മലയാളത്തിന്റെ ആക്ഷൻ കിങ് സുരേഷ് ഗോപിയുടെ 61-ാം ജന്മദിനമാഘോഷിക്കുകയാണ് സിനിമാലോകവും പ്രേക്ഷകരും. മമ്മൂട്ടി, മോഹൻലാൽ, ജയറാം, സലിം കുമാർ, ബിജുമേനോൻ, ദുൽഖർ സൽമാൻ എന്നു തുടങ്ങി നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്. ജന്മദിനത്തോട് അനുബന്ധിച്ച് സുരേഷ് ഗോപിയുടെ 250-ാം സിനിമയുടെ മോഷൻ പോസ്റ്ററും ടീസറും റിലീസ് ചെയ്തു.സുരേഷ് ഗോപിയെ നായകനാക്കി നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്‌ത ‘കാവൽ’ എന്ന സിനിമയുടെ പോസ്റ്ററാണ് ഇന്ന് റിലീസ് ചെയ്തത്. ഒരു തകർപ്പൻ മാസ് ചിത്രമായിരിക്കും ‘കാവൽ’ എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമിക്കുന്നത്. നവാഗതനായ മാത്യു തോമസാണ് സംവിധാനം.

അതേസമയം, പാവപ്പെട്ട കുട്ടികളെ സഹായിച്ചാണ് ഇത്തവണ സുരേഷ് ഗോപി തന്റെ ജന്മദിനം ആഘോഷിച്ചത്. ജന്മദിനത്തിൽ ഓണ്‍ലൈന്‍ പഠനം മുടങ്ങിയ അട്ടപ്പാടിയിലെ വിദ്യാര്‍ഥികള്‍ക്കായി സുരേഷ്‌ ഗോപിയുടെ വക 50 ഇഞ്ചിന്റെ 15 ടിവികള്‍ നൽകി. പുതൂര്‍ പഞ്ചായത്തിലെ മേലെ അബ്ബണ്ണൂരില്‍ നടന്ന ചടങ്ങില്‍ ബിജെപി ജില്ലാധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ് ആദ്യ ടിവി കൈമാറി. സുരേഷ് ഗോപി ഫാന്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വിനോദ് അധ്യക്ഷനായി. കമ്മ്യൂണിറ്റി സെന്ററുകൾ, അങ്കണവാടികള്‍ എന്നിവ കേന്ദ്രീകരിച്ചാണ് 15 ടിവികള്‍ നല്‍കുന്നത്. ഇന്നും നാളെയുമായി മുഴുവന്‍ ടിവികളും എത്തിക്കും.

ഞങ്ങളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്: ലിജോ ജോസ് പെല്ലിശ്ശേരി

പുതിയ ചിത്രങ്ങളുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടും സിനിമാ പ്രദർശനവുമായി ബന്ധപ്പെട്ടും മലയാളസിനിമയിൽ വിവാദങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. കൊറോണ വ്യാപനം മൂലം മലയാളത്തിൽ അറുപതോളം സിനിമകളുടെ ചിത്രീകരണം തടസ്സപ്പെട്ടിരുന്നു, മുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് പൂർത്തിയാക്കാതെ പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങരുതെന്നും അത്തരം ശ്രമങ്ങളുണ്ടായാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെതിരെ നടപടിയുണ്ടാകുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. അതിനിടെ ചില സംവിധായകർ പുതിയ ചിത്രങ്ങൾ പ്രഖ്യാപിച്ചത് പ്രശ്നങ്ങൾക്ക് കാരണമായിരുന്നു. സിനിമകൾ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുന്നതിനെതിരെ നിരവധി വിതരണക്കാരും തിയേറ്റർ ഉടമകളും രംഗത്തെത്തിയിരുന്നു. പുതിയ സിനിമകൾക്ക് പണം നൽകേണ്ടതില്ലെന്ന് നിർമാതാക്കളുടെ സംഘടനയും തീരുമാനമെടുത്തു. ഈ അവസരത്തിൽ തന്റെ നിലപാട് വ്യക്തമാക്കുകയാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി.

“എന്നെ സംബന്ധിച്ചിടത്തോളം സിനിമ, പണം സമ്പാദിക്കുന്ന യന്ത്രമല്ല, മറിച്ച് എന്റെ കാഴ്ചപ്പാട് പ്രകടിപ്പിക്കാനുള്ള ഒരു മാധ്യമമാണ്. അതിനാൽ ഇന്ന് മുതൽ ഞാൻ ഒരു സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകനാണ്. സിനിമയിൽ നിന്ന് ഞാൻ സ്വരൂപിക്കുന്ന പണം മുഴുവൻ മികച്ച സിനിമയ്ക്ക് ഇന്ധനമായി ഉപയോഗിക്കും. എന്റെ സിനിമ എനിക്ക് ശരിയെന്ന് തോന്നുന്നിടത്ത് ഞാൻ പ്രദർശിപ്പിക്കും, കാരണം അതിന്റെ സ്രഷ്ടാവ് ഞാനാണ്.”

“നമ്മൾ ഒരു മഹാമാരിയുടെ നടുവിലാണ്. ഒരു യുദ്ധമാണിത്. തൊഴിൽ രഹിതരായ ആളുകൾ. സ്വത്വ പ്രതിസന്ധി, ദാരിദ്ര്യം, മതപരമായ അശാന്തത. വീടുകളിലെത്താൻ ആളുകൾ ആയിരക്കണക്കിന് കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിക്കുന്നു. കലാപ്രവർത്തകർ വിഷാദംമൂലം മരിക്കുന്നു. അതിനാൽ… ജീവിച്ചിരിക്കുന്നതായി തോന്നാൻ, ആളുകളെ പ്രചോദിപ്പിക്കുന്നതിനായി മികച്ച കല സൃഷ്ടിക്കുന്നതിനുള്ള സമയമാണിത്. ജീവനോടെയിരിക്കാൻ അവർക്ക് ഏതെങ്കിലും രൂപത്തിൽ പ്രതീക്ഷ നൽകുന്നതിന്.”

“ജോലി ചെയ്യുന്നത് നിർത്താൻ ഞങ്ങളോട് ആവശ്യപ്പെടരുത്. സൃഷ്ടികൾ നിർത്താൻ ഞങ്ങളോട് ആവശ്യപ്പെടരുത്. ഞങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യരുത്. ഞങ്ങളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്. ഞങ്ങൾ‌ കലഹിക്കും, കാരണം ഞങ്ങൾ‌ കലാപ്രവർത്തകരാണ്,” ലിജോ കുറിച്ചു. കൂടെ, എന്റെ സിനിമയ്ക്കും എന്റെ ഭാഷയ്ക്കും ഗ്രാമറില്ലെന്ന് മറ്റൊരു പോസ്റ്റിലൂടെ ലിജോ വ്യക്തമാക്കി.

പ്രിയപ്പെട്ടവന് പിറന്നാൾ ആശംസകളുമായി മലൈക

ബോയ്‌ഫ്രണ്ട് അർജുൻ കപൂറിന് ജന്മദിനാശംസകൾ നേർന്ന് ബോളിവുഡ് താരം മലൈക അറോറ. “ഹാപ്പി ബർത്ത്‌ഡേ സൺഷൈൻ,” എന്നാണ് അർജുന്റെ ചിത്രം പങ്കുവച്ച് കൊണ്ട് മലൈക കുറിക്കുന്നത്. നടന്റെ 35-ാം ജന്മദിനമാണ് ഇന്ന്. മലൈകയെ കൂടാതെ ആരാധകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളുമെല്ലാം താരത്തിന് ആശംസകളുമായി എത്തിയിട്ടുണ്ട്.

Malaika Arora, Arjun Kapoor, Malaika Arora photos, Arjun Kapoor birthday, Malaika Arora Arjun Kapoor

മലൈകയും അർജുനും പ്രണയത്തിലാണെന്ന വാർത്തകൾ പരക്കുന്നതിനിടയിൽ കഴിഞ്ഞ ജൂൺ 26നാണ് ഇരുവരും തങ്ങളുടെ പ്രണയം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നാൽപ്പത്തിയാറുകാരിയായ മലൈകയും മുപ്പത്തിയഞ്ചുകാരൻ അർജുനും തമ്മിലുള്ള പ്രണയം ബോളിവുഡിൽ ഏറെ കോളിളക്കം ഉണ്ടാക്കിയിരുന്നു. സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാന്റെ ഭാര്യയായിരുന്ന മലൈക 2017ലാണ് വിവാഹമോചനം നേടുന്നത്.

കീർത്തിയെ അഭിനന്ദിച്ച് റാണാ ദഗ്ഗുബാട്ടി

കീർത്തി സുരേഷ് കേന്ദ്രകഥാപാത്രമായെത്തിയ ‘പെൻഗ്വിൻ’ അടുത്തിടെ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ചിത്രത്തെയും കീർത്തിയുടെ പ്രകടനത്തെയും അഭിനന്ദിച്ച് രംഗത്തുവന്നിരിക്കുകയാണ് തെലുങ്ക് നടൻ റാണാ ദഗ്ഗുബാട്ടി ഇപ്പോൾ.

“അത്ഭുതപ്പെടുത്തുന്ന ഈ ചിത്രം വാരാന്ത്യത്തിൽ കാണാനിടയായി. മുഴുവൻ ടീമംഗങ്ങൾക്കും അഭിനന്ദനങ്ങൾ. കീർത്തി കഥാപാത്രത്തെ ഉൾകൊണ്ട് ജീവിച്ചിരിക്കുന്നു, തന്നേക്കാൾ പ്രായക്കൂടുതലുള്ള കഥാപാത്രമായിട്ടു കൂടി. ഒരു മികച്ച പെർഫോമർ എന്ന രീതിയിൽ വീണ്ടും അവൾ തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്,” റാണ കുറിച്ചതിങ്ങനെ.

ചിരുവിന്റെ ശബ്ദമാകാൻ സഹോദരൻ ധ്രുവ; ചിരഞ്ജീവിക്ക് വേണ്ടി ഡബ്ബ് ചെയ്യും

ഹൃദയാഘാതത്തെ തുടർന്ന് ജൂൺ നാണ് കന്നഡ നടൻ ചിരഞ്ജീവി സർജ അന്തരിച്ചത്. നാലോളം സിനിമകളുടെ നിർമാണം പുരോഗമിക്കുന്നതിനിടയിലാണ് ചിരഞ്ജീവിയുടെ അപ്രതീക്ഷിതമായ മരണം.

ചിരഞ്ജീവിയുടെ വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നായ ‘രാജമാർത്താണ്ഡ’യുടെ ഡബ്ബിങ് മാത്രമാണ് അവശേഷിക്കുന്നത്. ചിത്രത്തിൽ ചിരഞ്ജീവിയ്ക്ക് വേണ്ടി സഹോദരൻ ധ്രുവ് ശബ്ദം നൽകുമെന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്. പഴയ കന്നഡ ശൈലിയിൽ ദൈർഘ്യമേറിയ ഡയലോഗുകൾ ഉള്ളതിനാൽ ചിരഞ്ജീവി സർജ ചിത്രത്തിനായി ഡബ്ബ് ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെന്നും അതാണ് ധ്രുവ ഈ വെല്ലുവിളി ഏറ്റെടുക്കാനുള്ള കാരണമെന്നും റിപ്പോർട്ടുകൾ പറയുന്നു.

നിങ്ങൾ ഇന്നുകാണുന്ന സലിം കുമാറാകാൻ എന്നെ സഹായിച്ചത് സുരേഷേട്ടൻ

ഇന്ന് കാണുന്ന തിരക്കുള്ള നടനിലേക്ക് താൻ വളരാൻ സുരേഷ് ഗോപി വഹിച്ച പങ്ക് വളരെ വലുതാണെന്ന് പറയുകയാണ് സലിം കുമാർ.

കാവാലം ഓർമ്മയായിട്ട് ഇന്നേക്ക് നാലു വർഷം

നാടകാചാര്യൻ കാവാലം നാരായണപ്പണിക്കർ ഓർമയായിട്ട് ഇന്നേക്ക് നാലുവർഷം. നാടകകൃത്ത്, സംവിധായകൻ, കവി എന്നിങ്ങനെ നിരവധി നിലകളിൽ കഴിവു തെളിയിച്ച പ്രതിഭയായിരുന്നു കാവാലം. മനോഹരമായ നിരവധി ചലച്ചിത്രഗാനങ്ങളും കാവാലം മലയാളസിനിമയ്ക്ക് സംഭാവന നൽകിയിട്ടുണ്ട്. നാൽപ്പതിൽ ഏറെ സിനിമകൾക്ക് കാവാലം ഗാനങ്ങൾ എഴുതി. കാവാലത്തിന്റെ ഓർമദിനത്തിൽ അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ചില ഗാനങ്ങളിലൂടെ ഒരു സഞ്ചാരം.

മഹിഷ്‌മതിയിലും ഇപ്പോൾ മാസ്‌ക് നിർബന്ധമെന്ന് രാജമൗലി

കോവിഡ് കാലത്ത് രാജ്യത്ത് എല്ലായിടത്തും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയപ്പോൾ, മഹിഷ്മതി സാമ്രാജ്യത്തിലും മാസ്ക് ധരിക്കാതെ പറ്റില്ലെന്നായി. ബാഹുബലിയുടേയും പൽവാൾ ദേവന്റേയും മാസ്ക് വച്ച രസകരമായ വീഡിയോ ആണ് സംവിധായകൻ എസ്.എസ്.രാജമൗലി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. എല്ലാവരും സുരക്ഷിതരായി ഇരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നുവെന്നും രാജമൗലി കൂട്ടിച്ചേർത്തു.

 

രവി വര്‍മ്മ ചിത്രത്തിന്റെ അണിയറക്കാഴ്ചകളുമായി നദിയ മൊയ്തു

ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് നടിയും സംവിധായികയുമായ സുഹാസിനി താന്‍ നേതൃത്വം നല്‍കുന്ന നാം ഫൌണ്ടേഷനു വേണ്ടി രവി വര്‍മ്മ ചിത്രങ്ങളെ പുനരാവിഷ്ക്കരിച്ചു കൊണ്ട് ഒരു കലണ്ടര്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടത്.  തെന്നിന്ത്യയിലെ വിഖ്യാത ഫോട്ടോഗ്രാഫറായ ജി വെങ്കട്ട് റാമുമായി ചേര്‍ന്നാണ് അവര്‍ കലണ്ടര്‍ ആവിഷക്കരിച്ചത്. രവി വര്‍മ്മ ചിത്രങ്ങളുടെ സമകാലിക പതിപ്പില്‍ തെന്നിന്ത്യൻ താരങ്ങളായ ശോഭന, ലിസി, നദിയ മൊയ്തു, സാമന്ത അക്കിനേനി, ശ്രുതി ഹാസൻ, രമ്യ കൃഷ്ണൻ, ഖുശ്ബു, ലക്ഷ്മി മാഞ്ചു, ഐശ്വര്യ രാജേഷ് തുടങ്ങിയവരാണ് ഫീച്ചര്‍ ചെയ്യപ്പെട്ടത്.

 

ഇതില്‍ ‘Expectation’ എന്ന രവി വര്‍മ്മ ചിത്രത്തിന്റെ പുനരവതരണത്തില്‍ നായികയായി എത്തിയത് നാദിയ മൊയ്തുവാണ്. പഴയ കാല ക്ലാസ്സിക് പുനസൃഷ്ടിച്ചതിന്റെ അധ്വാനത്തിന്റെ കഥ പറഞ്ഞ്, അതില്‍ പ്രധാന പങ്കു വഹിച്ച അണിയറപ്രവര്‍ത്തകരെയും പരിചയപ്പെടുത്തുകയാണ് നാദിയ തന്റെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റില്‍.

 

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook