂഹത്തിന്‍റെ നാനാമേഖലകളിലേക്കാണ് ‘ഈ മ യൗ’ ക്യാമറ തിരിക്കുന്നത്.
കൊച്ചിയിലെ ചെല്ലാനം എന്ന പ്രദേശത്താണ് കഥ നടക്കുന്നത്. ഒരു ലാറ്റിൻ കത്തോലിക്കാ കുടുംബത്തിലേ മരണവീടിനെ ശെരിക്കും സ്ക്രീനിലേക്ക് പറിച്ചു നടുകയായിരുന്നു സംവിധായകൻ. ഈശിയുടെ (ചെമ്പന്‍ വിനോദ്) അപ്പച്ചന്‍ വാവച്ചന്‍ മേസ്തിരിയുടെ മരണത്തിലൂടെയും, മരണ വീടിന്‍റെ പരിസരങ്ങളിലൂടെയുമാണ് കഥ വികസിക്കുന്നത്. തന്‍റെ അപ്പന്‍റെ മരണം പോലെ രാജകീയമായ മരണം തനിക്കും വേണമെന്ന് വാവച്ചന്‍ മേസ്തിരി ഈശിയോട് പറയുന്നു. അപ്പന്‍റെ മരണാനന്തര ചടങ്ങുകള്‍ ഗംഭീരമാക്കും എന്ന് ഈശി വാക്കു കൊടുക്കുന്ന രാത്രി തന്നെ അപ്പന്‍ മരിക്കുന്നു.
അപ്പന് കൊടുത്ത വാക്കു പാലിക്കാനുള്ള ഈശിയുടെ ശ്രമങ്ങള്‍, മരണ വീട്ടിലെ രംഗങ്ങള്‍, അവിടെ വന്നു പോകുന്നവര്‍, നാട്ടുകാര്‍, ബന്ധുക്കള്‍, ചൊല്ലിവിളി എന്നിവയെ അങ്ങേയറ്റം റിയലിസ്റ്റിക്കായാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. മരണ വീട്ടിലെ പ്രാര്‍ത്ഥനയാണ് ‘ഈശോ മറിയം യൗസേപ്പ്’ എന്നത്.
അനിതരസാധാരണമായ ഒരു മരണത്തിലൂടെയാണ് സംവിധായകന്‍ ജീവിതത്തിലേക്ക് ക്യാമറ തിരിക്കുന്നത്. ബ്ലാക്ക് ഹ്യൂമറിന്‍റെ സാധ്യതയെ കൃത്യമായി ഉപയോഗിച്ച മറ്റൊരു മലയാള ചിത്രം സമീപകാലത്തുണ്ടായിട്ടില്ല . ഓരോ തവണ ചിരിച്ചു തീരുമ്പോഴും അവനവനെ തന്നെയാണ് നോക്കിച്ചിരിച്ചത് എന്ന് അടുത്ത നിമിഷം ചിത്രം ബോധ്യപ്പെടുത്തുന്നുണ്ട്.
ചെമ്പന്‍ വിനോദ്, പൗളി വത്സന്‍, വിനായകന്‍, ദിലീഷ് പോത്തന്‍, ആര്യ തുടങ്ങി ഒരു നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്. സംവിധായകന് വേണ്ടത് എന്താണെന്ന് അറിഞ്ഞു നല്‍കിയ അഭിനേതാക്കളാണോ, തനിക്കു വേണ്ടത് കൃത്യമായി ഊറ്റിയെടുക്കാന്‍ പ്രാപ്തിയുള്ള സംവിധായകനാണോ അഭിനന്ദനം അര്‍ഹിക്കുന്നത് എന്നു ചോദിച്ചാല്‍ ഇരുവിഭാഗവും എന്നായിരിക്കും ഉത്തരം. ഈ ചിത്രത്തിലെ ഓരോ കഥാപാത്രത്തേയും ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിട്ടുള്ളതായിരിക്കും. തന്‍റെ എഴുത്തിനോട് ഏറ്റവും സത്യസന്ധമായ ദൃശ്യാവിഷ്‌കാരം എന്നായിരുന്നു കഥാ/തിരക്കഥാകൃത്ത് പി.എഫ് മാത്യൂസ് ‘ഈ മ യൗ’വിനെ കുറിച്ച് ഒരിക്കല്‍ പറഞ്ഞത്.
വാവച്ചൻ മേസ്തിരിയുടെ ഭാര്യ പെണ്ണമ്മ എന്ന കഥാപാത്രമായി പൗളി വത്സന്‍ അതിശയിപ്പിച്ചു. ഈ ചിത്രത്തിലെ പ്രകടനത്തിനായിരുന്നു സംസ്ഥാന സർക്കാരിന്‍റെ മികച്ച സഹനടിക്കുള്ള പുരസ്‌കാരം അവരെ തേടിയെത്തിയത്.
വായിക്കാം:ഈ അവാര്‍ഡ് അപ്രതീക്ഷിത സന്തോഷം: പൗളി വത്സന്‍
ഷൈജു ഖാലിദിന്‍റെ ക്യാമറയാണ് ‘ഈ മ യൗ’വിന്‍റെ ജീവന്‍. ജീവിതം എന്നത് ‘ക്ലോസപ്പില്‍ ട്രാജഡിയും ലോങ് ഷോട്ടില്‍ കോമഡി’യുമാണെന്നു പറഞ്ഞ ചാര്‍ളി ചാപ്ലിന്‍റെ വാക്കുകളെ ഓര്‍മ്മിക്കും വിധമാണ് ചിത്രത്തിന്‍റെ ഓരോ ഷോട്ടും. ലോങ് ഷോട്ടുകളില്‍ നിന്നും മിഡ് ഷോട്ടുകളിലേക്കും, പിന്നീട് കോസപ്പ് ഷോട്ടുകളിലേക്കുമാണ് ഷൈജു ഖാലിദ് തന്‍റെ ക്യാമറയെ തിരിക്കുന്നത്. ഓരോ ഫ്രെയ്മിലും കഥാപാത്രങ്ങളുടെ ഉള്ളും ഉള്ളുകള്ളികളും അയാള്‍ പകര്‍ത്തിയിട്ടുണ്ട്.
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രങ്ങളുടെ സ്ഥിരം സംഗീത സംവിധായകനായ പ്രശാന്ത് പിള്ള തന്നെയാണ് ‘ഈ മ യൗ’വിനും പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ഒട്ടും ബഹളമയമല്ലാത്ത, നിശബ്ദത പോലും സംഗീതമാകുന്ന അനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്.
മലയാളത്തിൽ ഒരു ഓഫ് ബീറ്റ് സിനിമക്ക് തിയേറ്ററിൽ ഇത്രയേറെ തിരക്കും കയ്യടിയും പ്രതീക്ഷിച്ചിരുന്നില്ല. ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകനോട് മലയാളി പ്രേക്ഷകരുടെ വിശ്വാസമായിരുന്നു നിറഞ്ഞു കണ്ട ഓരോ സീറ്റും.
തുടക്കം മുതല്‍ ഒരു മരണത്തിനായുള്ള കാത്തിരിപ്പ്. ആരോ മരിക്കാന്‍ പോകുകയാണ് എന്നെല്ലാവര്‍ക്കും അറിയാം. ആരാണ് മരിക്കുന്നത്, എപ്പോള്‍ മരിക്കും എന്ന അക്ഷമ നിറഞ്ഞ കാത്തിരിപ്പാണ് ചിത്രം തുടക്കത്തില്‍ സമ്മാനിക്കുന്നത്. മരണത്തിന്‍റെ തണുപ്പിനെ, മരണത്തോളം ആത്മാര്‍ത്ഥമായി തൊട്ടറിയാം ഈ ചിത്രത്തില്‍. ‘ഈ മ യൗ’ വായിച്ചറിയേണ്ടതല്ല, ബിഗ് സ്‌ക്രീനില്‍ അനുഭവിച്ചറിയേണ്ട ചിത്രമാണ്.