വിമെൻ ഇൻ സിനിമ കളക്ടീവിൽ നിന്നും സംവിധായിക വിധു വിന്‍സെന്റ് രാജിവച്ചിരുന്നു. രാജി വച്ചതിനൊപ്പം തന്നെ ഡബ്ല്യുസിസിയ്ക്ക് എതിരെ അനേകം ആരോപണങ്ങളും വിധു ഉന്നയിച്ചിരുന്നു. വിധുവിന്റെ കുറിപ്പിനു പിന്നാലെ വിശദീകരണവുമായി ഡബ്ല്യുസിസിയും രംഗത്തിൽ എത്തിയിരുന്നു. വിധു പോയത് ഖേദകരമാണെന്നും വിധുവുമായി വിമെൻ ഇൻ സിനിമ കളക്ടീവ് ചർച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കുകയാണ് നടിയും ഡബ്ല്യുസിസി അംഗവുമായ റിമ കല്ലിങ്കൽ.
“തീര്‍ച്ചയായിട്ടും വിധുവുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്. മുമ്പേ പാര്‍വ്വതിയും മറ്റ് അംഗങ്ങളും വിധുവിനെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടുണ്ട്, നിരന്തരം. പോയാല്‍ പൊക്കോട്ടേയെന്ന് വിചാരിക്കാന്‍ പറ്റുന്നയാളല്ല വിധു. ഞങ്ങള്‍ക്ക് അത്രയും ഇമ്പോര്‍ട്ടന്റായിരുന്നു ആ സിസ്റ്റര്‍ഹുഡ്. നമ്മള് ഒരിക്കലും എക്സ്പീരിയന്‍സ് ചെയ്യാത്ത ഒരു സിസ്റ്റര്‍ഹുഡായിരുന്നു അത്. അത് ബ്രേക്ക് ചെയ്യുന്നതിലാണ് എനിക്ക് വിഷമം. വ്യക്തിയല്ല സംഘടന എന്ന് പറയുമ്പോഴും ഇതെനിക്ക് പേഴ്സണലുമാണ്. വിധു റസിഗ്നേഷൻ അയച്ച സമയത്ത് ഞാൻ വിളിച്ച് സംസാരിച്ചിട്ടുണ്ട്, ഇനിയും സംസാരിക്കും. ഞാൻ ഒരിക്കലും കരുതുന്നില്ല, വിധുവിന് ഒരു വ്യക്തിയെന്ന നിലയ്ക്ക് സ്ത്രീയെന്ന നിലയ്ക്ക്, ഫെമിനിസ്റ്റ് എന്ന നിലയ്ക്കും വിട്ട് പോകാൻ പറ്റും എന്ന്. യെ ബിൽഡ് ചെയ്തതിൽ വിധുവിന്റെ കോൺട്രിബ്യൂഷൻ ഒരിക്കലും മായ്ച് കളയാൻ പറ്റില്ല. ആഴത്തിലുള്ള വേദനയുടേതായ ഒരു പരിസരത്തുനിന്നു കൂടിയാണ് വിധു ഇപ്പോൾ സംസാരിക്കുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്,” ട്രൂ കോപ്പി തിങ്കിന് നൽകിയ അഭിമുഖത്തിൽ റിമ പറയുന്നു.
കടുവയ്ക്കായി തയ്യാറെടുത്ത് പൃഥ്വി
ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’യുടെ ചിത്രീകരണം ഉടൻ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അണിയറപ്രവർത്തകർ. ‘ആടുജീവിത’ത്തിലെ നജീബിന്റെ രൂപഭാവങ്ങളിൽ നിന്നും ‘കടുവ’യിലെ മാസ് കഥാപാത്രമാവാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ് ഇപ്പോൾ. ‘കടുവ’യ്ക്ക് ആവശ്യമായ ലുക്കിലേക്ക് പൃഥ്വിരാജ് എത്തികൊണ്ടിരിക്കുകയാണെന്നും ഫ്ളാഷ്ബാക്ക് സീനുകളാവും ആദ്യം ചിത്രീകരിക്കുകയെന്നും ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജിനു എബ്രഹാം ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
“സർക്കാർ അനുവദിച്ച മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഉടനെ തന്നെ ചിത്രീകരണം തുടങ്ങാൻ പോവുകയാണ്. ജൂലൈ 15 ന് തുടങ്ങണം എന്നത് മുൻപ് തന്നെ തീരുമാനിച്ചതായിരുന്നു, അതിനിടയിലാണ് ലോക്ക്ഡൗൺ വന്നതും ഷൂട്ടിംഗിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും. ഇപ്പോഴത്തെ കണ്ടീഷനിൽ, മുൻപു തീരുമാനിച്ചതുപോലെ ജൂലൈ 15 ന് ഷൂട്ടിംഗ് തുടങ്ങാൻ പറ്റുമോ എന്നറിയില്ല. എന്നാലും അധികം താമസമുണ്ടാവില്ല,” ജിനു എബ്രഹാം പറഞ്ഞു.
“പൃഥ്വിയും ബോഡിയൊക്കെ സിനിമയ്ക്കു വേണ്ട രീതിയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. അതിനായുള്ള വർക്ക് ഔട്ടും കാര്യങ്ങളുമൊക്കെ നടക്കുന്നുണ്ട്. ഫ്ളാഷ്ബാക്ക് സീനുകളാവും ആദ്യമെടുക്കുക,” ജിനു വ്യക്തമാക്കി.
Read more: കടുവയ്ക്കായി തയ്യാറെടുത്ത് പൃഥ്വി
ചാക്കോച്ചന്റെ ഇസുവിന് ആനവണ്ടി സമ്മാനിച്ച് പിഷാരടി
മലയാളത്തിന്റെ പ്രിയനടൻ കുഞ്ചാക്കോ ബോബന്റെയും ഭാര്യ പ്രിയയുടെയും വീട്ടിലെ താരം ഇപ്പോൾ കുഞ്ഞ് ഇസഹാഖ് ആണ്. പതിനാലു വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ജീവിതത്തിലേക്ക് വന്ന ഇസഹാക്കിനെ ചുറ്റിപ്പറ്റിയാണ് ചാക്കോച്ചന്റെയും പ്രിയയുടെയും ലോകം. ലോക്ക്ഡൗൺ കാലത്ത് മകനൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആയതിന്റെ സന്തോഷം പലപ്പോഴായി ആരാധകരുമായി പങ്കുവച്ച താരം മകന്റെ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ കുറിക്കാറുണ്ട്.
കുഞ്ഞ് ഇസഹാഖിന് ചാക്കോച്ചന്റെ സുഹൃത്തും നടനും സംവിധായകനുമൊക്കെയായി രമേഷ് പിഷാരടി നൽകിയ ഒരു സമ്മാനത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരമിപ്പോൾ. ‘എ രമേഷ് പിഷു എന്റർപ്രൈസ്’ എന്നാണ് സമ്മാനത്തെ കുഞ്ചാക്കോ ബോബൻ വിശേഷിപ്പിക്കുന്നത്. മരത്തിൽ തീർത്ത ഒരു കുഞ്ഞു കെഎസ്ആർടിസി ബസും ഉന്തുവണ്ടിയുമാണ് രമേഷ് പിഷാരടി സമ്മാനമായി നൽകിയിരിക്കുന്നത്.
സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ചാക്കോച്ചനും രമേഷ് പിഷാരടിയും.
Read more: ചാക്കോച്ചന്റെ ഇസുവിന് ആനവണ്ടി സമ്മാനിച്ച് പിഷാരടി
Sufiyum Sujathayum Malayalam Movie: സ്നേഹം സംസാരിക്കുമ്പോൾ, വാക്കുകൾ അപ്രത്യക്ഷമാകും
‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിൽ സൂഫിയും സുജാതയും തമ്മിലുള്ള പ്രണയത്തിനൊപ്പം തന്നെ അന്തർലീനമായി കിടക്കുന്ന മറ്റൊരു തീവ്രപ്രണയം കൂടിയുണ്ട്, അത് സുജാതയോട് രാജീവിനുള്ള സ്നേഹമാണ്. സൂഫിയ്ക്കും മുൻപെ സുജാതയെ ആഗ്രഹിച്ചു തുടങ്ങിയതും സ്നേഹിച്ചു തുടങ്ങിയതും രാജീവാണ്. സൂഫിയും സുജാതയും തമ്മിലുള്ള അലൗകികമായ പ്രണയത്തിന്റെ സ്നേഹത്തിലും വിരഹത്തിനും ഇടയിൽ പെട്ട് അസ്വസ്ഥതനാവുകയും അവഗണിക്കപ്പെടുകയും ചെയ്യുന്ന ഭർത്താവ്. ജയസൂര്യ അവതരിപ്പിച്ച രാജീവ് എന്ന കഥാപാത്രം ചിത്രത്തിൽ ഏറെ നിർണായകമായ ഒന്നായിരുന്നു. ചിത്രം ശ്രദ്ധ നേടുന്നതിലും രാജീവ് എന്ന കഥാപാത്രത്തിന്റെ പ്രസക്തി പ്രേക്ഷകർ തിരിച്ചറിയുന്നതിലുമുള്ള സന്തോഷത്തിലാണ് ജയസൂര്യ.
ചിത്രത്തിലെ മനോഹരമായൊരു രംഗം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയാണ് ജയസൂര്യ ഇപ്പോൾ. “സ്നേഹം സംസാരിക്കുമ്പോൾ, വാക്കുകൾ അപ്രത്യക്ഷമാകും” എന്നാണ് താരം കുറിക്കുന്നത്.
‘സൂഫി പ്രണയിച്ചതിനേക്കാൾ കൂടുതൽ രാജീവൻ സുജാതയെ പ്രണയിച്ചിരുന്നു,’എന്നാണ് നിർമാതാവ് വിജയ് ബാബു രാജീവൻ എന്ന കഥാപാത്രത്തെ കുറിച്ച് പറയുന്നത്. ജയസൂര്യയില്ലായിരുന്നെങ്കിൽ നടക്കാതെ പോകുമായിരുന്ന ചിത്രമാണ് സൂഫിയും സുജാതയും എന്നും വിജയ് ബാബു കൂട്ടിച്ചേർക്കുന്നു.
Read more: സ്നേഹം സംസാരിക്കുമ്പോൾ, വാക്കുകൾ അപ്രത്യക്ഷമാകും; ‘സൂഫിയും സുജാതയും’ വിശേഷങ്ങൾ പങ്കിട്ട് ജയസൂര്യ
അമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്ന് സംവൃത
അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ ഇടയ്ക്ക് ആരാധകരുമായി സംവദിക്കാനും വിശേഷങ്ങൾ പങ്കിടാനുമൊക്കെ സമയം കണ്ടെത്താറുണ്ട് സംവൃത സുനിൽ. അമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള സംവൃതയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഭർത്താവ് അഖിൽ ജയരാജിനും മക്കൾക്കുമൊപ്പം യുഎസിലാണ് സംവൃത ഇപ്പോൾ. തനിക്കു രണ്ടാമതൊരു കുഞ്ഞ് ജനിച്ച വിവരം ഫെബ്രുവരിയിൽ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് സംവൃത അറിയിച്ചത്. മകൾക്ക് രുദ്ര എന്നാണ് സംവൃതയും അഖിലും പേരിട്ടിരിക്കുന്നത്. ഇരുവർക്കും അഗസ്ത്യ എന്നൊരു മകൻ കൂടിയുണ്ട്. അഗസ്ത്യക്ക് ഇപ്പോൾ അഞ്ച് വയസ്സായി.
വായില്‍ തോന്നുന്നത് വിളിച്ച് പറയരുത്; ആരോപണം അംഗീകരിക്കില്ലെന്ന് അഹാന
ശനിയാഴ്ച ഒരു രാഷ്ട്രീയ അഴിമതിയെ കുറിച്ച് വാർത്ത വന്നെന്നും ഞായറാഴ്ച തിരുവനന്തപുരത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചെന്നും പറഞ്ഞുകൊണ്ട് നടി അഹാന ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകൾ വലിയ വിവാദത്തിന് ഇടവച്ചിരുന്നു. തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് സ്വര്‍ണ കള്ളക്കടത്ത് കേസിൽ നിന്നുള്ള ശ്രദ്ധ തിരിക്കാനാണെന്ന് നടി പറയാതെ പറയുകയായിരുന്നുവെന്ന് വിമർശനം ഉയർന്നിരുന്നു.
അഹാനയുടെ പ്രസ്താവന നിരുത്തരവാദപരമാണെന്നായിരുന്നു വിമർശനം. ഇതിന് പിന്നാലെ വിശദീകരണവുമായി നടി രംഗത്തെത്തി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അഹാനയുടെ വിശദീകരണം. എന്നാൽ പിന്നീട് പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.
നടി കോയൽ മാലിക്കിനും കുടുംബാംഗങ്ങൾക്കും കോവിഡ്
തനിക്കും കുടുംബാംഗങ്ങൾക്കും കോവിഡ് ബാധിച്ചതായി ബംഗാളി നടി കോയൽ മാലിക്. മാതാപിതാക്കളായ രഞ്ജിത് മാലിക്, ദീപ മാലിക്, ഭർത്താവ് നിസ്പാൽ സിങ് എന്നിവർക്കും രോഗമുണ്ട്. നിലവിൽ തങ്ങൾ വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണെന്ന് കോയൽ സോഷ്യൽ മീഡിയ വഴി അറിയിച്ചു.
Baba Ma Rane & I are tested COVID-19 Positive…self quarantined!
— Koel Mallick (@YourKoel) July 10, 2020
Read more: പച്ചക്കറി കൃഷി, ഒപ്പം പശുവും കോഴിയും മീനും; ലോക്ക്ഡൗണിൽ ജോജുവിന്റെ ജീവിതം മാറി
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook