ജ്യോതി ലാൽ അന്തരിച്ചു
മലയാള സിനിമയിലെ സീനിയർ ഫോക്കസ് പുള്ളറായ (ഒന്നാം ക്യാമറ അസിസ്റ്റന്റ്) ജ്യോതി ലാൽ അന്തരിച്ചു. ആനന്ദ് സിനി സർവീസിൽ ദീർഘകാലം പ്രവർത്തിച്ച സാങ്കേതിക പ്രവർത്തകനായിരുന്നു അദ്ദേഹം.
മരണത്തിൽ നടൻ പ്രിഥ്വിരാജ് അടക്കമുള്ളവർ അനുശോചനം അറിയിച്ചു. “റെസ്റ്റ് ഇൻ പീസ് ലാലേട്ടാ. നിങ്ങളിൽ നിന്ന് ക്യാമറയെക്കുറിച്ചും ലെൻസിംഗിനെക്കുറിച്ചും ഞാൻ വളരെയധികം പഠിച്ചു ക്യാമറ എങ്ങനെ പ്രവർത്തിക്കുന്നു, നിങ്ങൾ എങ്ങനെ പ്രവർത്തിപ്പിക്കുന്നു എന്നിവയെക്കുറിച്ച് എന്നെ വളരെയധികം പഠിപ്പിച്ചതിന് നന്ദി. നിങ്ങളെ മിസ്സ് ചെയ്യും,” പ്രിഥ്വിരാജ് കുറിച്ചു.
‘ദിൽ ബേചാര’യുടെ ടൈറ്റിൽ ഗാനം റിലീസ് ചെയ്തു
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് അവസാനമായി അഭിനയിച്ച ‘ദിൽ ബേചാര’യുടെ ടൈറ്റിൽ ഗാനം റിലീസ് ചെയ്തു. മുകേഷ് ചാബ്ര സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാതാക്കളായ ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് ആണ് ഗാനം റിലീസ് ചെയ്തത്.
‘ഈ ഗാനം സ്പെഷല്‍ ആണ്. സുശാന്ത് സിംഗ് രാജ്പുതുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ആദ്യ ഗാനം. ആദ്യ ഷോട്ട് തന്നെ ഗംഭീരമാക്കിയ സുശാന്ത് എന്നോട് സമ്മാനമായി ആവശ്യപ്പെട്ടത് എന്റെ വീട്ടില്‍ നിന്നുള്ള ഭക്ഷണമായിരുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ മനസിലാക്കുന്നു, നിന്നെ കുറെയും കൂടി ഊട്ടണമായിരുന്നു എന്ന്, ചേര്‍ത്ത് പിടിക്കണമായിരുന്നു എന്ന്…’ സംഗീത മാന്ത്രികൻ ഏ ആർ റഹ്മാൻ ചിട്ടപ്പെടുത്തിയ ‘ദില്‍ ബേചാര’യുടെ ടൈറ്റില്‍ ട്രാക്കിന് നൃത്തസംവിധാനം നിര്‍വ്വഹിച്ച ഫറാ ഖാന് പറഞ്ഞു.
സുശാന്തിന്റെ ഓർമകളുമായി സൗഭാഗ്യ വീണ്ടും
അടുത്തിടെയാണ് നടി താരാകല്യാണിന്റെ അമ്മയും നർത്തകിയുമായ സുബ്ബലക്ഷ്മി, അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുതിനൊപ്പം നൃത്തം ചെയ്യുന്ന ഒരു വീഡിയോ, സൗഭാഗ്യ വെങ്കിടേഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഏറെ പെട്ടെന്നാണ് വീഡിയോ വാർത്തയായതും വൈറലായതും. ഇക്കുറി സുബ്ബലക്ഷ്മി സുശാന്തിനെ മുടിയിൽ തഴുകി കൊഞ്ചിക്കുന്ന ഒരു ചിത്രമാണ സൗഭാഗ്യ പങ്കുവച്ചത്. ആദ്യമായാണ് അമ്മൂമ്മയുടെ സ്നേഹം പങ്കിട്ടു പോയതിൽ എനിക്ക് അസൂയ തോന്നാതിരുന്നത് എന്നും സൗഭാഗ്യ ചിത്രത്തോടൊപ്പം കുറിച്ചു.
നേരത്തെ സൌഭാഗ്യ പങ്കുവച്ച വീഡിയോയിൽ, 80 വയസ്സിന് മുകളിൽ പ്രായമുള്ള സുബ്ബലക്ഷ്മി സുശാന്ത് സിങ് രാജ്പുതിനൊപ്പം നൃത്തം ചെയ്യുന്ന രംഗം കാണാം. നടിമാരായ നവ്യ നായർ, മുക്ത തുടങ്ങി നിരവധി പേരാണ് വിഡിയോയ്ക്കു കമന്റുകളുമായി എത്തിയത്.
Read More: സുശാന്തിനെ കൊഞ്ചിച്ച് സുബ്ബലക്ഷ്മി അമ്മ; ഇക്കുറി അസൂയ തോന്നിയില്ലെന്ന് സൗഭാഗ്യ
ലോക്ക്ഡൗണിൽ ജോജുവിന്റെ ജീവിതം മാറി
കോവിഡ് കാലത്ത് നടൻ ജോജു ജോർജ് തന്റെ ജീവിത ശൈലി തന്നെ മാറ്റി. സ്വന്തമായി പച്ചക്കറി കൃഷിയും പശുവളർത്തലുമൊക്കെയായി ലോക്ക്ഡൌൺ കാലം ജോജു ആഘോഷമാക്കി. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. സജീവ് പാഴൂരും ഡോക്ടർ വിപിനും ആണ് തന്നെ സഹായിച്ചതെന്നും ജോജു സോഷ്യൽ മീഡിയയിൽ കുറിക്കുന്നു.
മാര്‍ച്ചിലെ ലോക്ഡൗണോടെയാണ് താനിതു തുടങ്ങിയതെന്നും, ഈ ആശയത്തിന് കടപ്പാട് സജീവ് പാഴൂരിനോടാണെന്നും ജോജു പറയുന്നു. അദ്ദേഹത്തിന് മനോഹരമായ അടുക്കളത്തോട്ടമുണ്ട്.വീട്ടാവശ്യത്തിനായി സജീവ് പച്ചക്കറിയും മീനും പുറത്തു നിന്ന് വാങ്ങുന്നയാളല്ലെന്നും ജോജു പറയുന്നു.
ഓടിടിയില്‍ എത്തിയ പുതിയ മലയാള ചിത്രങ്ങള്‍
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ സിനിമാ വ്യവസായത്തിന് ഒരു ആശ്വാസമായി എത്തിയ സാധ്യതയാണ് ഓടിടി റിലീസുകള്‍. നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം തുടങ്ങിയ വലിയ പ്രചാരമുള്ള പ്ലാറ്റ്ഫോമുകള് തുടങ്ങി അനവധി ചെറിയ പ്ലാറ്റ്ഫോമുകളും ഡിജിറ്റല്‍ റിലീസുകള്‍ ഒരുങ്ങുന്നുണ്ട്. മലയാളത്തില്‍ ഷാനവാസ് നാരാണിപ്പുഴ സംവിധാനം ചെയ്ത ‘സൂഫിയും സുജാതയും’ ആണ് ആദ്യ ഡയറക്റ്റ് ഓടിടി റിലീസ് ആയി എത്തിയ സിനിമ. ജൂണ്‍ മൂന്നാം തീയതിയാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്.
ആമസോണ്‍ പ്രൈമുമായി തട്ടിച്ചു നോക്കുമ്പോള്‍ താരതമ്യേന ചെറിയ ഓടിടിപ്ലാറ്റ്ഫോമായ മെയിൻസ്ട്രീം ടീവി ആപ്പിലാണ് മറ്റൊരു മലയാള ചിത്രം ഡയറക്ടര്‍ റിലീസ് ആയി എത്തിയത്. ആറ്റ്ലീ സംവിധാനം ചെയ്ത ‘മ്യൂസിക്കല്‍ ചെയര്‍’ ആണ് ആ ചിത്രം. രണ്ട് മണിക്കൂർ ദൈര്‍ഘ്യമുള്ള ‘മ്യൂസിക്കല്‍ ചെയര്‍’ 40 രൂപ ഓൺലൈൻ ടിക്കറ്റ് എടുത്താല്‍ കാണാന്‍ സാധിക്കും.
ചിത്രങ്ങളെക്കുറിച്ച് ഗൗതം വി എസ് എഴുതിയ നിരൂപണങ്ങള്‍ വായിക്കാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.