ബോളിവുഡിന്റെ സ്വന്തം ബിഗ് ബിയ്ക്ക് കോവിഡ് സ്ഥിതീകരിച്ചു എന്ന വാർത്തയെ ഞെട്ടലോടെയാണ് സിനിമാലോകവും പ്രേക്ഷകരും കേട്ടത്. മുംബൈ നാനാവതി ആശുപത്രിയിൽ നിരീക്ഷണത്തിലാണ് ബിഗ് ബിയും മകൻ അഭിഷേക് ബച്ചനും. ഇവരെ കൂടാതെ ഐശ്വര്യറായ്, മകൾ ആരാധ്യ എന്നിവർക്കും കോവിഡ്-19 സ്ഥിതീകരിച്ചിരുന്നു. ലോകമെമ്പാടുമുള്ള ബിഗ് ബി ആരാധകർ താരത്തിനും താരകുടുംബത്തിനും വേഗം സുഖപ്പെടാനുള്ള പ്രാർത്ഥനകളിലാണ്.
അമിതാഭ് ബച്ചനും കുടുംബവും സുഖംപ്രാപിച്ച് തിരിച്ചെത്താനായി മൃത്യുഞ്ജയ ഹോമം നടത്തുകയാണ് ഒരുകൂട്ടം ആരാധകർ. കൊൽക്കത്തയിലെ ബച്ചൻ ആരാധകരാണ് ഹോമം സംഘടിപ്പിച്ചിരിക്കുന്നത്. ‘ബച്ചൻ കുടുംബം സുഖം പ്രാപിക്കുന്നതുവരെ ഹോമം തുടരും,”എന്ന് അമിതാഭ് ബച്ചൻ ഫാൻസ് അസോസിയഷൻ ഭാരവാഹി സഞ്ജയ് പട്ടോഡിയ പറയുന്നു.
ജൂലൈ 11നാണ് തനിക്ക് കോവിഡ്-19 സ്ഥിതീകരിച്ച വിവരം ട്വിറ്ററിലൂടെ ബിഗ് ബി ലോകത്തെ അറിയിച്ചത്. ബച്ചന്റെ ആരോഗ്യനിലയിൽ ആശങ്ക വേണ്ട, നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു.
ബച്ചൻ കുടുംബത്തിന് കോവിഡ് സ്ഥിതീകരിച്ചതോടെ ബച്ചന്റെ നാലു ബംഗ്ലാവുകളിലായി ജോലി ചെയ്തു വരുന്ന ഇരുപത്തിയാറോളം സ്റ്റാഫുകളെയും ടെസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇവരുടെയെല്ലാം പരിശോധനാഫലം നെഗറ്റീവാണ്. ജൂഹുവിലെ ബച്ചന്റെ നാലു ബംഗ്ലാവുകളും സീൽ ചെയ്യുകയും കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. ബച്ചന്റെ ഭാര്യയും നടിയുമായ ജയ ബച്ചനെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു.
മകന്റെ ചിത്രം പങ്കുവച്ച് സൗബിൻ
2019 മേയ് 10 നാണ് മലയാളികളുടെ പ്രിയനടൻ സൗബിനും ഭാര്യ ജാമിയയ്ക്കും ഒരു ആൺകുഞ്ഞ് ജനിച്ചത്. ഒർഹാൻ എന്നാണ് സൗബിൻ മകനു പേരു നൽകിയിരിക്കുന്നത്. ഇടയ്ക്ക് മകന്റെ ചിത്രങ്ങൾ സൗബിൻ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. കുഞ്ഞു ഒർഹാനൊപ്പമുള്ള പുതിയൊരു ചിത്രമാണ് ഇപ്പോൾ സൗബിൻ പങ്കുവച്ചിരിക്കുന്നത്.
അച്ഛന്റെ തോളിൽ ഇരുന്നൊരു കായൽക്കാഴ്ച
ലോക്‌ഡൗൺ കാലം വീട്ടിൽ കുടുംബാംഗങ്ങൾക്കും കുട്ടികൾക്കുമൊപ്പം ചെലവഴിക്കുകയാണ് ജയസൂര്യ. മകൾ വേദയ്ക്ക് ഒപ്പമുള്ള ഏതാനും ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്കുവയ്ക്കുന്നത്. അച്ഛന്റെ തോളിൽ ഇരുന്ന് കായൽക്കാഴ്ചകൾ കാണുകയാണ് കുഞ്ഞ് വേദ. കൊച്ചി മറൈൻ ഡ്രൈവിലെ ജയസൂര്യയുടെ അപ്പാർട്ട്മെന്റിൽ നിന്നുള്ളതാണ് ചിത്രങ്ങൾ.
View this post on Instagram
നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ ഗുരുതരാവസ്ഥയിൽ
കോട്ടയം: നടനും തിരക്കഥാകൃത്തും നാടകകൃത്തുമായ പി ബാലചന്ദ്രൻ അതീവ ഗുരുതരാവസ്ഥയിൽ. പ്രമേഹം അനിയന്ത്രിതമായതിനെ തുടർന്നാണ് അബോധാവസ്ഥയിൽ ആയത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇപ്പോൾ വൈക്കത്തെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. ഭാര്യ ശ്രീലതയും മക്കളും അടുത്ത ബന്ധുക്കളും ആശുപത്രിയിലുണ്ട്.
കൊല്ലം ശാസ്താംകോട്ട സ്വദേശിയായ ബാലചന്ദ്രൻ അധ്യാപന രംഗത്തു നിന്നുമാണ് സിനിമയിലേക്ക് എത്തിയത്. നടൻ, തിരക്കഥാകൃത്ത്, നാടക സംവിധായകൻ, രചയിതാവ്, സിനിമ സംവിധായകൻ, നിരൂപകൻ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ബാലചന്ദ്രനെ കേരള സംഗീതനാടക അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള ചലച്ചിത്ര അക്കാദമി അവാർഡ് തുടങ്ങിയ പുരസ്കാരങ്ങളും തേടിയെത്തിയിരുന്നു.
പ്രണവിനെ വിഷ് ചെയ്യുന്നില്ലേ എന്നു ചോദിച്ചവർക്ക് കല്യാണിയുടെ മറുപടി
മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാലിന്റെ പിറന്നാൾ ആയിരുന്നു ഇന്നലെ. കുടുംബവും സുഹൃത്തുക്കളും ആരാധകരുമെല്ലാം ചേർന്ന് ആഘോഷപൂർവ്വം തന്നെ പ്രണവിന്റെ ജന്മദിനമാഘോഷിക്കുകയും ചെയ്തു. ഇപ്പോഴിതാ, പ്രണവിന് വൈകിയ പിറന്നാൾ ആശംസയുമായി എത്തിയിരിക്കുകയാണ് അഭിനേത്രിയും പ്രണവിന്റെ കളിക്കൂട്ടുകാരിയും കുടുംബസുഹൃത്തുമായ കല്യാണി പ്രിയദർശൻ.
പ്രണവിനെ വിഷ് ചെയ്യുന്നില്ലേ എന്നു ചോദിക്കുന്നവർക്കുള്ള മറുപടിയാണ് ഈ പോസ്റ്റ് എന്നാണ് കല്യാണി പ്രിയദർശൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിക്കുന്നത്. “എനിക്കറിയാം നീ സോഷ്യൽ മീഡിയയിൽ അത്ര ആക്റ്റീവ് അല്ലെന്ന്, എന്തുകൊണ്ടാണ് പ്രണവിനെ വിഷ് ചെയ്യാത്തത് എന്നു നിരന്തരംം ചോദിച്ചുകൊണ്ടിരിക്കുന്നവർക്കുള്ള മറുപടിയാണ് ഇത്,” എന്ന മുഖവുരയോടെയാണ് തന്റെ ജന്മദിനാശംസ കല്യാണി കുറിച്ചിരിക്കുന്നത്. പ്രണവിനും സഹോദരി വിസ്മയയ്ക്കും ഒപ്പമുള്ള ഒരു ചിത്രവും കല്യാണി പങ്കുവച്ചിട്ടുണ്ട്.
സാറാ അലിഖാന്റെ ഡ്രൈവർക്ക് കോവിഡ്-19
സാറാ അലിഖാന്റെ ഡ്രൈവർക്ക് കോവിഡ് സ്ഥിതീകരിച്ചു. തുടർന്ന് സാറാ അലിഖാൻ, കുടുംബാംഗങ്ങൾ, സ്റ്റാഫ് മെമ്പറുകൾ എന്നിവർക്ക് കോവിഡ് ടെസ്റ്റ് നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. സാറ തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്. ഡ്രൈവറെ ക്വാറന്റൈൻ സെന്ററിലേക്ക് മാറ്റിയെന്നും തനിക്കും കുടുംബാംഗങ്ങൾക്കും മറ്റു സ്റ്റാഫുകൾക്കും കോവിഡ് ടെസ്റ്റ് നടത്തിയെങ്കിലും ഫലം നെഗറ്റീവ് ആണെന്ന് സാറ കുറിക്കുന്നു.
View this post on Instagram
ചാക്കോച്ചന്റെ പുതിയ കാർ
മലയാളത്തിന്റെ പ്രിയനടൻ കുഞ്ചാക്കോബോബന്റെയും പ്രിയയുടെയും ഇസഹാഖിന്റെയും വീട്ടിലേക്ക് യാത്രകൾക്ക് കൂട്ടായി പുതിയൊരു അതിഥിയെത്തിയിരിക്കുകയാണ്. മിനി കൂപ്പറിന്റെ സ്പെഷ്യൽ എഡിഷൻ സ്വന്തമാക്കിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചൻ. അൽപ്പമേറെ സ്പെഷ്യലാണ്, ചാക്കോച്ചന്റെ ഈ പുതിയ കൂട്ടുകാരൻ. ഇന്ത്യയില്‍ ഈ സ്പെഷ്യൽ എഡിഷനിൽ വരുന്ന കാറുകൾ ആകെ 20 എണ്ണമാണ്, കേരളത്തിൽ നാലും. അതിലൊന്നാണ് ചാക്കോച്ചൻ സ്വന്തമാക്കിയിരിക്കുന്നത്.
മിനികൂപ്പറിന്റെ അറുപതാം വാർഷികത്തോട് അനുബന്ധിച്ച് വിപണിയിലെത്തിച്ച മോഡലാണ് ഇത്. കൂപ്പര്‍ എസിന്റെ മൂന്ന് ഡോര്‍ വകഭേദമാണ് സ്‌പെഷ്യല്‍ എഡിഷനിലുള്ളത്. ഏകദേശം 40 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
പാരമ്പര്യ ലുക്കിൽ തിളങ്ങി അനിഘ, ചിത്രങ്ങൾ
‘കഥ തുടരുന്നു’ എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് അനിഘ സുരേന്ദ്രന്റെ സിനിമയിലേക്കുളള അരങ്ങേറ്റം. 2013 ൽ പുറത്തിറങ്ങിയ ‘അഞ്ചു സുന്ദരികൾ’ എന്ന സിനിമയിലെ കഥാപാത്രമാണ് അനിഘയെ ഏറെ ശ്രദ്ധേയമാക്കിയത്. ഈ ചിത്രത്തിലെ ഗൗരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് 2013ലെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി. തുടർന്നിങ്ങോട്ട് മലയാളം, തമിഴ് ഭാഷകളിലായി 15 ലധികം സിനിമകളിൽ അനിഘ അഭിനയിച്ചു.
അജിത് നായകനായ ‘എന്നെ അറിന്താൽ’ സിനിമയിലൂടെയാണ് തമിഴിൽ എത്തിയത്. ഈ സിനിമയിലെ അഭിനയം അനിഘയെ തമിഴ് മക്കളുടെ പ്രിയങ്കരിയാക്കി. 2019 ൽ പുറത്തിറങ്ങിയ ‘വിശ്വാസം’ സിനിമയിലും അജിത്തിന്റെ മകളുടെ വേഷം ചെയ്തത് അനിഘയാണ്.
അനിഘയുടെ പുതിയൊരു ഫൊട്ടോഷൂട്ടിൽ നിന്നുളള ചിത്രങ്ങൾ വൈറലാവുകയാണ്. പാരമ്പര്യ തനിമയുളള വേഷത്തിൽ വളരെ അനിഘയെ കാണാൻ വളരെ സുന്ദരിയാണ്.
കൂടുതൽ ചിത്രങ്ങൾ ഇവിടെ കാണാം: അനിഘ പഴയ അനിഘയല്ല; കലക്കൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ
സുശാന്തിന്റെ മരണത്തിൽ ആദ്യമായി പ്രതികരിച്ച് റിയ ചക്രവർത്തി
ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത് മരിച്ചിട്ട് ഇന്നേക്ക് ഒരു മാസം. സുശാന്തിന്റെ മരണശേഷം യാതൊരു പരസ്യ പ്രതികരണവും നടിയും അദ്ദേഹത്തിന്റെ സുഹൃത്തുമായ റിയ ചക്രവർത്തി നടത്തിയിരുന്നില്ല. സുശാന്തുമൊത്തുള്ള ഒരു മനോഹര സെൽഫിയാണ് റിയയുടെ ഡിപി. താരത്തിന്‍റെ മരണശേഷം ആദ്യമായാണ് റിയയുടെ ഭാഗത്തു നിന്നും പരസ്യമായ ഒരു പ്രതികരണം ഉണ്ടാകുന്നത്.
നേരത്തെ, സുശാന്തിന്റെ മരണശേഷം റിയയെ ആകെ മൂന്ന് തവണയാണ് പരസ്യമായി കണ്ടിട്ടുള്ളത്. സംസ്കാരത്തിന് മുൻപ് സുശാന്തിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രി റിയ സന്ദർശിച്ചപ്പോഴായിരുന്നു ആദ്യമായി കണ്ടത്. ജൂൺ 22 ന് നടന്റെ മരണം സംബന്ധിച്ച് മുംബൈ പൊലീസിന് മൊഴി നൽകിയപ്പോൾ രണ്ടാം തവണയും പിന്നീട് ഷിബാനി ദണ്ഡേക്കറിനൊപ്പം മുംബൈയിലെ ഫർഹാൻ അക്തറിന്റെ വസതി സന്ദർശിക്കുമ്പോഴും. ഇപ്പോൾ റിയ തന്റെ വാട്സാപ്പ് ഡിപിയായി സുശാന്തിനൊപ്പമുളള ഒരു സെൽഫി അപ്‌ലോഡ് ചെയ്തിരിക്കുകയാണ്.
റിയയും സുശാന്തും ഒരുമിച്ചായിരുന്നു താമസം. താരം മരിക്കുന്നതിന് കുറച്ച് നാളുകൾക്ക് മുമ്പാണ് ഇരുവരുടെയും ബന്ധത്തിൽ വിള്ളലുണ്ടായതെന്നും റിയ, സുശാന്തിന്‍റെ വീട്ടിൽ നിന്നും താമസം മാറ്റിയതെന്നുമാണ് റിപ്പോർട്ടുകൾ
സുശാന്തിന്റെ മരണ ശേഷം റിയ സോഷ്യൽ മീഡിയയിൽ നിന്നും വിട്ടു നിന്നിരുന്നു. ജൂൺ 14നായിരുന്നു റിയയുടെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റ്. കൂടാതെ തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലെ കമന്റ് ബോക്സും റിയ ഓഫ് ചെയ്തിരുന്നു.
കാണാതായ നടിയുടെ മൃതദേഹം തടാകത്തിൽ കണ്ടെത്തി
അമേരിക്കൻ അഭിനേത്രിയും ഗായികയും മോഡലുമായ നയ റിവേറയുടെ മൃതദേഹം കണ്ടെത്തി. നടിയെ കാണാൻ ഇല്ലെന്ന് മുൻപ് വാർത്തകൾ വന്നിരുന്നു അതിനു പിന്നാലെയാണ് മൃതദേഹം തെക്കൻ കാലിഫോർണിയയിലെ പിറു തടാകത്തിൽ കണ്ടെത്തിയത്.
ആറുദിവസം മുൻപാണ് നയ റിവേറയെ പിറു തടാകത്തിൽ കാണാതായത്. നാല് വയസുകാരനായ മകന്‍ ജോസിയോടൊപ്പം ബോട്ടില്‍ യാത്ര ചെയ്യവേയാണ് റിവേറയെ കാണാതായത്. ജൂലായ് എട്ടിന് ജോസിയെ മാത്രം ബോട്ടില്‍ കണ്ടെത്തിയതിനെ തുടർന്നാണ് റിവേറയ്ക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയത്.
നിരവധി സെലബ്രിറ്റികളാണ് നയ റിവേറയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുന്നത്.