തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിക്ക് ചലച്ചിത്ര ലോകം വിട നൽകി. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അദ്ദേഹം അന്തരിച്ചത്. 48 വയസ്സായിരുന്നു. ഇന്ന് വൈകിട്ട് രവിപുരത്തെ സ്മശാനത്തിലായിരുന്നു സംസ്കാരച്ചടങ്ങുകൾ. സച്ചിയുടെ മൃതദേഹം ഇന്നു രാവിലെയാണ് കൊച്ചിയിലെത്തിച്ചത്. തമ്മനത്തെ വീട്ടിൽ പൊതുദർശനത്തിന് വച്ചു. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, സാദിഖ് തുടങ്ങി നിരവധി ചലച്ചിത്ര പ്രവർത്തകർ തമ്മനത്തെ വീട്ടിൽ എത്തിയിരുന്നു.

ഫൊട്ടോ : നിതിൻ ആർ.കെ.

സച്ചിയെ കുറിച്ച് വളരെ വൈകാരികമായാണ് സുരാജ് സംസാരിച്ചത്. സച്ചിയുടെ മൃതദേഹം കണ്ടശേഷം സുരാജ് വിങ്ങിപ്പൊട്ടി “സംസാരിക്കാനുള്ള മാനസികാവസ്ഥയിലല്ല. ഒരിക്കലും നഷ്‌ടപ്പെടരുതെന്ന് ആഗ്രഹിച്ച, ഒരുപാട് പ്രാർത്ഥിച്ച വലിയൊരു തിരക്കഥാകൃത്ത്, സംവിധായകൻ…അതിലുപരി പച്ചയായ മനുഷ്യൻ. മാത്രമല്ല, എനിക്ക് അദ്ദേഹം ഒരു ജ്യേഷ്‌ഠനായിരുന്നു. മലയാള സിനിമയ്‌ക്കെന്നല്ല, അദ്ദേഹത്തെ ഒരുതവണ പരിചയപ്പെട്ട ആർക്കും മറക്കാൻ പറ്റുന്നതല്ല…” വാക്കുകളിടറി സുരാജ് പറഞ്ഞു.

‘പോയി’ എന്ന ഒറ്റവാക്കിലായിരുന്നു മരണ വാർത്ത അറിഞ്ഞയുടൻ പൃഥ്വിരാജ് തന്റെ സങ്കടവും അനുശോചനവുമെല്ലാം ഒതുക്കിയത്.  സച്ചിയുടെ ആദ്യ ചിത്രമായ ‘ചോക്ക്ലേറ്റ്’ (സേതുവായി ചേര്‍ന്ന് എഴുതിയത്) മുതല്‍ അവസാന ചിത്രമായ ‘അയ്യപ്പനും കോശിയും’ വരെയുള്ള കാലത്തെ പ്രവര്‍ത്തനപരിചയവും സൗഹൃദവുമാണ് ഇരുവര്‍ക്കുമിടയില്‍.

sachy dead, sachy passes away, sachi, writer sachi, sachi films, sachi prithviraj, sachi critical, sachi sethu films, സച്ചി, സച്ചി സേതു, അയ്യപ്പനും കോശിയും

നട്ടെല്ലിനു നടത്തിയ ശസ്ത്രക്രിയയുടെ ഭാഗമായി നേരിട്ട ശാരീരികഅസ്വാസ്ഥ്യങ്ങള്‍ ഹൃദയസ്തംഭനത്തിലേക്ക് നയിച്ചതാണ് മരണകാരണം. കഴിഞ്ഞ രണ്ടു ദിവസങ്ങളായി വെന്‍റിലേറ്ററില്‍ ആയിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സച്ചിയെ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിച്ചത്. 16ന് പുലര്‍ച്ചെയാണ് ജൂബിലി മിഷന്‍ ആശുപത്രിയില്‍ സച്ചിയെ പ്രവേശിപ്പിച്ചത്.

മരണശേഷം സച്ചിയുടെ കണ്ണുകൾ ദാനം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. അദ്ദേഹത്തിന്റെ തലച്ചോര്‍ പ്രതികരിക്കുന്നില്ലെന്നും ഹൈപോക്സിക് ബ്രെയിന്‍ ഡാമേജ് (തലച്ചോറിലേക്ക് ഓക്സിജന്‍ എത്താത്ത അവസ്ഥ) സംഭവിച്ചിട്ടുണ്ടെന്നും ജൂബിലി മിഷന്‍ ആശുപത്രി 16ന് പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. വെന്റിലേറ്റര്‍ പിന്തുണയോടെ തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

കരച്ചിലടക്കാനാവാതെ നഞ്ചമ്മ

‘അയ്യപ്പനും കോശിയും’ ചിത്രത്തിലെ ‘കലക്കാത്താ സന്ദനമേരം’ എന്ന പാട്ടിലൂടെ മലയാളികൾക്ക് സുപരിചിതിയാണ് നഞ്ചമ്മ. സച്ചിയുടെ അപ്രതീക്ഷിത വിയോഗവാർത്തയറിഞ്ഞപ്പോൾ സങ്കടം സഹിക്കാനാവാതെ വിതുമ്പിക്കരയുകയാണ് നഞ്ചമ്മ. “എന്നെ നാട് മക്കള് തെരിയമാതിരി വെച്ച് സാറ്,” എന്ന് നെഞ്ചമ്മ പറയുന്നു.

മുൻപും പാട്ടുകൾ പാടുമെങ്കിലും ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിൽ പാടിയതോടെയാണ് നഞ്ചമ്മ പ്രശസ്തയാവുന്നത്. ‘കലക്കാത്താ സന്ദനമേരം’ എന്ന പാട്ട് തെന്നിന്ത്യ മുഴുവന്‍ ഏറ്റെടുത്തിരുന്നു. ഈ പാട്ടോടെ അട്ടപ്പാടി സ്വദേശിനിയായ നഞ്ചമ്മയും മലയാളികളുടെ ഹൃദയം കീഴടക്കി.

മരണത്തിനു തൊട്ടുമുൻപും യുവാവിനു സഹായഹസ്‌തം നീട്ടി സച്ചി

ഒരു കലാകാരൻ എന്നതിലുപരി നല്ലൊരു മനുഷ്യസ്‌നേഹി കൂടിയായിരുന്നു ഇന്നലെ അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി. മരണത്തിനു തൊട്ടുമുൻപും സച്ചിയുടെ ആ കരുതൽ കരങ്ങൾ മറ്റുള്ളവരിലേക്ക് നീണ്ടു. നട്ടെല്ലിനു ശസ്‌ത്രക്രിയ ചെയ്യുംമുൻപ് സച്ചി ഒരു യുവാവിനു സഹായഹസ്‌തം നീട്ടിയ സംഭവം അദ്ദേഹത്തിന്റെ മരണശേഷമാണ് പലരും അറിയുന്നത്. മറ്റൊരു യുവാവിന്റെ ശസ്‌ത്രക്രിയ ചെലവ് കൂടി സച്ചി വഹിക്കുകയായിരുന്നു. സച്ചിയുടെ ശസ്‌ത്രക്രിയ നടത്തിയ ഡോക്‌ടർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ശസ്‌ത്രക്രിയ ചെയ്യുന്നതിന്റെ തലേദിവസം വളാഞ്ചേരി ഭാഗത്തുനിന്ന് എത്തിയ ഒരു യുവാവിനാണ് സച്ചി സാമ്പത്തിക സഹായം നൽകാൻ സന്നദ്ധനായതെന്ന് ഡോക്‌ടർ പറയുന്നു. സച്ചിയുടെ അതേ ശസ്‌ത്രക്രിയ തന്നെയാണ് ആ യുവാവിനും വേണ്ടിയിരുന്നത്. എന്നാൽ, അവർക്ക് ചില സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഇതറിഞ്ഞ സച്ചി ആ യുവാവിന്റെ ചികിത്സ ചെലവ് കൂടി താൻ വഹിക്കാമെന്ന് ആശുപത്രിയിൽ അറിയിച്ചു. താൻ അറിയരുതെന്ന് പറഞ്ഞാണ് സച്ചി ഇക്കാര്യം ആശുപത്രിയിൽ അറിയിച്ചതെന്നും പിന്നീട് സഹപ്രവർത്തകർ പറഞ്ഞാണ് താൻ ഇക്കാര്യം അറിഞ്ഞതെന്നും ഡോക്‌ടർ സച്ചിയുടെ മരണശേഷം വെളിപ്പെടുത്തി. മരണശേഷം സച്ചിയുടെ കണ്ണുകൾ ദാനം ചെയ്‌തിരുന്നു.

ഒടുവിൽ നിങ്ങൾ യാത്രയായി; സച്ചിയോർമകളിൽ പൃഥ്വി

സച്ചിയുടെ വിയോഗത്തിന്റെ വേദന പങ്കുവച്ച് പൃഥ്വിരാജ്. 23 വർഷങ്ങൾക്കു മുൻപ് ഇതുപോലൊരു ജൂണിൽ അച്ഛൻ സുകുമാരന്റെ വിയോഗത്തിൽ മനംനൊന്ത് വിറങ്ങലിച്ചു നിന്ന അതേ വികാരമാണ് സച്ചിയുടെ ജീവനറ്റ ശരീരത്തിനു മുൻപിൽ നിൽക്കുമ്പോൾ തനിക്കു തോന്നുന്നതെന്ന് പൃഥ്വി പറയുന്നു. സച്ചിയുടെ സംസ്‌കാര ചടങ്ങുകൾക്കു പിന്നാലെയാണ് കരളലിയിക്കുന്ന ഫെയ്സ്ബുക്ക് കുറിപ്പുമായി പൃഥ്വിരാജ് രംഗത്തെത്തിയത്. താനും സച്ചിയും തമ്മിൽ എത്രത്തോളം ആത്മബന്ധമുണ്ടെന്ന് ഓരോ വരികളിലൂടെയും പൃഥ്വി വിവരിക്കുകയാണ്.

വെബ് സീരിസുമായി ഗൗതം മേനോൻ

പ്രശസ്ത സംവിധായകൻ ഗൗതം മേനോൻ പുതിയ വെബ് സീരീസ് സംവിധാനം ചെയ്യാനൊരുങ്ങുകയാണ്. ആമസോൺ പ്രൈമിനു വേണ്ടിയാണ് സീരീസ്. പിസി ശ്രീറാം ആണ് വെബ് സീരിസിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. പിസി ശ്രീറാം തന്നെയാണ് തന്റെ പുതിയ പ്രൊജക്റ്റിനെ കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.

“ലോക്ക്‌ഡൗൺ പൂർത്തിയായതിനു ശേഷമുള്ള എന്റെ അടുത്ത പ്രൊജക്റ്റ് ഗൗതം മേനോനു ഒപ്പമുള്ള വെബ് സീരീസ് ആയിരിക്കും. ആമസോൺ പ്രൈമിനു വേണ്ടിയുള്ളതാണ് ഇത്. കൊറോണ കാരണം വന്ന നീണ്ട ഇടവേളയ്ക്ക് ശേഷം ജോലി ആരംഭിക്കാൻ കാത്തിരിക്കുന്നു, “പി സി ശ്രീറാം ട്വിറ്ററിൽ കുറിച്ചു

സിനിമയുടെ ഷൂട്ടിങ്ങ് സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. തമിഴ്‌നാട്ടിൽ വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകളുടെ പശ്ചാത്തലത്തിൽ തമിഴ്‌നാട് സർക്കാർ ചെന്നൈ നഗരത്തിലും പരിസരപ്രദേശങ്ങളിലും 11 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ തമിഴകത്തെ സിനിമാ ചിത്രീകരണജോലികൾ എപ്പോൾ പുനരാരംഭിക്കുമെന്ന് വ്യക്തമല്ല. നിലവിൽ അയൽ സംസ്ഥാനങ്ങളായ കേരളം, കർണാടക, തെലുങ്കാന എന്നിവിടങ്ങളിലെല്ലാം നിയന്ത്രണങ്ങളോടെ സിനിമകളുടെയും ടെലിവിഷൻ ഷോകളുടെയും ചിത്രീകരണം പുനരാരംഭിച്ചിട്ടുണ്ട്.

രജനീകാന്തിന്റെ വീട്ടിലെ വ്യാജ ബോംബ്

ചില നാടകീയ രംഗങ്ങളാണ് ഇന്ന് രജനീകാന്തിന്റെ വീട്ടിൽ അരങ്ങേറിയത്. നടൻ രജനീകാന്തിന്റെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ട് എന്ന് പൊലീസ് കൺട്രോൾ റൂമിൽ ലഭിച്ചതായിരുന്നു അതിന്റെ തുടക്കം. ഉടനെ പൊലീസ് പോയസ് ഗാർഡനിലെ രജനികാന്തിന്റെ വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വ്യാജസന്ദേശം നൽകി പൊലീസിനെ കബളിപ്പിച്ച അജ്ഞാതനെതിരെ കേസ് എടുത്തിരിക്കുകയാണ് പൊലീസ്.

2018ലും രജനീകാന്തിന്റെ വീട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാതസന്ദേശമെത്തുകയും ആ സംഭവത്തിൽ പൊലീസ് ഒരു ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

സംഗീത ലോകം ഭരിക്കുന്നത് രണ്ടുപേർ: സോനു നിഗം

സുശാന്ത് സിങ് രാജ്പുതിന്റെ മരണതിത്തിനു ശേഷം ബോളിവുഡ് സിനിമാ ലോകത്ത് ഉയർന്ന വിവാദങ്ങൾ തുടരുകയാണ്. ബോളിവുഡിലെ സ്വജനപക്ഷപാതത്തിനെതിരേ ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ ബോളിവുഡിലെ ചില സംഗീത കമ്പനികൾക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായകൻ സോനു നിഗം.

അഭിനയ ലോകത്ത് മാത്രമല്ല, ബോളിവുഡില്‍ സംഗീത ലോകത്തും ശക്തമായ മാഫിയ ഉണ്ടെന്ന് സോനു നിഗം അദ്ദേഹം പറഞ്ഞു. നിരവധി ഗായകരുടെയും വലിയ ഗായകരാവണമെന്ന് ആഗ്രഹിക്കുന്നവരെയും ഗാനരചയിതാക്കളേയും സംഗീത സംവിധായകരേയും ഇവര്‍ ഇല്ലാതാക്കുകയാണെന്ന് സോനു തന്റെ വ്ളോഗിൽ പറഞ്ഞു. വലിയ ചര്‍ച്ചകള്‍ക്കാണ് സോനുവിന്റെ വെളിപ്പെടുത്തല്‍ തുടക്കം കുറിച്ചത്.

“ഇന്ന്, സുശാന്ത് സിങ് രാജ്പുത് എന്ന നടൻ മരിച്ചു. ഏതൊരു ഗായകനെ കുറിച്ചോ സംഗീതസംവിധായകനെ കുറിച്ചോ ഗാനരചയിതാവിനെ കുറിച്ചോ നാളെ നിങ്ങൾക്ക് ഇതു തന്നെ കേൾക്കാനാകും. കാരണം ഇന്ത്യയിലെ സംഗീത രംഗത്ത് ഒരു വലിയ മാഫിയ നിലവിലുണ്ട്. ചെറുപ്പത്തിൽത്തന്നെ അരങ്ങേറ്റം കുറിക്കാൻ സാധിച്ചതിൽ ഞാൻ ഭാഗ്യവാനായിരുന്നു. അതിനാൽ ഈ കുഴപ്പത്തിൽ നിന്ന് വളരെ നേരത്തെ തന്നെ രക്ഷപ്പെടാൻ എനിക്ക് കഴിഞ്ഞു. എന്നാൽ പുതിയ കുട്ടികൾക്ക് വളരെ ബുദ്ധിമുട്ടേറിയ സാഹചര്യമാണ് ഇവിടെ,” സോനു പറഞ്ഞു.

രണ്ട് സംഗീത കമ്പനികൾ ഇന്ത്യയിലെ സംഗീത രംഗത്തെ എങ്ങനെ നിയന്ത്രിക്കുന്നുവെന്ന് കൂടുതൽ വെളിപ്പെടുത്തിക്കൊണ്ട് സോനു പറഞ്ഞു, “നിർമ്മാതാക്കൾ, സംവിധായകർ, സംഗീതസംവിധായകർ എന്നിവർ പുതിയ പ്രതിഭകളുമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു, പക്ഷേ അവർക്ക് ഒരു സംഗീത കമ്പനിയുമായി സഖ്യമുണ്ടാകാത്തതിനാൽ, ചെയ്യാനാകുന്നില്ല. മുഴുവൻ സ്വാധീനവും രണ്ട് കമ്പനികളിലും രണ്ട് ആളുകളിലും മാത്രമാണ്. ആര് പാടണം ആര് പാടേണ്ട എന്ന് അവർ തീരുമാനിക്കുന്നു.” പുതുമുഖങ്ങളോട് അനുകമ്പ കാണിക്കണമെന്നും അവരെ പീഡിപ്പിക്കരുതെന്നും സംഗീത കമ്പനികളോട് സോനു നിഗം അഭ്യർത്ഥിച്ചു.

14 വർഷങ്ങൾക്കു മുൻപ്

14 വർഷങ്ങൾക്കു മുൻപ് ഐശ്വര്യറായിയ്ക്ക് ഒപ്പം ഒരു സ്റ്റേജിൽ പെർഫോം ചെയ്യുന്ന സുശാന്ത് സിങ് രജ്‌പുത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ​ ശ്രദ്ധ നേടുന്നത്. ഐശ്വര്യയുടെ ഡാൻസിന്റെ പശ്ചാത്തലത്തിൽ നൃത്തം വെയ്ക്കുന്ന ഡാൻസേഴ്സിൽ ഒരാളാണ് സുശാന്ത്.

ടെലിവിഷൻ താരവും സിനിമാനടനുമൊക്കെയാവും മുൻപ് ഷിയാമാക് ദാവറിന്റെ ഡാൻസ് ട്രൂപ്പിൽ സുശാന്ത് പ്രവർത്തിച്ചിരുന്നു. ഓസ്‌ട്രേലിയയിലെ മെൽബണിൽ 2006 ലെ കോമൺ‌വെൽത്ത് ഗെയിംസ് സമാപനച്ചടങ്ങിൽ ഐശ്വര്യ റായ് ബച്ചൻ നൃത്തപ്രകടനം നടത്തിയപ്പോൾ പശ്ചാത്തലത്തിലെ നർത്തകരിൽ ഒരാളായിരുന്നു താരം.

Sushant Singh Rajput

ഐശ്വര്യ റായ് ബച്ചനും ഹൃത്വിക് റോഷനും ഒന്നിച്ചെത്തിയ ധൂം എഗെയ്ൻ സോംഗിന്റെ പശ്ചാത്തലത്തിലും ഡാൻസ് ചെയ്യുന്ന സുശാന്തിനെ കാണാം. സാര നാച്ചെ ദിഖ, ജലഖ് ദിഖ്‌ല ജാ തുടങ്ങിയ ഡാൻസ് റിയാലിറ്റി ഷോകളിലും സുശാന്ത് പങ്കെടുത്തിരുന്നു. ഒരു റിയാലിറ്റി ഷോയ്ക്കിടെ നടന്നൊരു സംഭവം സുശാന്ത് ഒരിക്കൽ ഒരഭിമുഖത്തിനിടെ പറഞ്ഞിരുന്നു, “ആക്ടിന്റെ ഭാഗമായി ഞാൻ ഐശ്വര്യയെ ഉയർത്തേണ്ടതായിരുന്നു. സമയമായപ്പോൾ ഞാൻ അവരെ എടുത്തുയർത്തി. പക്ഷേ താഴെയിറക്കാൻ മറന്നു, ഒരു മിനിറ്റോളം അങ്ങനെ തുടർന്നു. എന്തുകൊണ്ടാണ് ഞാൻ താഴെയിറക്കാത്തതെന്ന് ഐശ്വര്യ ചിന്തിച്ചുകാണും.”

വേദനയായി വളർത്തു നായയുടെ വീഡിയോ

സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിൽ കുടുംബാംഗങ്ങളും സിനിമാ പ്രേമികളും വേദനയിലാണ്. ജൂൺ 14 നാണ് നടനെ ആത്മഹത്യ ചെയ്ത നിലയിൽ ബാന്ദ്രയിലെ താമസസ്ഥലത്ത് കണ്ടെത്തിയത്. സുശാന്തിന്റെ അപ്രതീക്ഷിത വിയോഗം താങ്ങാനാവാത്ത ഒരാൾ കൂടിയുണ്ട്, നടന്റെ വളർത്തു നായ ഫഡ്ജ്.

സുശാന്ത് പോയതറിയാതെ നടനെയും കാത്തിരിക്കുന്ന ഫഡ്ജിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയുടെ കണ്ണു നിറയ്ക്കുന്നത്. ഫോണിന്റെ സ്ക്രീനിൽ സുശാന്തിന്റെ ഫൊട്ടോ നോക്കിയിരിക്കുന്നതും സങ്കടത്തോടെ തറയിൽ കിടക്കുന്നതിന്റെയും ചിത്രങ്ങൾ നടൻ മൻവീർ ഗുർജർ ആണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

ചിരുവിന്റെ ആരാധകർക്ക് നന്ദി പറഞ്ഞ് മേഘ്ന

രണ്ടാഴ്ച മുൻപാണ് നടൻ ചിരഞ്ജീവി സർജ അപ്രതീക്ഷീതമായി മരണത്തിന് കീഴടങ്ങുന്നത്. ചിരുവിന്റെ മൃതദേഹത്തിന് മേൽ നെഞ്ചുപൊട്ടി കരഞ്ഞ മേഘ്നയുടെ ദൃശ്യങ്ങൾ ഇപ്പോഴും ആരാധകർക്ക് മറക്കാനായിട്ടില്ല. ഇപ്പോൾ തനിക്കൊപ്പം നിന്നവർക്കും, കൂടെ കരഞ്ഞവർക്കും, ദുഃഖം പങ്കുവച്ചവർക്കും നന്ദി പറയുകയാണ് മേഘ്ന.

 

View this post on Instagram

 

MY CHIRU FOREVER

A post shared by Meghana Raj Sarja (@megsraj) on

“കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ ഏന്‌റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ നിമിഷങ്ങളായിരുന്നു. എന്‌റെ ലോകം ചിതറിത്തെറിച്ചപ്പോള്‍, ഞാന്‍ ദുഃഖത്തിന്‌റെ കയങ്ങളില്‍ താഴ്ന്നു പോയപ്പോള്‍ എന്നെ സ്‌നേഹിച്ച, പിന്തുണ നല്‍കിയ ചേര്‍ത്തു പിടിച്ച എന്‌റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും സിനിമാ മേഖലയിലെ അഭ്യുദയകാംക്ഷികള്‍ക്കും അതിനെല്ലാമപ്പുറം, പിടിച്ചുനില്‍ക്കാന്‍ എനിക്ക് പ്രതീക്ഷയുടെ ഒരു കണം നല്‍കിയ ചിരുവിന്‌റെ ആരാധകര്‍ക്കു നന്ദി.

എന്‌റെ ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിയ്ക്കാന്‍ ഒരു ജന്മം മതിയാകുമെന്ന് തോന്നുന്നില്ല. നിങ്ങള്‍ എനിക്കൊപ്പം കരഞ്ഞു. എന്‌റെ ദുഃഖം പങ്കുവച്ചു. എന്‌റെ വേദന അറിഞ്ഞു. ഞാന്‍ മിസ് ചെയ്ത അത്ര തന്നെ ചിരുവിനെ നിങ്ങളും മിസ് ചെയ്തു. ചിരുവിനോട് നിങ്ങള്‍ കാണിക്കുന്ന ഉപാധികളില്ലാത്ത ഈ സ്‌നേഹത്തിനും ബഹുമാനത്തിനും ഞാന്‍ എന്നെന്നും കടപ്പെട്ടവളായിരിക്കും. ചിരുവിനെ യാത്രയയ്ക്കാനെത്തിയ ആയിരക്കണക്കിന് ആരാധകരും ഈ പ്രയാസമേറിയ സമയത്ത് ഞങ്ങള്‍ക്കൊപ്പം നിന്ന സിനിമാ മേഖലയില്‍ നിന്നുള്ളവരുമെല്ലാം, ചിരു നിങ്ങള്‍ക്കെന്തായിരുന്നു എന്നതിന്‌റെ തെളിവായിരുന്നു. ഒരു രാജാവിനെ പോലെ അദ്ദേഹത്തെ യാത്രയാക്കിയതിന് നന്ദി. അതു തന്നെയായിരിക്കും അദ്ദേഹവും ആഗ്രഹിച്ചിട്ടുണ്ടായിരിക്കുക. ഒരു രാജാവിനെ പോലെ ജീവിക്കുക എന്നതിലായിരുന്നു ചിരു വിശ്വസിച്ചിരുന്നത്,” മേഘ്ന കുറിച്ചു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook