മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവില്‍ (ഡബ്ല്യൂസിസി) നിന്നും രാജിവച്ചതിനെ തുടര്‍ന്ന് സംഘടനയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സംവിധായിക വിധു വിൻസെന്റ്. തന്റെ പിന്മാറ്റത്തെ തുടര്‍ന്ന് ‘അപവാദ പ്രചരണങ്ങൾ നടത്തിയും ഗൂഢാലോചനാ സിദ്ധാന്തങ്ങൾ പടച്ചുവിട്ടും’ തന്നെ പരസ്യമായി വ്യക്തിഹത്യ നടത്താൻ ചിലർ മുതിർന്ന സാഹചര്യത്തിലാണ് വിശദാംശങ്ങള്‍ പങ്കുവയ്ക്കാന്‍ താന്‍ തയ്യാറാകുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിൽ വിധു പറഞ്ഞു.
വിധു വിൻസെന്റ് സംവിധാനം ചെയ്ത ‘സ്റ്റാൻഡ് അപ്’ എന്ന ചിത്രം സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനും നിര്‍മ്മാതാവ് ആന്റോ ജോസഫും ചേര്‍ന്ന് നിർമ്മിച്ചതിന്റെ പേരിൽ ഡബ്ല്യുസിസി ആവശ്യപ്പെട്ട വിശദീകരണത്തിനു നല്‍കിയ മറുപടി കത്തിലാണ് ഡബ്ല്യുസിസിയില്‍ നിന്നും നേരിട്ട വിവേചനാപരമായ പല അനുഭവങ്ങളെക്കുറിച്ചും അംഗങ്ങളുടെ ഇരട്ടത്താപ്പിനെക്കുറിച്ചുമൊക്കെ വിധു തുറന്നെഴുതുന്നത്.
വിധു വിൻസെന്റിന്റെ കത്ത് വായിക്കാം: ഞാൻ നിങ്ങളിൽ പെട്ടവളല്ലെന്ന് ബോധ്യപ്പെടുത്തിയതിൽ നന്ദി; ഡബ്ല്യുസിസിയോട് വിധു വിൻസെന്റ്
ഡബ്ല്യൂസിസിയ്ക്കെതിരെ വസ്ത്രാലങ്കാരക സ്റ്റെഫി
സംവിധായിക വിധു വിൻസ്റ്റിന്റെരാജിയ്ക്ക് പിന്നാലെ മലയാള സിനിമ മേഖലയിലെ വനിത കൂട്ടായ്മയായ ‘വിമെൻ ഇൻ സിനിമ കലക്ടീവിനെ’തിരെ (ഡബ്ല്യൂസിസി) ഗുരുതര ആരോപണവുമായി കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ. വനിതകളുടെ പുരോഗമനത്തിനും, തുല്യതയ്ക്കും അവരുടെ അവകാശങ്ങള്‍ക്കും വേണ്ടി എന്ന് പറഞ്ഞു തുടങ്ങിയ ഒരു സംഘടന പിന്നീട് പ്രധാന അംഗങ്ങളുടെ മാത്രം ഗ്രേഡും, ലെയറും പ്രാധാന്യവും സ്ഥാനവും നോക്കി കാര്യങ്ങൾ തീരുമാനിക്കുകയാണെന്ന് സ്റ്റെഫി കുറ്റപ്പെടുത്തി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സംസ്ഥാന അവർഡ് ജേതാവ് കൂടിയായ സ്റ്റെഫിയുടെ ആരോപണം.
തെലുങ്കിലേക്ക് പോകുന്ന ‘കപ്പേള’; ട്രോളുകള്‍ക്ക് ചാകര
നടനും ദേശീയ പുരസ്കാര ജേതാവുമായ മുഹമ്മദ് മുസ്‌തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ‘കപ്പേള’യ്ക്ക് തെലുങ്കിൽ റീമേക്ക് ഒരുങ്ങുന്നു എന്ന വാർത്തകൾക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളും സജീവമാകുകയാണ്. തെലുങ്ക് ചിത്രങ്ങളുടെ പതിവു രീതികളിലേക്ക് ‘കപ്പേള’യിലെ രംഗങ്ങൾ വന്നാൽ എങ്ങനെയിരിക്കും എന്നാണ് ഈ ട്രോളുകൾ കാണിച്ചുതരുന്നത്.
നായികയെ കാണാൻ ബസിലെത്തുന്ന നായകൻ തെലുങ്ക് റീമേക്കിൽ എത്തുമ്പോൾ വിമാനം പിടിച്ചായിരിക്കും വരികയെന്നാണ് ട്രോളന്മാരുടെ കണ്ടെത്തൽ. ‘കപ്പേള’യുടെ മലയാളം പതിപ്പിൽ ക്ലൈമാക്സിൽ രക്ഷകനായി എത്തുന്ന റോയിയോട് എന്നെ ഒന്നു കടൽ കാണിച്ചു തരാമോ എന്നാണ് നായിക ജെസി ചോദിക്കുന്നത്. തെലുങ്ക് റീമേക്കിൽ നായികയുടെ ആഗ്രഹം കുറഞ്ഞത് ഒരു നയാഗ്ര വെള്ളച്ചാട്ടമെങ്കിലും കാണണം എന്നാകുമെന്ന് ട്രോളുകൾ പറയുന്നു.
അല്ലു അർജ്ജുന്റെ ഏറ്റവും വലിയ ഹിറ്റായ അല വൈകുണ്ഠപുരമുലോ, ജെഴ്സി തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാണക്കമ്പനിയായ സിതാര എന്റർടൈൻമെന്റ്സ് ആണ് ‘കപ്പേള’യുടെ തെലുങ്ക് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സിതാര എന്റർടൈൻമെന്റ്സ് മൂന്നാമതായി എടുക്കുന്ന മലയാളചിത്രമാണ് ‘കപ്പേള.’ ‘പ്രേമം’, ‘അയ്യപ്പനും കോശിയും’ തുടങ്ങിയ ചിത്രങ്ങളുടെ പകർപ്പവകാശം മുൻപ് സിതാര എന്റർടൈൻമെന്റ്സ് സ്വന്തമാക്കിയിരുന്നു.
മുണ്ടുടുത്ത് കുട ചൂടി ചെമ്പിലെ നാട്ടുവഴികളിൽ വിശേഷം പറഞ്ഞ് മമ്മൂട്ടി, വീഡിയോ
സ്വന്തം നാടായ വൈക്കം ചെമ്പിലെ വീട്ടിൽ എത്തിയ മമ്മൂട്ടിയുടെ ഒരു പഴയകാല വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. മുണ്ടുടുത്ത് കുടയും ചൂടി ജനിച്ചുവളർന്ന നാട്ടിലെ ഓർമകളിലൂടെയും കളിച്ചുവളർന്ന ഇടങ്ങളിലൂടെയും യാത്ര ചെയ്യുന്ന മമ്മൂട്ടിയെയാണ് വീഡിയോയിൽ കാണാൻ കഴിയുക. നാട്ടുകാരോട് കുശലം പറഞ്ഞും ഓർമകൾ പങ്കുവച്ചും തന്റെ നാടിനെ പരിചയപ്പെടുത്തുകയാണ് മമ്മൂട്ടി. ഇരുപത് വർഷത്തോളം പഴക്കമുള്ളതാണ് ഈ വീഡിയോ.
വേദനയായി സുശാന്ത്; അവസാനചിത്രം ‘ദിൽ ബെച്ചാര’ ട്രെയിലർ
സുശാന്ത് സിങ് രാജ്പുതിന്റെ അവസാനചിത്രം ‘ദിൽ ബെച്ചാര’യുടെ ഔദ്യോഗിക ട്രെയിലർ റിലീസ് ചെയ്തു. സുശാന്തും സഞ്ജന സാംഘിയും മുഖ്യ വേഷങ്ങളിൽ എത്തുന്ന ചിത്രം ജൂലൈ 24ന് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ റിലീസിനെത്തുന്നു. സെയ്ഫ് അലിഖാനും ചിത്രത്തിലുണ്ട്. കാസ്റ്റിംഗ് ഡയറക്ടറും സുശാന്തിന്റെ അടുത്ത സുഹൃത്തുമായ മുകേഷ് ചബ്രയുടെ ആദ്യ സംവിധാന സംരംഭമാണ് ചിത്രം.
സഞ്ജന സംഘിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ‘ദിൽ ബെച്ചാര’. “പ്രണയത്തിന്റെയും പ്രതീക്ഷയുടെയും അനന്തമായ ഓർമ്മകളുടെയും കഥ,”എന്നാണ് ചിത്രത്തെ കുറിച്ച് സഞ്ജന കുറിച്ചത്. മേയ് എട്ടിന് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ റിലീസ് വൈകുകയായിരുന്നു.
‘365 ഡേയ്സ്’ ലൈംഗികക്കടത്തിനെ മഹത്വവത്കരിക്കുന്നുവെന്ന് ആരോപണം; ചിത്രം പിൻവലിക്കില്ലെന്ന് നെറ്റ്ഫ്ലിക്സ്
നെറ്റ്ഫ്ളിക്സ് ചിത്രങ്ങളിൽ ഏറെ ട്രെൻഡിംഗ് ആയ പോളിഷ് ചിത്രമാണ് ‘365 ഡേയ്സ്’. സിസിലിയൻ മാഫിയ തലവൻ ഒരു സ്ത്രീയെ തട്ടികൊണ്ടുപോയി തടങ്കിൽ പാർപ്പിക്കുന്നതും അയാളുമായി പ്രണയത്തിലാവാൻ 365 ദിവസങ്ങൾ സമയപരിധി നിശ്ചയിക്കുന്നതുമാണ് ചിത്രത്തിന്റെ കഥ. ലൈംഗിക്കടത്ത്, തട്ടികൊണ്ടുപോകൽ, ബലാത്സംഗം എന്നിവയെ സിനിമ മഹത്വവത്കരിക്കുന്നു എന്നു ചൂണ്ടികാണിച്ച് ബ്രിട്ടീഷ് ഗായകൻ ഡഫി ഉൾപ്പെടെ നിരവധിപേർ സിനിമയ്ക്കെതിരെ രംഗത്തുവന്നിരുന്നു. എന്നാൽ ചിത്രം പിൻവലിയ്ക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നെറ്റ്ഫ്ളിക്സ്.
ബ്ലാങ്ക ലിപിൻസ്കയുടെ പുസ്തകത്തെ അവലംബിച്ച് ഒരുക്കിയ ‘365 ഡേയ്സ്’ ലൈംഗികക്കടത്തിനെ മഹത്വവത്കരിക്കുകയാണെന്ന് ചൂണ്ടികാട്ടി ബ്രിട്ടീഷ ഗായകൻ ഡഫി നെറ്റ്ഫ്ളിക്സ് ചീഫ് എക്സിക്യൂട്ടീവ് റീഡ് ഹേസ്റ്റിംഗ്സിന് കത്തെഴുതിയിരുന്നു. ഡഫിയുടെ കത്ത് ഒരു മാധ്യമത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടതോടെ, Change.org എന്ന സംഘടനയും ചിത്രം പിൻവലിക്കണം എന്നാവശ്യപ്പെട്ട് രംഗത്തുവരികയും നിവേദനം സമർപ്പിക്കുകയും ചെയ്തിരുന്നു. 6000ത്തിൽ ഏറെപ്പേരാണ് നിവേദനത്തിൽ ഒപ്പിട്ടത്.
‘തട്ടത്തിൻമറയത്തെ’ ഓർമകളിൽ നിവിൻ പോളി
നിവിൻ പോളി എന്ന നടന്റെ കരിയറിൽ വലിയൊരു ബ്രേക്ക് സമ്മാനിച്ച ചിത്രമാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘തട്ടത്തിൻ മറയത്ത്’. ചിത്രം റിലീസിനെത്തിയിട്ട് എട്ടുവർഷം പൂർത്തിയാകുമ്പോൾ ഓർമകൾ പങ്കുവയ്ക്കുകയാണ് നിവിൻ പോളി.
വിനോദും ആയിഷയുമായി നിവിനും ഇഷ തൽവാറും തിളങ്ങിയപ്പോൾ പയ്യന്നൂർ കോളേജിന്റെ വരാന്തയും ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. ഇഷ തൽവാറിന്റെ ആദ്യമലയാളചിത്രമായിരുന്നു ‘തട്ടത്തിൻ മറയത്ത്’.
വിഖ്യാത ഇറ്റാലിയൻ സംഗീതജ്ഞൻ എനിയോ മോറികോൺ അന്തരിച്ചു
വിഖ്യാത ഇറ്റാലിയൻ സംഗീതജ്ഞനും ഓസ്കാർ ജേതാവുമായ എനിയോ മോറികോൺ (91) അന്തരിച്ചു. തുടയെല്ലിന് പരിക്കേറ്റ് റോമിലെ ആശുപത്രിയിൽ കഴിയവേയാണ് മരണം സംഭവിച്ചതെന്നാണ് ഇറ്റാലിയൻ ദിനപത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ‘ദി ഹേറ്റ്ഫുൾ എയ്റ്റ്’ എന്ന ചിത്രത്തിലൂടെ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ഓസ്കാർ പുരസ്കാരം എനിയോ മോറികോൺ സ്വന്തമാക്കിയിരുന്നു.
സ്പെഗറ്റി വെസ്‌റ്റേൺ സിനിമകൾക്ക് പശ്ചാത്തല സംഗീതമൊരുക്കി ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കാൻ മോറികോണിനു സാധിച്ചിരുന്നു. ‘ ദ ഗുഡ്, ദ ബാഡ്, ആൻഡ് ദ അഗ്ലി’ ഗാനങ്ങളുടെ സംഗീതം മോറികോണ് ഏറെ പ്രശംസ നേടി കൊടുത്തിരുന്നു. ഇറ്റാലിയൻ സംവിധായകനായ സെർജിയോ ലിയോൺ ഒരുക്കിയ ‘ഡോളർസ് ട്രിലജി ‘ എന്നറിയപ്പെടുന്ന ‘ എ ഫിസ്‌റ്റ്ഫുൾ ഒഫ് ഡോളേഴ്സ് ( 1964 ), ‘ ഫോർ എ ഫ്യൂ ഡോളേഴ്സ് മോർ ( 1965 )’, ‘ ദ ഗുഡ് ദ ബാഡ് ആൻഡ് ദ അഗ്ലി ( 1966) ‘ എന്നീ മൂന്നു ചിത്രങ്ങൾക്കും പശ്ചാത്തല സംഗീതമൊരുക്കിയതുവഴി ഏറെ ജനപ്രീതി എനിയോ മോറികോൺ നേടിയിരുന്നു.
സ്റ്റൈലിഷ് ലുക്കിൽ മീര നന്ദൻ, ചിത്രങ്ങൾ
ദിലീപ് നായകനായ ‘മുല്ല’ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് എത്തിയ താരമാണ് മീര നന്ദൻ. ഒരുപിടി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചതിനു ശേഷം മീര സിനിമയോട് തൽക്കാലത്തേക്ക് വിടപറയുകയായിരുന്നു. ഇപ്പോൾ ദുബായിലെ അറിയപ്പെടുന്ന റേഡിയോ ജോക്കികളിൽ ഒരാളാണ് മീര. സിനിമയിൽനിന്നും മാറി നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയ വഴി തന്റെ വിശേഷങ്ങൾ മീര പങ്കുവയ്ക്കാറുണ്ട്. ഒരു ഫൊട്ടോഷൂട്ടിൽനിന്നുളള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുകയാണ് മീര. സ്റ്റൈലിഷ് ലുക്കിലാണ് മീര ഫൊട്ടോയിലുളളത്.
കൂടുതൽ ചിത്രങ്ങൾ കാണാം: മീര ഇൻ സ്റ്റൈൽ; ചിത്രങ്ങൾ
സുശാന്തിന്റെ മരണം വിഷാദത്തിലേക്ക് നയിച്ചു; 45കാരി ആത്മഹത്യ ചെയ്തു
ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മരണം വിഷാദത്തിലേക്ക് നയിച്ചതിനെ തുടർന്ന്, ജൂലൈ ഒന്നിന് മുംബൈ സ്വദേശിയായ നാൽപ്പത്തിയഞ്ചുകാരി ആത്മഹത്യ ചെയ്തു. പഞ്ചാബ് മഹാരാഷ്ട്ര ബാങ്ക്(പിഎംസി) നിക്ഷേപക കൂടിയായിരുന്നു. ബാങ്ക് അഴിമതിയെ തുടർന്ന് പണം നഷ്ടപ്പെട്ട ഇവർ കടുത്ത വിഷാദത്തിലൂടെ കടന്നു പോകുകയായിരുന്നു. സുശാന്ത് സിങ് രാജ്പുതിന്റെ മരണം ഇവരെ കൂടുതൽ ബാധിച്ചിരുന്നുവെന്നും തുടർന്നായിരുന്നു ആത്മഹത്യയെന്നും ബോളിവുഡ് ലൈഫ് റിപ്പോർട്ട് ചെയ്യുന്നു.
മരിക്കുമ്പോൾ യുവതി വീട്ടിൽ തനിച്ചായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. “പിഎംസി അഴിമതി പുറത്തുവന്ന കാലം മുതൽ അവരുടെ മാനസികാവസ്ഥ മോശമായിരുന്നു. കഴിഞ്ഞ ഒരു മാസമായി സ്ഥിതിഗതികൾ വഷളായി, പ്രത്യേകിച്ച് സുശാന്ത് സിങ് രാജ്പുതിന്റെ മരണശേഷം.”
Read more: സുശാന്തിന്റെ മരണം സ്ഥിതിഗതികൾ വഷളാക്കി, വിഷാദരോഗിയാക്കി; നാൽപ്പത്തിയഞ്ചുകാരി ആത്മഹത്യ ചെയ്തു