scorecardresearch
Latest News

ലോഹിയുടെ ഓർമകളിൽ സിനിമാലോകം, നിലപാടിലുറച്ച് നീരജ്: ഇന്നത്തെ സിനിമ വാർത്തകൾ

തന്റെ അനുഭവത്തിന്‍റെ അടിസ്ഥാനത്തിലാണ് മലയാളസിനിമയിൽ ഗൂഢസംഘമുണ്ടെന്ന് പറഞ്ഞതെന്ന് നീരജ് മാധവ് വ്യക്തമാക്കി

ലോഹിയുടെ ഓർമകളിൽ സിനിമാലോകം, നിലപാടിലുറച്ച് നീരജ്: ഇന്നത്തെ സിനിമ വാർത്തകൾ

തിരക്കഥാകൃത്തായും സംവിധായകനായുമായ ലോഹിതദാസിന്റെ ചരമവാർഷികമാണ്​ ഇന്ന്. തനിയാവർത്തനത്തിലെ ബാലൻമാഷ്, കിരീടത്തിലെ സേതുമാധവൻ, ദശരഥത്തിലെ രാജീവ് മേനോൻ, ഭരതത്തിലെ ഗോപിനാഥൻ, അമരത്തിലെ അച്ചൂട്ടി, ഭൂതക്കണ്ണാടിയിലെ വിദ്യാധരൻ… മലയാളി ഒരിക്കലും മറക്കാത്ത നിരവധിയേറെ കഥാപാത്രങ്ങളെ സമ്മാനിച്ച ലോഹിതദാസിനെ ഓർക്കുകയാണ് സിനിമാപ്രേമികൾ. 2009 ജൂൺ 28 നാണ് ലോഹിയെന്ന അനശ്വര കലാകാരന്റെ അപ്രതീക്ഷിത വിയോഗത്തിനു കേരളം സാക്ഷിയായത്. ഹൃദയാഘാതം മൂലമായിരുന്നു അദ്ദേഹത്തിന്റെ മരണം.

24 വർഷത്തെ സിനിമ കരിയറിൽ 35 ഓളം സിനിമകൾക്കാണ് അദ്ദേഹം തിരക്കഥ രചിച്ചത്. 1997 ഭൂതക്കണ്ണാടി എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധാന രംഗത്തേക്കും ലോഹിതദാസ് പ്രവേശിച്ചു. നിവേദ്യമായിരുന്നു ലോഹിതദാസിന്റെ അവസാന സിനിമ. 1998 ൽ മികച്ച പുതുമുഖ സംവിധായകനുള്ള (ഭൂതക്കണ്ണാടി) ഇന്ദിരഗാന്ധി അവാർഡ് ലഭിച്ചു. ലോഹിതദാസിന്റെ സിനിമകൾക്ക് ആറ് തവണയാണ് സംസ്ഥാന അവാർഡ് ലഭിച്ചത്.

ബന്ധങ്ങളുടെ ആഴവും സങ്കീർണതകളും നിസഹായതയുമൊക്കെയായിരുന്നു ലോഹിയുടെ സിനിമകളുടെ പ്രമേയങ്ങൾ. എന്നാൽ ആ സിനിമകളിലൊക്കെ ആരും കാണാതെ പോയ പ്രണയത്തെ കുറിച്ചും പ്രണയിതാക്കളെ കുറിച്ചും ലോഹിതദാസിന്റെ ഇളയമകൻ വിജയശങ്കർ പങ്കുവച്ചകുറിപ്പ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുകയാണ്. ലോഹിതദാസിന്റെ മരണത്തിന്റെ തൊട്ടുമുൻപുള്ള നിമിഷങ്ങളെ കുറിച്ചും, അമ്മയുടെ കൈയെടുത്ത് നെഞ്ചിൽ വച്ച് ‘സിന്ധു’ എന്നു വിളിച്ചുകൊണ്ട് അച്ഛൻ കണ്ണടച്ചതുമെല്ലാം ഹൃദയത്തിന്റെ ഭാഷയിലാണ് വിജയശങ്കർ കുറിയ്ക്കുന്നത്.

Read more: അത്രയും പ്രണയാർദ്രമായിരുന്നു അച്ഛന്റെ മരണം പോലും; അവസാന നിമിഷങ്ങളോർത്ത് മകൻ

നടി മഞ്ജുവാര്യരും തന്റെ പ്രിയപ്പെട്ട സംവിധായകന് ഓർമപൂക്കൾ അർപ്പിക്കുകയാണ്. കന്മദത്തിന്റെ ചിത്രീകരണത്തിനടിയിൽ പകർത്തിയ ഒരു ചിത്രമാണ് മഞ്ജു പങ്കുവയ്ക്കുന്നത്. മഞ്ജു വാര്യരുടെ കരിയറിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ‘കന്മദ’ത്തിലെ ഭാനുമതി.

manju warrier

സകുടുംബം സുരേഷ് ഗോപി; ചിത്രം പങ്കുവച്ച് ഗോകുൽ

ഏറെ നാളുകൾക്ക് ശേഷം സുരേഷ് ഗോപിയുടെ ഒരു കുടുംബചിത്രം പങ്കുവയ്ക്കുകയാണ് മകനും നടനുമായ ഗോകുൽ സുരേഷ്. ജൂൺ 26നായിരുന്നു സുരേഷ് ഗോപിയുടെ അറുപത്തിയൊന്നാം ജന്മദിനാഘോഷം. ലോകമെമ്പാടുമുള്ള ആരാധകരും സിനിമാലോകവുമെല്ലാം താരത്തിന് ആശംസകളുമായി എത്തിയിരുന്നു. സുരേഷ് ഗോപിയുടെ ജന്മദിനാഘോഷത്തിൽ നിന്നുള്ള ഒരു കുടുംബചിത്രമാണ് ഇപ്പോൾ ഗോകുൽ പങ്കുവച്ചിരിക്കുന്നത്.

 

View this post on Instagram

 

Courtesy: @sreenath.ts_cinematographer

A post shared by Gokul Suresh (@actorgokulsuresh) on

കുട്ടിക്കാലം മിസ് ചെയ്യുന്നു, അദ്ദേഹത്തെയും; മുത്തച്ഛന്റെ ഓർമകളിൽ പൂർണിമ

കൗമാരക്കാലത്തെ ഒരോർമ പങ്കുവയ്ക്കുകയാണ് നടിയും അവതാരകയും ഫാഷൻ ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്ത്. തന്റെ മുത്തച്ഛന് ഒപ്പമിരിക്കുന്ന ഒരു ചിത്രവും കുറിപ്പുമാണ് താരം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്.

“താത്ത (മുത്തശ്ശൻ), എന്റെ ഏറ്റവും പ്രിയപ്പെട്ട ആൾക്കൊപ്പം നിൽക്കുന്നത് പതിമൂന്നു വയസുകാരിയായ ഞാനാണ്. 26 വർഷമായി അദ്ദേഹം ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട്, എന്നെന്നും ഓർക്കാനുള്ള ഓർമകൾ… വളരെ വികൃതിയായ കുട്ടിയായിരുന്നു ഞാൻ, അദ്ദേഹമായിരുന്നു എന്റെ വികൃതികൾക്ക് കൂട്ട്. എന്റെ കുട്ടിക്കാലമെനിക്ക് മിസ് ചെയ്യുന്നു, അദ്ദേഹത്തെ മിസ് ചെയ്യുന്നു,” പൂർണിമ കുറിക്കുന്നതിങ്ങനെ. മുത്തച്ഛന്റെ 26-ാം ചരമവാർഷികദിനത്തിലാണ് പൂർണിമയുടെ ഈ ഹൃദയ സ്പർശിയായ കുറിപ്പ്.

poornima indrajith

ഫഹദ് സംസാരിക്കുമ്പോൾ ഒന്നും മനസ്സിലാവാതെ ഞങ്ങൾ; രസകരമായ ചിത്രം പങ്കുവച്ച് നസ്രിയ

മലയാളികളുടെ പ്രിയ താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും ആസ്വദിക്കുന്ന രണ്ടു പേർ. തങ്ങളുടെ സന്തോഷ നിമിഷങ്ങൾ ഇവർ ആരാധകരുമായും പങ്കിടാറുണ്ട്. പ്രിയപ്പെട്ട വളർത്തുനായ ഒറിയോയ്ക്ക് ഒപ്പമുള്ള ഒരു ചിത്രമാണ് നസ്രിയ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ഫഹദ് സീരിയസായി സംസാരിക്കുമ്പോൾ ഒന്നും മനസ്സിലാവാതെ ഞങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് നസ്രിയ ചിത്രം പങ്കുവച്ചിരിക്കുന്നത്.

nazriya

സിനിമയിൽ ഗൂഢ സംഘമുണ്ട്, പറഞ്ഞത് എന്റെ അനുഭവം: നിലപാടിലുറച്ച് നീരജ്

കൊച്ചി: മലയാള സിനിമയിൽ ​ഗൂഢസംഘമുണ്ടെന്ന നടൻ നീരജ് മാധവിന്റെ ഫേസ്ബുക്ക് കുറിപ്പ് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. മലയാള സിനിമയിലെ പല സെറ്റുകളിലും വേർതിരിവുകൾ നിലനിൽക്കുന്നുണ്ടെന്നും വളർന്നുവരുന്ന താരത്തെ എങ്ങനെ മുളയിലേ നുള്ളാം എന്ന് കൂടിയാലോചിക്കുന്ന ഒരു സംഘം മലയാള സിനിമയിലുണ്ടെന്നും നീരജ് മാധവ് ആരോപിച്ചിരുന്നു. ഇങ്ങനെയൊരു സംഘം മലയാള സിനിമയിലുണ്ടെങ്കിൽ നീരജ് മാധവ് അത് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഫെഫ്‌ക രംഗത്ത് വന്നിരുന്നു.

പരാമർശത്തിൽ ഉറച്ചു നിൽക്കുകയാണ് നീരജ് മാധവ്. ഇതുമായി ബന്ധപ്പെട്ട് നീരജ് താരസംഘടനയായ അമ്മയ്ക്ക് വിശദീകരണം നൽകി. ഗൂഢസംഘമുണ്ടെന്ന് പറഞ്ഞത് തന്റെ അനുഭവത്തിന്‍റെ അടിസ്ഥാനത്തിലാണെന്നാണ് നീരജ് വിശദീകരിക്കണ കുറിപ്പിൽ പറയുന്നത്. എന്നാൽ വിശദീകരണക്കുറിപ്പിൽ നീരജ് ആരുടെയും പേരെടുത്ത് പരാമർശിച്ചിട്ടില്ല. നീരജിന്റെ വിശദീകരണം അമ്മ ഫെഫ്കക്ക് കൈമാറി.

Read more: സിനിമയിൽ ഗൂഢ സംഘമുണ്ട്, പറഞ്ഞത് എന്റെ അനുഭവം: നിലപാടിലുറച്ച് നീരജ്

‘തല’യുടെ തലയിൽ വിരിഞ്ഞ ആശയത്തിന് സർക്കാരിന്റെ കയ്യടി

കോവിഡ് 19നെതിരെയുള്ള പോരാട്ടങ്ങൾക്ക് സഹായകമായിരിക്കുകയാണ് നടൻ അജിത്തും ടീമും വികസിപ്പെടുത്ത അത്യാധുനിക ഡ്രോൺ ടെക്നോളജി. വലിയ പ്രദേശങ്ങൾ അണുവിമുക്തമാക്കാൻ സഹായിക്കുകയാണ് ഈ ഡ്രോൺ ടെക്നോളജി ഇപ്പോൾ. തലയുടെ തലയിൽ വിരിഞ്ഞ ഐഡിയയ്ക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് കർണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായൺ. ട്വിറ്ററിലൂടെയാണ് അദ്ദേഹം തല അജിത്തിനെ അഭിനന്ദിച്ചിരിക്കുന്നത്.

2018ൽ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അജിത്തിനെ സിസ്റ്റം അഡ്‌വൈസറും ഹെലികോപ്റ്റർ ടെസ്റ്റ് പൈലറ്റുമായി നിയമിച്ചിരുന്നു. പുത്തൻ സാങ്കേതികതയിൽ ഉള്ള ഒരു യുഎവി(unarmed aerial vehicle) ഡ്രോൺ നിർമ്മിക്കാൻ അജിത്ത് ഒരു കൂട്ടം വിദ്യാർത്ഥികളെ പരിശീലിപ്പിച്ചിരുന്നു. ദക്ഷ എന്നു പേരിട്ട അജിത്തിന്റെയും ടീമിന്റെയും ഡ്രോൺ ആറുമണിക്കൂറിലേറെ സമയം നിർത്താതെ പറന്ന് മെഡിക്കൽ എക്സ്പ്രസ് 2018 യുഎവി ചലഞ്ചിൽ വിജയിക്കുകയും ചെയ്തിരുന്നു.

കോറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ദക്ഷിണേന്ത്യയിൽ പലയിടത്തും വലിയ പ്രദേശങ്ങളിൽ അണുനാശിനി തളിക്കാൻ ദക്ഷ ഡ്രോൺ ഉപയോഗിച്ചു. അണുനാശിനികൾ തളിക്കാൻ സഹായിക്കുന്ന ഈ സ്മാർട്ട് ഡ്രോൺ നിർമ്മിച്ച അജിത്തിനെയും സംഘത്തെയും അഭിനന്ദിക്കുകയാണ് കർണാടക ഉപമുഖ്യമന്ത്രി സിഎൻ അശ്വത് നാരായൺ.

Read more: കോവിഡ് പോരാട്ടം: ‘തല’യുടെ തലയിൽ വിരിഞ്ഞ ആശയത്തിന് സർക്കാരിന്റെ കയ്യടി

വിവാഹത്തിനു പുറകെ വനിതയുടെ ഭർത്താവ് പീറ്ററിനെതിരേ പരാതി നൽകി മുൻഭാര്യ

നടിയും ബിഗ് ബോസ് താരവുമായ വനിത വിജയകുമാറും തമിഴ്, ഹിന്ദി, ഹോളിവുഡ് സിനിമകളിലെ വിഷ്വൽ ഇഫക്ട് എഡിറ്ററായ പീറ്റർ പോളും തമ്മിലള്ള വിവാഹം നടന്നത് ഇന്നലെയാണ്. ചെന്നൈയിൽവച്ച് ക്രിസ്ത്യൻ മതാചാര പ്രകാരമായിരുന്നു ചടങ്ങുകൾ. ഇപ്പോഴിതാ, പീറ്റർ പോളിനെതിരെ പരാതിയുമായി മുൻ ഭാര്യ എലിസബത്ത് ഹെലൻ രംഗത്ത് എത്തിയിരിക്കുകയാണ്. താനുമായി വിവാഹമോചനം നേടാതെയാണ് വനിതയെ വിവാഹം കഴിച്ചതെന്നാണ് എലിസബത്തിന്റെ ആരോപണം.

Vanitha Vijayakumar, വനിത വിജയകുമാർ വിവാഹിതയായി, Vanitha Vijayakumar marriage, Vanitha Vijayakumar family, Vanitha Vijayakumar bigg boss, വനിത വിജയകുമാർ, Vanitha Vijayakumar children, Indian express malayalam, IE malayalam, ഐഇ മലയാളം

വനിതയുടെ മൂന്നാമത്തെ വിവാഹമാണ് ഇത്. 2000 ത്തിൽ ആകാശുമായിട്ടായിരുന്നു ആദ്യ വിവാഹം. 2007 ൽ ഇരുവരും വേർപിരിഞ്ഞു. അതേവർഷം ആനന്ദ് ജയ് രാജന്‍ എന്ന ബിസിനസ്സുകാരനെ വിവാഹം ചെയ്തുവെങ്കിലും 2012ല്‍ ഇരുവരും വേര്‍പിരിഞ്ഞു. വിജയ് ശ്രീഹരി, ജോവിത, ജയ്‌നിത എന്നിവരാണ് വനിതയുടെ മക്കൾ.

അനൂപ് മേനോന്റെ ‘കിങ് ഫിഷർ’; ട്രെയിലർ

നടനും തിരക്കഥാകൃത്തുമൊക്കെയായ അനൂപ് മേനോൻ ആദ്യമായി സംവിധാനരംഗത്തേക്ക് കടന്ന ചിത്രമാണ് ‘കിങ് ഫിഷ്’. ഇപ്പോൾ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ്.

വളരെ ആകസ്മികമായാണ് ഈ ദൗത്യം ഏറ്റെടുക്കേണ്ടി വന്നതെന്നാണ് ഇതിനെ കുറിച്ച് അനൂപ് മേനോൻ പറഞ്ഞത്. മുൻപ് ‘കിങ് ഫിഷ്’ വി.കെ. പ്രകാശ് സംവിധാനം ചെയ്യുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ മറ്റൊരു സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് വികെ പ്രകാശ് തിരക്കായതോടെ സംവിധായകന്റെ വേഷം അനൂപ് മേനോൻ ഏറ്റെടുക്കുകയായിരുന്നു. സംവിധായകൻ രഞ്ജിത്തും ഒരു പ്രധാന റോളിൽ ചിത്രത്തിലുണ്ട്. ദശരഥ വർമ എന്ന കഥാപാത്രത്തെ രഞ്ജിത്തും നെയ്മീൻ ഭാസി എന്നു വിളിപ്പേരുള്ള ഭാസ്കര വർമയെന്ന കഥാപാത്രത്തെ അനൂപ് മേനോനും അവതരിപ്പിക്കുന്നു.

മഹാദേവൻ തമ്പി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൽ ദുർഗ കൃഷ്ണയാണ് നായിക. സംഗീതം രതീഷ് വേഗയും കലാസംവിധാനം ദുന്ദുവും നിർവ്വഹിക്കും. ധനേഷ് ആനന്ദ്, ലാൽ ജോസ്, ഇർഷാദ്, നിരഞ്ജ അനൂപ്, നിസ്സ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. റാന്നി, കുട്ടിക്കാനം, എറണാകുളം , ബെഗളൂരു, ദുബായ് എന്നിവിടങ്ങളായിരുന്നു സിനിമ ചിത്രീകരിച്ചത്.

എസ് ജാനകിയുടെ ആരോഗ്യ നില: വാർത്തകൾ തെറ്റെന്ന് കുടുംബം

ഗായിക എസ് ജാനകിയുടെ ആരോഗ്യ നിലയെക്കുറിച്ച് പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ വിശദീകരണവുമായി കുടുംബാംഗങ്ങൾ. ശസ്ത്രക്രിയ പൂർത്തിയായ ഗായിക സുഖം പ്രാപിച്ച് വരുന്നതായും മറിച്ച് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും എസ് ജാനകിയുടെ കുടുംബാംഗങ്ങൾ അറിയിച്ചു.

എസ് ജാനകി ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നെന്നും ഇപ്പോൾ സുഖം പ്രാപിച്ചു വന്നുകൊണ്ടിരിക്കുകയാണെന്നും മകൻ മുരളി കൃഷ്ണ അറിയിച്ചു. ഇപ്പോൾ ആരോഗ്യനില ഏറെ മെച്ചപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി. എസ് ജാനകി അന്തരിച്ചുവെന്ന തരത്തിൽ വ്യാജവാർത്തകൾ പ്രചരിച്ച സാഹചര്യത്തിലാണ് കുടുംബം സ്ഥിരീകരണവുമായി രംഗത്തെത്തിയത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Film malayalam cinema entertainment news roundup june 28