scorecardresearch

'തുഗ്ലക് ദർബാർ' ലുക്കിൽ വിജയ് സേതുപതി, അവഞ്ചേഴ്സിന്റെ റെക്കോർഡ് പിന്നിലാക്കി 'ദിൽ ബെച്ചാര': ഇന്നത്തെ സിനിമവാർത്തകൾ

ഇന്നത്തെ പ്രധാന സിനിമാവാർത്തകൾ

ഇന്നത്തെ പ്രധാന സിനിമാവാർത്തകൾ

author-image
Entertainment Desk
New Update
Film news, Entertainment news, സിനിമ വാർത്തകൾ, വിനോദ വാർത്തകൾ, entertainment roundup, IE Malayalam, ഐഇ മലയാളം

എല്ലാ റെക്കോർഡുകളെയും പിന്നിലാക്കി യൂട്യൂബിൽ മുന്നേറുകയാണ് സുശാന്ത് സിങ് രജ്പുതിന്റെ അവസാനചിത്രം 'ദിൽ ബെച്ചാര'യുടെ ട്രെയിലർ. ജൂലൈ ആറിന് റിലീസ് ചെയ്ത ട്രെയിലറിന് റെക്കോർഡ് വ്യൂസും ലൈക്കുമാണ് ഒരു ദിവസം കൊണ്ട് കിട്ടിയിരിക്കുന്നത്. 32 മില്യൺ ആളുകളാണ് യൂട്യൂബിൽ ട്രെയിലർ കണ്ടത്. ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'അവഞ്ചേഴ്സ്: ദ എൻഡ്ഗെയിമിനെ'യാണ് സമാനമായ സ്വീകാര്യതയോടെ ഇതിനു മുൻപ് പ്രേക്ഷകർ വരവേറ്റത്. അവഞ്ചേഴ്സിന്റെ റെക്കോർഡും പിന്നിലാക്കിയാണ് 'ദിൽ ബെച്ചാര'യുടെ മുന്നേറ്റം.

Advertisment

പുതുമുഖമായ സഞ്ജന സംഘിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. 'ദ ഫാൾട്ട് ഇൻ ഔവർ സ്റ്റാർസ്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ റീമേക്കാണ് ഇത്. ജോൺ ഗ്രീനിന്റെ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയൊരുക്കിയ ചിത്രമാണിത്. സുശാന്തിന്റെ അടുത്ത സുഹൃത്തും കാസ്റ്റിംഗ് ഡയറക്ടറുമായ മുകേഷ് ചബ്ര ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദിൽ ബെച്ചാര'. എ ആർ റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീതം. ജൂലൈ 24 മുതൽ ചിത്രം ഡിസ്നി ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്തു തുടങ്ങും.

വിജയ് സേതുപതിയുടെ 'തുഗ്ലക് ദർബാർ'; ഫസ്റ്റ്ലുക്ക് പോസ്റ്റർ

ആരാധകര്‍ ആവശത്തോടെ കാത്തിരുന്ന വിജയ് സേതുപതി ചിത്രം ‘തുഗ്ലക് ദര്‍ബാറി’ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. നവാഗതനായ ഡല്‍ഹി പ്രസാദ് ദീനദയാല്‍ സംവിധാനം ചെയ്യുന്ന 'തുഗ്ലക് ദർബാർ' ഒരു രാഷ്ട്രീയ ആക്ഷേപ ഹാസ്യചിത്രമാണ്. രാഷ്ട്രീയക്കാരനായാണ് സേതുപതി ചിത്രത്തില്‍ വേഷമിടുന്നത്. അതിഥി റാവു ഹൈദരിയാണ് നായിക. പാര്‍ത്ഥിപനും മലയാളി താരം മഞ്ജിമ മോഹനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Advertisment

നീതുവിന് ജന്മദിനാശംസകൾ നേർന്ന് ആലിയ ഭട്ട്

അന്തരിച്ച നടൻ ഋഷി കപൂറിന്റെ ഭാര്യയും നടിയും രൺബീറിന്റെ അമ്മയുമായ നീതു കപൂറിന് പിറന്നാൾ ആശംസകൾ നേരുകയാണ് ആലിയ ഭട്ട്. 62 വയസ് പൂർത്തിയാക്കുകയാണ് നീതു ഇന്ന്. മകൾ റിഥിമയ്ക്കും രൺബീറിനുമൊപ്പമാണ് നീതുവിന്റെ ജന്മദിനാഘോഷം.

alia bhatt neethu kapoor

അന്ന് ചാക്കോച്ചൻ ഹീറോ, ഞാൻ അവതാരകൻ; ഓർമ്മചിത്രവുമായി അനൂപ് മേനോൻ

പഴയകാലത്തിൽ നിന്നുള്ള ചിത്രങ്ങൾ പലപ്പോഴും ഓർമകളെ തൊട്ടുണർത്തുന്നവയാണ്. ഒരുപാട് കഥകൾ പറയാനുണ്ടാവും ഓരോ ചിത്രങ്ങൾക്കും. അനൂപ് മേനോൻ മുൻപ് പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

"പഴയൊരു ആൽബത്തിൽ നിന്ന്... ചാക്കോച്ചൻ 'നിറ'ത്തിന്റെ വിജയത്തോടെ തിളങ്ങി നിൽക്കുന്ന സമയം, ഞാൻ സൂര്യ ടിവിയിൽ അവതാരകനായിരുന്ന കാലം, ഞാൻ ചാക്കോച്ചന്റെ അഭിമുഖത്തിനെത്തിയതായിരുന്നു," എന്ന കുറിപ്പോടെയാണ് അനൂപ് മേനോൻ പങ്കുവച്ചിരിക്കുന്നത്. 2015 ജൂലൈയിൽ അനൂപ് മേനോൻ പങ്കുവച്ച ചിത്രം ഫേസ്ബുക്ക് മെമ്മറിയിൽ നിന്നും കണ്ടെടുത്ത് പ്രചരിപ്പിക്കുകയാണ് സോഷ്യൽമീഡിയ.

anoop menon, kunchacko boban

അവതാരകനായി തന്റെ കരിയർ തുടങ്ങിയ അനൂപ് മേനോൻ പിന്നീട് ടെലിവിഷൻ സീരിയലുകളിലൂടെയാണ് പ്രേക്ഷകരുടെ ഇഷ്ടം കവർന്നത്. ശ്യാമപ്രസാദിന്റെ ‘ശമനതാളം’ എന്ന സീരിയലിലൂടെയായിരുന്നു അനൂപ് മേനോന്റെ തുടക്കം. ‘കാട്ടുചെമ്പകം’ ആയിരുന്നു ആദ്യ സിനിമ. പകൽ നക്ഷത്രങ്ങൾ, കോക്ക്ടെയിൽ, ബ്യൂട്ടിഫുൾ എന്നിവയുടെ തിരക്കഥകൾ തയ്യാറാക്കി തിരക്കഥാകൃത്ത് എന്ന രീതിയിലും അനൂപ് തന്റെ പ്രതിഭ തെളിയിച്ചു. നടൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം തിളങ്ങിയ അനൂപ് മേനോൻ ഇപ്പോൾ സംവിധാന രംഗത്തേക്കും കടന്നിരിക്കുകയാണ്.

മമ്മൂട്ടിയുടെ നായിക, രജനീകാന്തിന്റെയും; ഈ ചിത്രത്തിലെ താരറാണിയെ മനസ്സിലായോ?

ലോക്ക്ഡൗണ്‍ കാലത്തെ വിരസതയകറ്റാൻ സമൂഹമാധ്യമങ്ങളിൽ സജീവമാണ് സിനിമ താരങ്ങളും. പഴയ ഓർമകളും ബാല്യകാല ചിത്രങ്ങളും പൊടിതട്ടിയെടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയാണ് താരങ്ങൾ. ഇക്കുറി തെന്നിന്ത്യൻ താരറാണിയും ബാഹുബലി ചിത്രങ്ങളിലെ ശിവകാമിയായി രാജ്യാന്തരതലത്തിൽ ശ്രദ്ധ കൈവരിക്കുകയും ചെയ്ത രമ്യ കൃഷ്ണയാണ് തന്റെ ബാല്യകാല ചിത്രം പങ്കുവച്ചിരിക്കുന്നത്. സ്കൂൾകാലത്തു നിന്നുള്ളതാണ് ഈ ചിത്രം.

എന്നെ തിരിച്ചറിയൂ എന്ന ക്യാപ്ഷനോടെയാണ് ആദ്യം താരം ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. കൂട്ടത്തിലെ കണ്ണടവെച്ച കൊച്ചുരമ്യയെ ആരാധകർ തിരിച്ചറിയുകയും ചെയതു.

View this post on Instagram

Spot meeee......

A post shared by Ramya Krishnan (@meramyakrishnan) on

പകരക്കാരില്ലാത്ത താരസാന്നിധ്യമാണ് ദക്ഷിണേന്ത്യൻ സിനിമയ്ക്ക് രമ്യകൃഷ്ണൻ എന്നത്. കരുത്തുറ്റ നിരവധിയേറെ കഥാപാത്രങ്ങളെയാണ് രമ്യ പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്. തമിഴ്, മലയാളം, കന്നട, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി 200ലേറെ ചിത്രങ്ങളിൽ ആണ് രമ്യ ഇതുവരെ അഭിനയിച്ചിരിക്കുന്നത്. എല്ലാ ഭാഷകളിലെയും ഒട്ടുമിക്ക മുൻനിരനായകന്മാർക്കൊപ്പവും രമ്യ സ്ക്രീൻ പങ്കിട്ടുണ്ട്.

മരണത്തിന്റെ കസേര കളി; 'മ്യൂസിക്കൽ ചെയർ' റിവ്യൂ

'സൂഫിയും സുജാതയും' എന്ന ചിത്രത്തിനു പിറകെ മറ്റൊരു മലയാളചിത്രം കൂടി ഒറ്റിറ്റി പ്ലാറ്റ്ഫോമിൽ റിലീസിനെത്തിയിരിക്കുകയാണ്. വിപിൻ ആറ്റ്‌ലി എഴുതി സംവിധാനം ചെയ്ത 'മ്യൂസിക്കൽ ചെയർ' മികച്ച പ്രതികരണം നേടുകയാണ്. മനുഷ്യന്റെ ബോധ-അബോധ മനസ്സിനെ നിരന്തരം അലട്ടുന്ന മരണഭയത്തെ പ്രമേയമാക്കുന്ന ചിത്രമാണ് 'മ്യൂസിക്കൽ ചെയർ.' 32 വയസ്സായ മാർട്ടിൻ എന്ന എഴുത്തുകാരനായ യുവാവ് മരണഭയത്താൽ അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങളിലൂടെ മെല്ലെ നീങ്ങുന്ന ചിത്രം, ജീവിതം അപ്രതീക്ഷിതമായി കരുതി വെക്കുന്ന മരണമെന്ന ഉത്തരമില്ലാത്ത കടങ്കഥയുടെ രഹസ്യങ്ങൾ തേടി പോകുകയാണ്.

"ജൈവികമായ മരണം ബോധത്തിന്റെ അവസാനമാണോ എന്ന പോലെയുള്ള മനുഷ്യന്റെ അസ്വസ്ഥമായ അസ്തിത്വ ചിന്തകളെ ദൃശ്യവൽക്കരിച്ചിരിക്കുന്നു എന്ന നിലക്ക് 'മ്യൂസിക്കൽ ചെയർ' ആസ്വാദ്യകരമായ അനുഭവമാണ്. 'ഹോംലി മീൽസ്' എന്ന തന്റെ ആദ്യ ചിത്രത്തിൽ തന്നെ പരീക്ഷണാത്മക ശ്രമങ്ങള്‍ നടത്താന്‍ ആറ്റ്ലീ കാണിച്ച ധൈര്യം ആ സമയത്ത് തന്നെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. 'ബെൻ' എന്ന ചിത്രത്തിന് ദേശീയ തലത്തിൽ കിട്ടിയ അംഗീകാരങ്ങളും ആറ്റ്ലീ എന്ന സ്വതന്ത്ര സംവിധായകന്റെ നേട്ടങ്ങളിൽ എടുത്തുപറയാവുന്നതാണ്.

മുഖ്യധാരാ നായക സങ്കൽപ്പങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായി, നിസ്സഹായനായ, പലപ്പോഴും അവഗണിക്കപ്പെടുന്ന, ദുർബലനായ 'ഹോംലി മീൽസ്' എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തിന്റെ വേറൊരു പകർപ്പ് തന്നെയാണ് 'മ്യൂസിക്കൽ ചെയറിൽ' ആറ്റ്ലീ അവതരിപ്പിച്ച മാർട്ടിൻ എന്ന കഥാപാത്രവും. അത്തരത്തിൽ സാധാരണക്കാരനായ ഒരു കഥാപാത്രത്തെ, തന്റെ സ്വാഭാവികമായ അഭിനയത്തിലൂടെ അദ്ദേഹത്തിന് അവതരിപ്പിക്കാൻ കഴിയുന്നുണ്ട്. ചിത്രത്തിലെ ബാക്കി കഥാപാത്രങ്ങളിലെ അഭിനയത്തിലെ അസ്വാഭാവികത മാറ്റി നിർത്തിയാൽ, മരണമെന്ന തടുക്കാനാവാത്ത സത്യത്തെ, അതിന്റെ അജ്ഞതയെ ആവിഷ്കരിക്കാൻ സംവിധായകൻ എന്ന നിലയ്ക്കുള്ള ആറ്റ്ലീയുടെ ശ്രമം അഭിനന്ദനാർഹമാണ്," ചിത്രത്തെ ഇന്ത്യൻ എക്സ്പ്രസ് മലയാളം ഫിലിം ക്രിട്ടിക് ഗൗതം വിലയിരുത്തുന്നതിങ്ങനെ.

റിവ്യൂ മുഴുവനായി ഇവിടെ വായിക്കാം: Musical Chair Movie Review: മരണത്തിന്റെ കസേര കളി; ‘മ്യൂസിക്കൽ ചെയർ’ റിവ്യൂ

സൂഫി നൃത്തവും ബാങ്കു വിളിയും; വിശേഷങ്ങൾ പങ്കുവച്ച് ദേവ് മോഹൻ

ആദ്യചിത്രത്തിലൂടെ തന്നെ പ്രേക്ഷകശ്രദ്ധ നേടാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സൂഫിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവ് മോഹൻ എന്ന പുതുമുഖനടൻ. ചിത്രത്തിലെ സൂഫി നൃത്തവും സൂഫിയുടെ ബാങ്ക് വിളിയുമെല്ലാം പ്രേക്ഷകർ ചർച്ച ചെയ്യുന്നത് കാണുമ്പോൾ ഏറെ സന്തോഷമുണ്ടെന്ന് ഈ ചെറുപ്പക്കാരൻ പറയുന്നു. തൃശൂർ സ്വദേശിയായ ദേവ് ബം​ഗളൂരു കേന്ദ്രീകരിച്ചുള്ള എംഎൻസിയിൽ മെക്കാനിക്കൽ എഞ്ചിനീയറായി ജോലി ചെയ്യുന്നതിനിടയിലാണ് സിനിമയിലേക്ക് എത്തുന്നത്. സൂഫിയായി മാറാനുള്ള തയ്യാറെടുപ്പുകളെ കുറിച്ച് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് മനസ് തുറക്കുകയാണ് ദേവ്.

"ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു ഭാഗമായിരുന്നു, സൂഫി വേർളിംഗ് (കറങ്ങികാെണ്ടുള്ള നൃത്തം). മെഡിറ്റേഷനിലൂടെ ചെയ്യേണ്ടതാണ് അത്. എനിക്ക് ഡാൻസുമായി വലിയ ബന്ധമൊന്നുമില്ല. കഥാപാത്രത്തിന് അത് അത്യാവശ്യവുമാണ്. ഞാൻ യൂട്യൂബിൽ വീഡിയോ നോക്കി പഠിക്കാൻ ശ്രമിച്ചു. കൂടുതൽ മനസ്സിലാക്കാൻ അജ്മീർ ദർഗ സന്ദർശിച്ചു, പക്ഷേ പെട്ടെന്നുള്ള യാത്രയായതിനാൽ സമയം കുറവായിരുന്നു. സൂഫി നൃത്തം ചെയ്യുന്ന ആരെയും എനിക്ക് അവിടെ കണ്ടെത്താനും കഴിഞ്ഞില്ല. പിന്നീട് തുർക്കിയിലെ ഇസ്താംബുളിൽ ആണ് ഇതിന്റെ ഒരു ഹബ്ബ് എന്നു മനസ്സിലാക്കി. ഏതാണ്ട് എട്ടൊൻപതുമാസം എടുത്താണ് സിനിമയ്ക്കു വേണ്ട രീതിയിൽ വേർളിംഗ് ചെയ്യാൻ ഞാൻ പഠിച്ചത്. ആദ്യമൊക്കെ കറങ്ങി നൃത്തം ചെയ്യുമ്പോൾ തലവേദന വരും, ശർദ്ദിക്കാൻ തോന്നും. പിന്നെ ഞാനതുമായി പരിചിതമായി."

അഭിമുഖത്തിന്റെ പൂർണരൂപം ഇവിടെ വായിക്കാം:സൂഫി നൃത്തവും ബാങ്കു വിളിയും; വിശേഷങ്ങൾ പങ്കുവച്ച് ദേവ് മോഹൻ

പുതിയതായി ചിത്രീകരണം ആരംഭിച്ച സിനിമകൾക്ക് ഫിലിം ചേംബറിന്റെ വിലക്ക്

പുതിയതായി ചിത്രീകരണം ആരംഭിച്ച സിനിമകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് ഫിലിം ചേംബർ. കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ​അറുപതോളം സിനിമകളുടെ ചിത്രീകരണം പ്രതിസന്ധിയിലായിരിന്നു. ഈ സാഹചര്യത്തിൽ പുതിയതായി ചിത്രീകരണം ആരംഭിക്കുന്ന സിനിമകളെ ഫിലിം ചേംബർ വിലക്കിയിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഇക്കാര്യത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഫിലിം ചേംബറിന്റെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും വിലക്കുകളെ ഗൗനിക്കാതെ ചില പുതിയ ചിത്രങ്ങൾ അനൗൺസ് ചെയ്യുകയും ചിത്രീകരണം ആരംഭിക്കുകയും ചെയ്തിരുന്നു.

Vijay Sethupathi Ramya Krishna Film

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: