ഇതിഹാസ സംവിധായകനും ദാദാസാഹബ് ഫാൽക്കെ പുരസ്കാര ജേതാവുമായ കെ ബാലചന്ദറിന്റെ തൊണ്ണൂറാം ജന്മവാർഷികത്തിൽ അദ്ദേഹത്തെ ഓർക്കുകയാണ് തമിഴകത്തിന്റെ താരരാജാക്കന്മാരായ രജനീകാന്തും കമൽഹാസനും.
ബാലചന്ദർ സാർ ഇല്ലായിരുന്നെങ്കിൽ താനിപ്പോഴും ചെറിയ വേഷങ്ങൾ ചെയ്യുന്ന ഒരു അഭിനേതാവ് മാത്രമായി നിന്നേനെ എന്നാണ് രജനീകാന്ത് ഓർക്കുന്നത്. “അദ്ദേഹമെന്നെ പരിചയപ്പെടുത്തിയില്ലായിരുന്നെങ്കിൽ, കന്നഡ സിനിമയിൽ ചെറിയ കഥാപാത്രങ്ങൾ ചെയ്യുന്ന ഒരു നടനായി ഞാൻ മാറുമായിരുന്നു. ഭാഗ്യവശാൽ എന്നെ പേരും പ്രശസ്തിയും അനുഗ്രഹിച്ചു. പക്ഷേ, അതെല്ലാം കെ ബാലചന്ദർ സാർ കാരണമാണ്. അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച നാല് സിനിമകളിലൂടെ ബാലചന്ദർ സാറെന്നെ ഒരു സമ്പൂർണ്ണ നടനാക്കി. എന്നെ മാത്രമല്ല, നിരവധി അഭിനേതാക്കളെ കണ്ടെത്തിയത് അദ്ദേഹമാണ്,” രജിനികാന്ത് പറയുന്നു.
“കൗമാരം മുതൽ ഞാൻ കേൾക്കുന്ന പ്രശസ്തമായൊരു പേരാണ്- കെ ബാലചന്ദർ എന്നത്. എന്നെ പോലെയുള്ള ഒരു അഭിനേതാവിന്റെ ജീവിതത്തിൽ നിരവധി കഥാപാത്രങ്ങളെ അദ്ദേഹം സമ്മാനിക്കുമെന്ന് ആരാണ് അന്ന് കരുതിയത്. പതിനാറു പതിനേഴ് വയസുമുതലാണ് ഞാനദ്ദേഹത്തിന്റെ സിനിമകളിൽ സജീവമായി പ്രവർത്തിച്ചു തുടങ്ങിയത്. എനിക്ക് ഗുരുതുല്യനായിരുന്നു, ഉപദേഷ്ടാവും വഴികാട്ടിയും പിതൃതുല്യനുമായിരുന്നു. അഭിനയം മാത്രമല്ല എല്ലാകാര്യത്തിലും അദ്ദേഹമെന്നെ ഉപദേശിക്കുമായിരുന്നു. അദ്ദേഹം പറയുന്നതെല്ലാം ഞാൻ ശിരസാ വഹിച്ചിരുന്നു. എന്റെ ജീവിതത്തിൽ വളരെ പ്രധാന പങ്കുള്ള വ്യക്തിയാണ്. സിനിമ, പണം, പ്രശസ്തി…അദ്ദേഹമെനിക്ക് എല്ലാം നൽകി, എന്നെ കോടീശ്വരനാക്കി. പക്ഷേ ഒരിക്കലും പങ്കുചോദിച്ചില്ല, ഞാനാണ് അതിനു പിന്നിലെന്ന് എവിടെയും പറഞ്ഞതുമില്ല. ഇന്ന് അദ്ദേഹത്തെ കുറിച്ച് ചിന്തിക്കുമ്പോൾ അച്ഛനെ കുറിച്ച് മകനുള്ളതുപോലെ ശിശുസമാനമായൊരു അഭിമാനം എനിക്കു തോന്നുന്നു. ‘ഇന്ത്യൻ സിനിമയുടെ സുപ്രധാന പുത്രന്’ എന്റെ സല്യൂട്ട്,” കമൽഹാസൻ കുറിക്കുന്നതിങ്ങനെ.
വാർഡ്രോബും റെക്കോർഡിംഗ് സ്റ്റുഡിയോയായി മാറുന്ന കോവിഡ് കാലം: അനുഭവം പങ്കുവച്ച് മംമ്ത
കോവിഡ്കാലത്തെ രസകരമായൊരു റെക്കോർഡിംഗ് അനുഭവം പങ്കുവയ്ക്കുകയാണ് നടിയും ഗായികയുമായ മംമ്ത മോഹൻദാസ്.
നിരവധി നല്ല പാട്ടുകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ഗായിക കൂടിയായ മംമ്തയെ സംബന്ധിച്ച് തീർത്തും വേറിട്ടൊരു അനുഭവമായിരുന്നു ‘ലാൽ ബാഗ്’ എന്ന ചിത്രത്തിലെ ‘റുമാൽ അമ്പിളി’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ റെക്കോർഡിംഗ്. ലോസ് ഏഞ്ചൽസിലെ തന്റെ അപ്പാർട്ട്മെന്റിലെ വാർഡ്രോബിന് അകത്തിരുന്നാണ് താൻ ‘റുമാൽ അമ്പിളി’ എന്ന ഗാനം പാടി റെക്കോർഡ് ചെയ്തത് എന്നാണ് മംമ്ത പറയുന്നത്. സോഷ്യൽ ഡിസ്റ്റൻസിങ് കാലത്ത്, ഒരു രക്ഷയും ഇല്ലെങ്കിൽ പാട്ട് ഇങ്ങനെയും റെക്കോർഡ് ചെയ്യാമെന്നും മംമ്ത കൂട്ടിച്ചേർക്കുന്നു. ലോകം ഉറങ്ങുന്നതുവരെ കാത്തിരിക്കണം റെക്കോർഡിംഗിന് എന്നും മംമ്ത പറയുന്നു.
ഫൊറൻസിക് സിനിമയ്ക്കുശേഷം മംമ്ത മോഹൻദാസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് ‘ലാൽബാഗ്’. പ്രശാന്ത് മുരളി പത്മനാഭനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. രാഹുൽ രാജാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.
മിനിസ്ക്രീനിൽ അരങ്ങേറ്റം കുറിച്ച് നഞ്ചമ്മ
‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ‘കലക്കാത്ത സന്ദനമേരം’ എന്ന നാടന്‍ പാട്ടിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നഞ്ചമ്മ മറ്റൊരു പാട്ടിലൂടെ മിനിസ്‌ക്രീനിലും അരങ്ങേറ്റം കുറിക്കുകയാണ്. സീ കേരളം പുതുതായി അവതരിപ്പിക്കുന്ന ‘കാര്‍ത്തികദീപം’ എന്ന പരമ്പരയുടെ ടൈറ്റില്‍ ഗാനം ആലപിച്ചാണ് അറുപതുകാരിയായ നഞ്ചമ്മ ടെലിവിഷന്‍ രംഗത്തേക്ക് ചുവടുവെച്ചിരിക്കുന്നത്. ഗോപി സുന്ദറാണ് ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.
നഞ്ചമ്മയും പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയും ചേര്‍ന്നാണ് ഈ ഗാനം ആലപിക്കുന്നത്. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ സീ കേരളം അവതരിപ്പിച്ച നഞ്ചമ്മയുടെ ഈ പുതിയ ഗാനം തരംഗമായി മാറിയിരുന്നു. നേരത്തെ സരിഗമപ കേരളം എന്ന സംഗീത റിയാലിറ്റി ഷോയില്‍ പ്രത്യേക അതിഥിയായി എത്തിച്ച് സീ കേരളം നഞ്ചമ്മയെ ആദരിച്ചിരുന്നു.
കന്നട താരം സുശീൽ ഗൗഡ ആത്മഹത്യ ചെയ്തു
കന്നഡ താരവും ഫിറ്റ്നസ്സ് ട്രെയിനറുമായ സുശീൽ ഗൗഡയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മാണ്ഡ്യയിലെ വീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
“മാണ്ഡ്യയിലെ ഇന്ദുവാലുവിലുള്ള വീട്ടിലാണ് സുശീൽ ഗൗഡയെ ആത്മഹത്യ ചെയ്ത രീതിയിൽ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറിയിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണ്,” മാണ്ഡ്യ പൊലീസ് സൂപ്രണ്ട് കെ.പരശുരം ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോടു പറഞ്ഞു.
കന്നഡ സീരിയൽ ‘അന്തപുര’യിലൂടെ ഏറെ ശ്രദ്ധേയനാണ് സുശീൽ. സീരിയലിൽ നിന്നും സിനിമാലോകത്തേക്ക് ചുവടുവയ്ക്കാനുള്ള ഒരുക്കത്തിലായിരുന്നു സുശീൽ. ദുനിയ വിജയ് സംവിധാനം ചെയ്ത വരാനിരിക്കുന്ന ‘സലാഗ’ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തെയും സുശീൽ അവതരിപ്പിച്ചിരുന്നു.
സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി ശ്രീവിദ്യയുടെ പഴയ അഭിമുഖം
ജീവിതം സമ്മാനിച്ച വേദനകളെയും ദുരന്തങ്ങളെയും ജീവിതത്തിലെ ഒറ്റപ്പെടലിനെയുമെല്ലാം അതിജീവിച്ച അനുഭവങ്ങൾ പങ്കുവയ്ക്കുന്ന ശ്രീവിദ്യയുടെ ഒരു പഴയകാല വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. “എന്നെ സംബന്ധിച്ച് ഓർമ ഒരു അനുഗ്രഹമാണ്, അതുപോലെ ശാപവുമാണ്. ചിലതെല്ലാം മറക്കാൻ ആഗ്രഹിച്ചിട്ടും കഴിയുന്നില്ല,” എന്ന മുഖവുരയോടെയാണ് താരം മനസ്സു തുറക്കുന്നത്. എസിവിയ്ക്ക് നൽകിയ പഴയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
Read more: മൃതദേഹം വിട്ടുകൊടുക്കൂ, പണം ഞാനടയ്ക്കാം, മുൻകാല നായികയ്ക്ക് വേണ്ടി കമൽ നടത്തിയ ഇടപ്പെടൽ
ഏറെ പ്രശസ്തിയും പുരസ്കാരങ്ങളും തേടിയെത്തിയിരുന്നെങ്കിലും അത്ര തന്നെ ഒളിയമ്പുകളും പ്രശ്നങ്ങളും അപമാനവും ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്നും ശ്രീവിദ്യ പറയുന്നു. “എനിക്ക് മാലയിട്ടുള്ള സ്വീകരണം ലഭിച്ചുണ്ട്, അമ്പുകളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അച്ഛൻ ശാസിച്ചാലും അമ്മയ്ക്ക് ഒരു സ്നേഹമുണ്ടല്ലോ, അങ്ങനെയാണ് ഞാനതിനെ കാണുന്നത്,” പ്രശംസയേയും വിമർശനങ്ങളെയും നോക്കി കാണുന്നതെങ്ങനെയെന്നും ശ്രീവിദ്യ പറയുന്നു.
അച്ഛന്റെ ഓർമകളിൽ ചാക്കോച്ചൻ
ചലച്ചിത്രനടൻ, സംവിധായകൻ, നിർമാതാവ്, ഉദയ സ്റ്റുഡിയോ തലവൻ എം കുഞ്ചാക്കോയുടെ മകൻ… പിന്നെ മലയാളത്തിന്റെ നിത്യഹരിത റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബന്റെ അച്ഛൻ. ബോബൻ കുഞ്ചാക്കോയ്ക്ക് വിശേഷണങ്ങൾ ഏറെയാണ്. പിതാവിന്റെ ഓർമകൾ പങ്കുവച്ചുകൊണ്ട് ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഏറെ വൈകാരികമാണ്. അദ്ദേഹത്തിനൊപ്പമുള്ള ഒരു ബാല്യകാല ചിത്രവും പങ്കുവച്ചിട്ടുണ്ട്.
“സമ്പൂർണ്ണ മനുഷ്യനായിരിക്കില്ല .. തികഞ്ഞ മനുഷ്യനായിരിക്കില്ല …. (പക്ഷേ, പിന്നെ ആരാണ് ??) എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മൃദുലവും വൈകാരികവുമായ മനുഷ്യൻ! ഏറ്റവും വലിയ പ്രചോദകനും പിന്തുണക്കാരനും !! ചലിക്കുന്ന സർവവിജ്ഞാനകോശം !!!! ഇടയ്ക്ക് ഞാൻ നിങ്ങളെ മിസ് ചെയ്യും (അതെ, എന്റെ ജീവിതത്തിലെ ചില സന്തോഷകരമായ അവസരങ്ങളിൽ). എന്നാൽ എനിക്ക് ചുറ്റും, ഞങ്ങളുടെ കുടുംബത്തിന് ചുറ്റും, നിങ്ങളുടെ ചങ്ങാതിമാർ (എന്റെ കൂടി), നിങ്ങൾ സഹായിച്ചവർ എന്നിവരിലൂടെ നിങ്ങളുടെ സാന്നിധ്യം എല്ലായെപ്പോഴും ഞാൻ അറിയാറുണ്ട്. ഈ ലോകത്തിലെ എല്ലാവരേയും സ്വന്തം കുടുംബമായി പരിഗണിക്കുക, എന്ന, ജീവിതത്തിലെ ഏറ്റവും വലിയ പാഠം എന്നെ പഠിപ്പിച്ചതിന് നന്ദി. ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു അപ്പാ.. ഇസുവിന്റെ ബോബൻ അപ്പാപ്പാ… !!,” കുഞ്ചാക്കോ ബോബൻ കുറിച്ചു.
Read more: ലവ് യൂ അപ്പാ; പിതാവിന്റെ ഓർമകളിൽ മലയാളികളുടെ പ്രിയ താരം