“സുശാന്ത്, ആരു പറഞ്ഞു നിങ്ങൾ മരിച്ചെന്ന്, നിങ്ങൾ ഈ പാട്ടിലും ജീവിക്കുകയാണല്ലോ?” സുശാന്ത് സിങ് രാജ്പുതിന്റെ അവസാനചിത്രം ‘ദിൽ ബെച്ചാര’യിലെ ഗാനത്തിന്റെ വീഡിയോക്ക് കീഴിൽ ആരാധകരിലൊരാൾ കമൻഡ് ചെയ്തതാണിത്. ‘ദിൽ ബെച്ചാര’യിലെ ഗാനത്തിന്റെ വീഡിയോ ആണ് ആരാധകർ നെഞ്ചിലേറ്റിക്കഴിഞ്ഞു.
സുശാന്തും സഞ്ജന സാംഘിയും മുഖ്യ വേഷങ്ങളിൽ എത്തുന്ന ചിത്രം ജൂലൈ 24ന് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ റിലീസd ചെയ്യും. സെയ്ഫ് അലിഖാനും ചിത്രത്തിലുണ്ട്. കാസ്റ്റിംഗ് ഡയറക്ടറും സുശാന്തിന്റെ അടുത്ത സുഹൃത്തുമായ മുകേഷ് ചബ്രയുടെ ആദ്യ സംവിധാന സംരംഭമാണ് ചിത്രം. സഞ്ജന സംഘിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ‘ദിൽ ബെച്ചാര’.
സുശാന്തുമായുള്ള അടുപ്പം പങ്കുവച്ച് സുബ്ബലക്ഷ്മിയമ്മ
സുശാന്തിന്റെ അവസാനചിത്രം ‘ദിൽ ബെച്ചാര’യിൽ താരത്തിന്റെ അമ്മൂമ്മയായി അഭിനയിച്ചത് സുബ്ബലക്ഷ്മിയമ്മ ആയിരുന്നു. രാവിലെ മുതൽ വൈകിട്ട് വരെ ഒന്നിച്ച് ചിലവഴിച്ച ആ ഒമ്പതുദിവസങ്ങൾ കൊണ്ട് തന്നെ സ്വന്തം വീട്ടിലെ കുട്ടിയെ പോലെ ഏറെ അടുത്തിരുന്നു സുശാന്ത് എന്നാണ് സുബ്ബലക്ഷ്മിയമ്മ പറയുന്നത്.
“സിനിമയിൽ സുശാന്തിന് അമ്മയേക്കാളും അച്ഛനേക്കാളുമൊക്കെ ഇഷ്ടം അമ്മൂമ്മയോടാണ്. സ്നേഹമുള്ള ഒരു മുത്തശ്ശിയും പേരക്കുട്ടിയുമായാണ് ഞങ്ങൾ അഭിനയിച്ചത്. അവനെന്നെ നാനീ… നാനീ… എന്നാണ് വിളിച്ചുകൊണ്ടിരുന്നത്. വളരെ സ്നേഹത്തോടെയുള്ള പെരുമാറ്റമായിരുന്നു. ഓരോ ഷോട്ട് കഴിയുമ്പാഴും അവൻ എന്തെങ്കിലും പാട്ട് പാടുകയോ ഡാൻസ് ചെയ്യുകയോ ചെയ്യും, ഞാനും ഒപ്പം കൂടും. ഹിന്ദി പാട്ടുകളൊക്കെ എനിക്ക് വളരെ ഇഷ്ടമാണ്. ഗിറ്റാറും പിടിച്ച് പാട്ടുപാടി ഉത്സാഹത്തോടെ നടക്കും അവൻ. ഷോട്ട് കഴിഞ്ഞാൽ പിന്നെ കളിചിരികളായിരുന്നു,” സുശാന്തിനെ കുറിച്ചുള്ള ഓർമകൾ സുബ്ബലക്ഷ്മിയമ്മ ഇന്ത്യൻ എക്സ്പ്രസ് മലയാളവുമായി പങ്കുവച്ചു.
മുപ്പത്തിയേഴാം വയസിൽ അമ്മയായപ്പോൾ
മലയാള സിനിമയിലെ ഒരു കാലഘട്ടത്തിന്റെ പ്രിയപ്പെട്ട നടിയായിരുന്നു ദിവ്യ ഉണ്ണി. അഭിനയത്തിൽനിന്നു വിട്ടുനിൽക്കുകയാണെങ്കിലും നൃത്തപരിപാടികളും മറ്റുമായി സജീവമാണ് ദിവ്യയുടെ കലാജീവിതം. കഴിഞ്ഞ ജനുവരിയിൽ ദിവ്യയുടെ ജീവിതത്തിലേക്ക് ഒരു മാലാഖ കുഞ്ഞ് കൂടി എത്തിയിരുന്നു. ജനുവരി 14ന് ആയിരുന്നു ദിവ്യയുടെ മൂന്നാമത്തെ കുഞ്ഞ് ഐശ്വര്യയുടെ ജനനം. മുപ്പത്തിയേഴാം വയസിൽ അമ്മയായ അനുഭവം പങ്കുവയ്ക്കുകയാണ് ദിവ്യ.
“പ്രായത്തെ കുറിച്ചോർത്ത് ആദ്യം ഉത്കണ്ഠകൾ ഉണ്ടായിരുന്നെങ്കിലും സാധാരണ പ്രസവം തന്നെയായിരുന്നു. ഗർഭകാലത്തുണ്ടാവുന്ന മോണിങ്ങ് സിക്ക്നസ് ഒക്കെ എനിക്കുമുണ്ടായിരുന്നു.അതോർത്ത് ഒരു കാര്യവും മാറ്റിവയ്ക്കേണ്ടി വന്നിട്ടില്ല. രണ്ടാം മാസം മുതൽ തന്നെ ഡാൻസ് ചെയ്തു. അത് അവസാന എട്ടുമാസത്തോളം നീണ്ടു എന്നതാണ് വലിയ കാര്യം,” ദിവ്യ പറഞ്ഞു.
‘ശകുന്തള ദേവി’യായി വിദ്യ ബാലൻ
വിദ്യാ ബാലൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന’ശകുന്തള ദേവി’യുടെ ട്രെയിലറെത്തി. ഹ്യൂമന് കംപ്യൂട്ടർ എന്ന വിളിപ്പേരിൽ അറിയിപ്പെട്ടിരുന്ന, ഗണിതശാസ്ത്ര പ്രതിഭയായിരുന്ന ശകുന്തളാവേദിയുടെ വേഷമാണ് ചിത്രത്തിൽ വിദ്യാബാലൻ അവതരിപ്പിക്കുന്നത്.
അനു മേനോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിക്രം മൽഹോത്രയാണ് നിർമാതാവ്. തിയേറ്റർ റിലീസായി തീരുമാനിച്ചിരുന്ന ചിത്രം കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓടിടി റിലീസായി പ്രഖ്യാപിക്കുകയായിരുന്നു. ആമസോൺ പ്രൈം വഴിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.
സകുടുംബം പിഷാരടി
തമാശകളുടെ ഹോൾസെയിൽ കടയാണ് നടനും സംവിധായകനും അവതാരകനും മിമിക്രിതാരവുമായ രമേഷ് പിഷാരടി. എന്തു പറയുമ്പോഴും അതിൽ ഇത്തിരി നർമം കൂടി കലർത്താൻ ഇഷ്ടപ്പെടുന്ന നടൻ. അതിനാലാവാം പിഷാരടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും ആരാധകർക്ക് എപ്പോഴും ആവേശമാണ്. എല്ലാ ചിത്രങ്ങൾക്കൊപ്പവും കാണും, ചിരിപ്പിക്കുന്നതോ ചിന്തിക്കുന്നതോ ആയ വേറിട്ടൊരു ക്യാപ്ഷൻ.
ഇത്തവണ തന്റെ കുടുംബചിത്രമാണ് പിഷാരടി ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. ഭാര്യയും മക്കളുമായി ചിരിയോടെ നിൽക്കുന്ന ഫോട്ടോയെ ‘ഇതൊരു ഫാമിലി എന്റർടെയ്നർ ചിത്രം’ എന്നാണ് പിഷാരടി വിശേഷിപ്പിച്ചിരിക്കുന്നത്. അഞ്ചുപേരും ഒന്നിച്ചൊരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്നത് ആദ്യമാണെന്നും പിഷാരടി പറയുന്നു.
അവതാരക മീര അനിൽ വിവാഹിതയായി
ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരക മീര അനിൽ വിവാഹിതയായി. മല്ലപ്പള്ളി സ്വദേശിയായ വിഷ്ണുവാണ് വരൻ. തിരുവനന്തപുരത്തുവെച്ചായിരുന്നു വിവാഹം. ജൂൺ അഞ്ചിന് നിശ്ചയിച്ചിരുന്ന വിവാഹം കോവിഡിന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തിൽ നീട്ടിവയ്ക്കുകയായിരുന്നു.
- Read More: അവതാരക മീര അനിൽ വിവാഹിതയായി; ചിത്രങ്ങൾ
മാസ് ലുക്കിൽ ‘വാനമ്പാടി’ താരം ഉമ നായർ
‘വാനമ്പാടി’ എന്ന സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് ഉമ നായർ. സീരിയലിലെ കേന്ദ്രകഥാപാത്രമായ അനുമോളുടെ സ്നേഹനിധിയായ വല്യമ്മ നിർമ്മലയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉമയെ എപ്പോഴും കേരള തനിമയുള്ള വസ്ത്രങ്ങളിലാണ് പ്രേക്ഷകർക്ക് കണ്ടു പരിചയം. ഇപ്പോഴിതാ, മുണ്ടും ഷർട്ടും ഷൂസുമണിഞ്ഞ് അൽപ്പം മാസ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് ഉമ.
‘നോക്കേണ്ട ഉണ്ണി ഇത് ഞാൻ അല്ല, എന്ന രസകരമായ ക്യാപ്ഷനോടെയാണ് ഉമ ചിത്രം പങ്കുവച്ചിരിക്കുന്നത്.