പ്രിയ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീർ വിടപറഞ്ഞിട്ട് ഇന്ന് 26 വർഷം പിന്നിടുകയാണ് ഇന്ന്. മെഗാസ്റ്റാർ മമ്മൂട്ടിയടക്കമുള്ളവർ ബേപ്പൂർ സുൽത്താന്റെ ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുന്നു. ‘ഓർമ്മയിൽ എന്നും കഥകളുടെ സുല്‍ത്താൻ’ എന്ന കാപ്ഷനോടു കൂടിയാണ് ബേപ്പൂർ സുൽത്താന്റെ ചിത്രം ഫെയ്‌സ്ബുക്കിൽ പങ്കുവച്ചത്. ബഷീറിന്റെ ‘മതിലുകൾ’ സിനിമയാക്കിയപ്പോൾ അതിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ചത് മമ്മൂട്ടിയായിരുന്നു.
ടോവീനോ തോമസ്, മനോജ് കെ ജയൻ തുടങ്ങിയവരും അദ്ദേഹത്തെ അനുസ്മരിച്ചു. ബഷീറിന്റെ കഥയായ പൂവൻപഴത്തിലെ അബ്ദുൾ ഖാദറായി അഭിനയിച്ചതിന്റെ ഓർമയാണ് മനോജ് കെ ജയൻ പങ്കുവച്ചത്. ബഷീറിന്റെ ‘പ്രേമലേഖനം’ സീരിയൽ നടനായ അമൽരാജ് ഓഡിയോരൂപത്തിൽ അവതരിപ്പിക്കുന്നതിന്റെ വീഡിയോ ടൊവീനോയും പങ്കുവച്ചിരിക്കുന്നു.
‘അമ്മ’ യോഗം കണ്ടെയ്ൻമെന്റ് സോണിലെന്ന് ആരോപണം
കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച്, മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’ കൊച്ചിയിൽ യോഗം ചേർന്നു എന്ന് ആരോപണമുയർന്ന ദിവസമാണിന്ന്. ‘അമ്മ യോഗം കണ്ടെയ്ൻമെന്റ് സോണിലെ ഹോട്ടലിൽ യോഗം ചേർന്നുവെന്നായിരുന്നു വാർത്തകൾ പുറത്തുവന്നത്. എന്നാൽ ഹോട്ടലുള്ളത് കണ്ടെയ്ൻമെന്റ് സോണിലല്ലെന്നും പ്രശ്നമില്ലെന്നും പറഞ്ഞതുകൊണ്ടാണ് തങ്ങൾ യോഗം ചേരാൻ തീരുമാനിച്ചതെന്നും എന്നാൽ അങ്ങിനയല്ല കാര്യങ്ങൾ എന്നറിഞ്ഞതോടെ തങ്ങൾ യോഗം നിർത്തിവച്ചെന്നും അമ്മ പ്രതിനിധി ഇടവേള ബാബു പറഞ്ഞു. നിയമം ലംഘിച്ച് യോഗം ചേരേണ്ട യാതൊരു അത്യാവശ്യവും തങ്ങൾക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്ടെയ്ൻമെന്റ് സോണായ ചക്കരപ്പറമ്പിലെ ഹോട്ടലിലായിരുന്നു സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗം. എന്നാൽ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് എത്തി യോഗം നിർത്തിവയ്ക്കണം എന്നാവശ്യപ്പെടുകയും ഹോട്ടൽ അടപ്പിക്കുകയും ചെയ്തിരുന്നു.
ബാംഗ്ലൂർ ഡേയ്സ്
ബാംഗ്ലൂർ ഡെയ്‌സ് സിനിമയിൽ ദുൽഖർ, നിവിൻ, നസ്രിയ, ഫഹദ്, എന്നിവരുടെ കഥാപാത്രങ്ങൾ മറ്റു താരങ്ങൾ ചെയ്താൽ എങ്ങിനെയിരിക്കും. അത്തരമൊരു പരീക്ഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ‘ബാംഗ്ലൂർ ഡെയ്സ് കാസ്റ്റിംഗ് ചേഞ്ച്’ എന്ന പേരിലാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്.
സുശാന്തിന്റെ ഓർമകളിൽ സഞ്ജന
ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ ഓർമകളിൽ ഹൃദയം തൊടുന്ന വാക്കുകളുമായി അദ്ദേഹത്തിന്റെ അവസാന ചിത്രമായ ‘ദിൽ ബെച്ചാരെ’യിലെ നായിക സഞ്ജന സാംഘി
“നിന്റെ പൊട്ടത്തരങ്ങൾക്കും തമാശകൾക്കും ഇനിയും ചിരിക്കണം, വഴക്കിടണം” എന്ന് പറഞ്ഞ് ദീർഘമായൊരു കുറിപ്പാണ് സഞ്ജന പങ്കുവച്ചിരിക്കുന്നത്.
ബച്ചന്റെ വേഷത്തിൽ ഗിന്നസ് പക്രു
ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ അദ്ദേഹം തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട് ഗിന്നസ് പക്രു. ഇക്കുറി ഇന്ത്യൻ സിനിമയുടെ ഇതിഹാസ താരം സാക്ഷാൻ അമിതാഭ് ബച്ചന്റെ വേഷത്തിലാണ് ഗിന്നസ് പക്രു എത്തിയിരിക്കുന്നത്.
ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ബച്ചൻ കുഞ്ഞ് എന്നാണ് ചിലർ അദ്ദേഹത്തെ വിളിച്ചിരിക്കുന്നത്. ബോളിവുഡ് കണ്ടാൽ ഷോലെയുടെ രണ്ടാം ഭാഗം ചെയ്യാൻ തട്ടിക്കൊണ്ടു പോകും എന്നും കമന്റുണ്ട്.
അമ്മയുടെ വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ച് മിലിന്ദ് സോമൻ
’15 പുഷപ്പുകളെടുത്ത് എൺപത്തൊന്നാം ജന്മദിനം ആഘോഷിച്ച’ തന്റെ അമ്മയുടെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് നടൻ മിലിന്ദ് സോമൻ. ജൂലൈ മൂന്നിന് അമ്മയ്ക്ക് 81 വയസ് തികഞ്ഞുവെന്നും 15 പുഷപ്പുകളെടുത്താണ് അമ്മ ജന്മദിനം ആഘോഷിച്ചതെന്നും മിലിന്ദ് പറയുന്നു.
Read More: ഫിറ്റ്‌നെസ്സ് മുഖ്യം ബിഗിലേ; അമ്മയുടെ വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ച് മിലിന്ദ് സോമൻ
തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ കോവിഡ് ഒപിയിൽ തനിക്ക് മോശം അനുഭവമുണ്ടായതായി സംവിധായകൻ സനൽകുമാർ ശശിധരൻ. ജനറൽ ഹോസ്പിറ്റലിലെ കോവിഡ് ഒപിയിൽ പോയി മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നതായി ഫെയ്‌സ്ബുക്ക് കുറിപ്പിൽ സംവിധായകൻ പറയുന്നു. പനിയുടെ ലക്ഷണങ്ങളുമായാണ് സംവിധായകൻ ആശുപത്രിയിൽ പോയത്. അവിടെ ഒരാളുടെ വിവരം ശേഖരിക്കാൻ തന്നെ അരമുക്കാൽ മണിക്കൂർ എടുക്കുന്നതായി അദ്ദേഹം പറഞ്ഞു. ആലുകൾ മാസ് ഉപയോഗത്തിൽ വീഴ്ചവരുത്തുന്നുവെന്നും സനൽകുമാർ ശശിധരൻ പറഞ്ഞു.
“വലിച്ചുകെട്ടിയിട്ടുള്ളതിനു താഴെ ഏതാണ്ട് മുപ്പത് മുപ്പത്തഞ്ചോളം ആളുകൾ കാത്തിരിക്കുന്നു. ഒരാളുടെ വിവരം ശേഖരിക്കാൻ തന്നെ അരമുക്കാൽ മണിക്കൂർ എടുക്കുന്നു. എല്ലാവരും മാസ്ക് ഒക്കെ വെച്ചിട്ടുണ്ടെങ്കിലും പലരും തുപ്പാൻ മുട്ടുമ്പോൾ മാസ്ക് താഴ്ത്തി വിശാലമായി തുപ്പുന്നു, തുമ്മുന്നു,” ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു.