scorecardresearch
Latest News

സച്ചിക്ക് വിട, ചിരുവിന്റെ ഓർമകളിൽ മേഘ്ന, വിവാദങ്ങൾ ഒഴിയാതെ ബോളിവുഡ്; ഇന്നത്തെ സിനിമാ വാർത്തകൾ

ചിരഞ്ജീവി സർജ മരിച്ചിട്ട് രണ്ടാഴ്ച പിന്നിടുമ്പോൾ വികാരനിർഭരമായൊരു കുറിപ്പിലൂടെ അദ്ദേഹത്തെ ഓർക്കുകയാണ് മേഘ്ന രാജ്

Entertainment news, malayalam Entertainment news

തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ (കെ ആർ സച്ചിദാനന്ദൻ) വിയോഗം ചലച്ചിത്ര രംഗത്തുള്ളവരയും മലയാള സിനിമാ ആസ്വാകരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. വ്യാഴാഴ്ച രാത്രിയോടെ തൃശൂര്‍ മിഷൻ മെഡിക്കൽ കോളേജിലായിരുന്നു അദ്ദേഹം അന്തരിച്ചത്.

നട്ടെല്ലിനു നടത്തിയ ശസ്ത്രക്രിയയുടെ ഭാഗമായി നേരിട്ട ശാരീരികഅസ്വാസ്ഥ്യങ്ങള്‍ ഹൃദയസ്തംഭനത്തിലേക്ക് നയിച്ചതാണ് മരണകാരണം.  കഴിഞ്ഞ രണ്ടു ദിവസങ്ങളായി വെന്‍റിലേറ്ററില്‍ ആയിരുന്നു. നാല്‍പ്പത്തിയെട്ട് വയസായിരുന്നു.

പ്രിഥ്വിരാജ്,  നിവിൻ പോളി, ടൊവീനോ തോമസ്, ആസിഫ് അലി, മഞ്ജു വാര്യർ, ബിജു മേനോൻ, ഇന്ദ്രജിത്ത്, വിഷ്ണു വിശാൽ, അനു സിതാര, രജിഷ വിജയൻ, വിനയൻ, അജു വർഗീസ് തുടങ്ങി നിരവധി പേർ സച്ചിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

വിവാദങ്ങൾ ഒഴിയാതെ ബോളിവുഡ്

സുശാന്ത് സിങ് രജ്‌‌പുതിന്റെ ആത്മഹത്യ ബോളിവുഡിൽ പലവിധ ചർച്ചകൾക്കാണ് വഴി തുറന്നിരിക്കുന്നത്. ബോളിവുഡിലെ വിവേചനവും വേർതിരിവും സ്വജനപക്ഷപാതവുമെല്ലാം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയാണ് സമൂഹമാധ്യമങ്ങളിൽ. ബോളിവുഡിലെ ഒരു വിഭാഗം കഴിവുള്ള അഭിനേതാക്കളോട് പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും സ്വജനപക്ഷപാതത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നുമുള്ള ആരോപണങ്ങൾ ഉയരുമ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ പ്രതിഷേധം ഏറ്റുവാങ്ങുന്നത് കരൺ ജോഹർ ആണ്. സംവിധായകനും നിർമാതാവുമായ കരൺ ജോഹർ സ്വജനപക്ഷപാതത്തിന് ചൂട്ടുപിടിക്കുന്ന ആളാണെന്ന് നടി കങ്കണ റണാവത്തും ആരോപിച്ചിരുന്നു.

മുൻപ് ‘കോഫി വിത്ത് കരൺ’ ചാറ്റ് ഷോയ്ക്കിടെ കരൺ ജോഹറും നടി ആലിയ ഭട്ടും സുശാന്ത് രജ്‌പുതിനെ പരിഹസിക്കുന്ന രീതിയിൽ സംസാരിച്ചു എന്നു ചൂണ്ടികാട്ടിയുള്ള വിവാദവും സോഷ്യൽ മീഡിയയിൽ കത്തി നിൽക്കുകയാണ്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ട്വിറ്ററിലും ആലിയയ്ക്കും കരൺ ജോഹറിനെതിരെയുള്ള പ്രതിഷേധം ഇരമ്പുകയാണ്. മൂന്നു ലക്ഷത്തോളം ആളുകളാണ് കഴിഞ്ഞ നാലുദിവസത്തിനിടെ കരൺ ജോഹറിനെയും ആലിയയേയും ട്വിറ്ററിൽ അൺഫോളോ ചെയ്തിരിക്കുന്നത്.

Sushant Singh Rajput, Karan Johar, alia bhatt, twitter, unfollow twitter

ചിരുവിന്റെ മരിക്കാത്ത ഓർമകളിൽ മേഘ്ന

കന്നഡ നടൻ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്തിന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. 39 കാരനായ ചിരഞ്ജീവി ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. നടി മേഘ്ന രാജ് ആണ് ചിരഞ്ജീവിയുടെ ഭാര്യ. ഒരു കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷത്തിൽ ഇരിക്കെയാണ് മരണം ചിരഞ്ജീവിയെ തട്ടിയെടുത്തത്. മേഘ്ന ഗർഭിണിയാണെന്ന വാർത്തകൾ ചിരഞ്ജീവിയുടെ മരണത്തിന് പിന്നാലെയാണ് എത്തിയത്. ചിരഞ്ജീവി സർജ മരിച്ചിട്ട് രണ്ടാഴ്ച പിന്നിടുമ്പോൾ വികാരനിർഭരമായൊരു കുറിപ്പിലൂടെ അദ്ദേഹത്തെ ഓർക്കുകയാണ് മേഘ്നരാജ്.

“ചിരു, ഞാൻ ഒരുപാട് തവണ ശ്രമിച്ചു. പക്ഷെ, നിന്നോട് പറയാനുള്ള​ കാര്യങ്ങൾക്ക് വാക്കുകൾ കണ്ടെത്താനെനിക്ക് ആകുന്നില്ല. നീയെനിക്ക് ആരായിരുന്നുവെന്നത് നിർവചിക്കാൻ ഈ ലോകത്തിലെ ഒരു വാക്കിനും സാധിക്കില്ല. എന്റെ സുഹൃത്ത്, എന്റെ കാമുകൻ, എന്റെ ജീവിതപങ്കാളി, എന്റെ കുഞ്ഞ്, എന്റെ വിശ്വസ്തൻ, എന്റെ ഭർത്താവ്, ഇതിനൊക്കെ അപ്പുറമാണ് നീയെനിക്ക്. നീ എന്റെ ആത്മാവിന്റെ ഒരു ഭാഗമാണ് ചിരു.”

“ഓരോ തവണയും വാതിലിലേക്ക് നോക്കുമ്പോൾ, ‘ഞാൻ വീട്ടിലെത്തി’ എന്നു പറഞ്ഞുകൊണ്ട് നീ കടന്നുവരാത്തത് എന്റെയുള്ളിൽ അഗാധമായ വേദന സൃഷ്ടിക്കുന്നു. ഓരോ ദിവസവും ഓരോ നിമിഷവും നിന്നെ തൊടാനാകാതെ എന്റെ ഹൃദയം വിങ്ങുന്നു. പതിയെ പതിയെ വേദനിച്ച് ഒരായിരം തവണ ഞാൻ മരിക്കുന്നു. പക്ഷേ, പിന്നെ ഒരു മാന്ത്രിക ശക്തിപോലെ നിന്റെ സാന്നിദ്ധ്യം ചുറ്റുമുള്ളതായി അനുഭവപ്പെടുന്നു. ഓരോ തവണ ഞാൻ തളരുമ്പോഴും, ഒരു കാവൽ മാലാഖയെ പോലെ നീ എനിക്ക് ചുറ്റുമുണ്ട്.”

Chiranjeevi Meghna

നീയെന്നെ ഒരുപാട് സ്നേഹിക്കുന്നു. അതുകൊണ്ട് തന്നെ നിനക്കെന്നെ തനിച്ചാക്കാൻ കഴിയില്ല, അല്ലേ?. നീ എനിക്കു നൽകിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നമ്മുടെ കുഞ്ഞ് – നമ്മുടെ സ്നേഹത്തിന്റെ പ്രതീകം – അതിന് ഞാൻ എക്കാലവും നിന്നോട് കടപ്പെട്ടവളാണ്. നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ. നിന്നെ വീണ്ടും കെട്ടിപ്പിടിക്കാൻ, വീണ്ടും ചിരിക്കുന്ന നിന്നെ കാണാൻ, മുറി മുഴുവൻ പ്രകാശം പരത്തുന്ന ചിരി കേൾക്കാൻ ഞാൻ അക്ഷമയോടെ കാത്തിരിക്കുകയാണ്. ഞാൻ നിനക്കായി കാത്തിരിക്കുന്നു. മറ്റൊരു ലോകത്ത് നീ എനിക്കായും കാത്തിരിക്കുന്നു. എന്റെ അവസാന ശ്വാസം വരെ നീ എനിക്കൊപ്പം ജീവിക്കും. നീ എന്നിൽ തന്നെയുണ്ട്. ഞാൻ നിന്നെ സ്നേഹിക്കുന്നു.”

Read more: ചിരു, എനിക്ക് ഇനിയും കാത്തിരിക്കാനാവില്ല; മേഘ്ന രാജിന്റെ ഹൃദയം തൊടുന്ന കുറിപ്പ്

നടി വനിത വിജയകുമാര്‍ വിവാഹിതയാകുന്നു

തമിഴ് നടൻ വിജയകുമാറിന്റെ മകളും തെന്നിന്ത്യൻ​ നടിയുമായ വനിത വിജയകുമാർ വിവാഹിതയാവുന്നു. തമിഴ്, ഹിന്ദി, ഹോളിവുഡ് സിനിമകളിലെ വിഷ്വൽ ഇഫക്ട് എഡിറ്ററായ പീറ്റർ പോൾ ആണ് വരൻ. ജൂൺ 27നാണ് വിവാഹം.

മലയാളത്തിൽ ‘ഹിറ്റ്ലർ ബ്രദേഴ്സ്’ എന്ന ചിത്രത്തിലും വനിത അഭിനയിച്ചിരുന്നു. കമൽഹാസൻ അവതാരകനായി എത്തിയ ബിഗ് ബോസ് തമിഴ് പതിപ്പിന്റെ സീസൺ മൂന്നിലെ മത്സരാർത്ഥിയായിരുന്നു വനിത. ടെലിവിഷൻ സീരിയലുകളിലും സജീവമാണ് വനിത. 1995ല്‍ പുറത്തിറങ്ങിയ ‘ചന്ദ്രലേഖ’ എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്തേക്ക് വരുന്നത്.

Vijayakumar family

വനിതയുടെ മൂന്നാമത്തെ വിവാഹമാണ് ഇത്. വിജയ് ശ്രീഹരി, ജോവിത, ജയ്‌നിത എന്നിവരാണ് വനിതയുടെ മക്കൾ. വനിതയുടെ സഹോദരി ശ്രീദേവി വിജയകുമാർ, സഹോദരൻ അരുൺ വിജയ് എന്നിവരും അഭിനയരംഗത്തുണ്ട്. പ്രീത വിജയകുമാർ, കവിത വിജയകുമാർ, അനിത വിജയ കുമാർ എന്നിവരാണ് വനിതയുടെ മറ്റു സഹോദരങ്ങൾ.

ഒരുപാട് വേദനകളിലൂടെയാണ് നീ കടന്നുപോയത്; സുശാന്തിന് സഹോദരിയുടെ കുറിപ്പ്

സുശാന്ത് സിങ് രജ്‌പുതിന്റെ ആത്മഹത്യ ഉണ്ടാക്കിയ നടുക്കത്തിൽ നിന്നും ഇനിയും മുക്തരായിട്ടില്ല താരത്തിന്റെ കുടുംബവും സുഹൃത്തുക്കളുമൊന്നും. സുശാന്ത് ഇനിയില്ലെന്ന യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാൻ ആവാതെ വിഷമിക്കുകയാണ് കുടുംബാംഗങ്ങൾ. സുശാന്തിന് സഹോദരി ശ്വേത സിങ് കൃതി എഴുതിയ ഹൃദയസ്പർശിയായ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. രണ്ടു സഹോദരിമാരുടെ ഏക സഹോദരനായിരുന്നു സുശാന്ത്.

“എന്റെ കുഞ്ഞ്, ഇപ്പോൾ ഞങ്ങൾക്കരികിൽ ഇല്ല, സാരമില്ല. എനിക്കറിയാം ഒരുപാട് വേദനകളിലൂടെയാണ് നീ കടന്നുപോയതെന്ന്. നീയൊരു പോരാളിയായിരുന്നു, ധീരതയോടെ തന്നെ നീ പോരാടുകയും ചെയ്തു. മാപ്പ്, നീ കടന്നു പോയ വേദനകൾക്കെല്ലാം, നിന്റെ വേദനകൾ എനിക്കേറ്റെടുക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ അതെല്ലാം ഏറ്റെടുത്ത് എന്റെ എല്ലാ സന്തോഷങ്ങളും ഞാൻ നിനക്ക് തരുമായിരുന്നു.”

“എന്റെ പ്രിയപ്പെട്ടവരെ, ഇതൊരു പരീക്ഷണസമയമാണെന്ന് എനിക്കറിയാം. തിരഞ്ഞെടുപ്പിനുള്ള അവസരമുണ്ടാകുമ്പോൾ, വെറുപ്പിനു മുകളിൽ സ്നേഹത്തെ തിരഞ്ഞെടുക്കൂ. ദേഷ്യത്തിനു മുകളിൽ ദയയും അനുകമ്പയും തിരഞ്ഞെടുക്കൂ, സ്വാർത്ഥയ്ക്ക് പകരം നിസ്വാർത്ഥത തിരഞ്ഞെടുത്ത് ക്ഷമിക്കുക. നിങ്ങളോടും മറ്റുള്ളവരോടും എല്ലാവരോടും പൊറുക്കാൻ ശീലിക്കൂ. എല്ലാവരും അവരവരുടെ യുദ്ധത്തിലാണ്, മറ്റുള്ളവരോട് സഹാനുഭൂതി കാണിക്കൂ. ഹൃദയം അടച്ചു വെയ്ക്കാതിരിക്കൂ,” ശ്വേത കുറിക്കുന്നു.

Read more: ഒരുപാട് വേദനകളിലൂടെയാണ് നീ കടന്നുപോയത്; സുശാന്തിന് സഹോദരിയുടെ കുറിപ്പ്

നീരജ് മറുപടി നൽകണം; ‘അമ്മ’യ്‌ക്ക് ‘ഫെഫ്‌ക’യുടെ കത്ത്

മലയാള സിനിമയിലെ പല സെറ്റുകളിലും വേർതിരിവുകൾ നിലനിൽക്കുന്നുണ്ടെന്ന് ആരോപിച്ച നടൻ നീരജ് മാധവിനോട് ‘ഫെഫ്‌ക’ മറുപടി തേടിയതായി റിപ്പോർട്ടുകൾ. വളർന്നുവരുന്ന താരത്തെ എങ്ങനെ മുളയിലേ നുള്ളാം എന്ന് കൂടിയാലോചിക്കുന്ന ഒരു സംഘം മലയാള സിനിമയിലുണ്ടെന്ന് നീരജ് മാധവ് ആരോപിച്ചിരുന്നു. ഇങ്ങനെയൊരു സംഘം മലയാള സിനിമയിലുണ്ടെങ്കിൽ നീരജ് മാധവ് അത് വെളിപ്പെടുത്തണമെന്ന് ഫെഫ്‌ക ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് താരസംഘടനയായ ‘അമ്മ’യ്‌ക്ക് ഫെഫ്‌ക കത്തുനൽകിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നീരജ് മാധവിന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സിനിമ സംഘടനയായ ഫെഫ്‌ക. സിനിമയിൽ ഒരു ഗൂഢസംഘമുണ്ടെങ്കിൽ അവരുടെ പേരുകൾ നീരജ് വെളിപ്പെടുത്തണം. അങ്ങനെയുള്ളവരെ ഒഴിവാക്കാൻ ഒപ്പം നിൽക്കണമെന്നും ഫെഫ്‌ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്‌ണൻ ‘അമ്മ’യ്‌ക്ക് അയച്ച കത്തിൽ പറയുന്നതായി റിപ്പോർട്ടിൽ പറയുന്നു. നീരജിന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ സ്ത്രീവിരുദ്ധപരാമർശമുണ്ടെന്നും ഫെഫ്‌ക നൽകിയ കത്തിൽ ആരോപണമുണ്ട്.

Read more: നീരജ് മറുപടി നൽകണം; ‘അമ്മ’യ്‌ക്ക് ‘ഫെഫ്‌ക’യുടെ കത്ത്

നിങ്ങളെന്നെ അപമാനിക്കുകയാണ്; ഖാൻമാരുടെ വായടപ്പിച്ച് നടൻ നീൽ

നടൻ നീൽ നിതിൻ മുകേഷിന്റെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. തന്റെ പേരിനെ കുറിച്ച് ഷാരൂഖ് ഖാനും സെയ്ഫ് അലിഖാനും പറഞ്ഞ ‘തമാശ’യോടുള്ള നീലിന്റെ പ്രതികരണമാണ് വീഡിയോ. ഖാൻമാരുടെ വായടപ്പിക്കുന്ന രീതിയിലാണ് നീലിന്റെ പ്രതികരണം.

“ആദ്യമായി എല്ലാവരോടും ക്ഷമ ചോദിക്കുന്നു. പക്ഷേ നിങ്ങളുടെ ചോദ്യം എന്നെ അപമാനിക്കുന്നതാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു, സാർ. എന്റെ പിതാവ് ഇവിടെ ഇരിക്കുന്നത് നിങ്ങൾക്ക് കണ്ടുകൂടെ. നിങ്ങൾ രണ്ടുപേരും വായടയ്ക്കുന്നതാകും നല്ലതെന്ന് എനിക്കു തോന്നുന്നു. ഇന്ന് ഇവിടെ എത്തി നിൽക്കുവാൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് സാർ. ഈ അപമാനം ഞാൻ അർഹിക്കുന്നില്ല. നിങ്ങൾ എന്നോട് ചോദ്യം ചോദിക്കുന്നത് തന്നെ എന്നെ സംബന്ധിച്ച് വലിയ അം​ഗീകാരമാണ്. പക്ഷേ, ഇത് ശരിയല്ല,” നീൽ പറയുന്നു. ​

Read more: നിങ്ങളെന്നെ അപമാനിക്കുകയാണ്; ഖാൻമാരുടെ വായടപ്പിച്ച് നടൻ നീൽ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Film malayalam cinema entertainment news roundup june 18