നല്ല കാര്യങ്ങള്‍ കണ്ടാല്‍ വഴിയിലുപേക്ഷിക്കാതെ കൂടെ കൂട്ടുന്നവരാണ് മലയാളികള്‍. അത് സിനിമയിലായാലും ശരി ജീവിതത്തിലായാലും ശരി. വെള്ളിത്തിരയില്‍ കണ്ട പല കാര്യങ്ങളും തിയറ്റര്‍ വിട്ടിറങ്ങിയിട്ടും മറക്കാതെ മലയാളി കൂടെ കൂട്ടിയിട്ടുണ്ട്.

ഓര്‍മകളിലെ ക്ലാസ്മേറ്റ്സ്
malayalam, movie, classmates
കലാലയ ജീവിതത്തിലേക്കുള്ള തിരിഞ്ഞു നോട്ടമായിരുന്നു ലാല്‍ജോസ് ചിത്രം ക്ലാസ്മേറ്റ്സ് (2006). പഠിച്ചിറങ്ങിയ കോളജിലേക്ക് വര്‍ഷങ്ങള്‍ക്കുശേഷമുള്ള ഒരു തിരിച്ചു പോക്ക്. പഴയ സുഹൃത്തുക്കളെ കാണാനും ആ സുന്ദരകാലം ഒന്നോര്‍ത്തെടുക്കാനുമുള്ള ഒരവസരമാണ് ക്ലാസ്മേറ്റ്സ് പ്രേക്ഷകര്‍ക്ക് നല്‍കിയത്. പൂര്‍വ വിദ്യാര്‍ത്ഥി സംഗമമെന്ന ആശയവും സിനിമയേകി. സിനിമ കണ്ടിറങ്ങിയപ്പോള്‍ കഥാപാത്രങ്ങളേക്കാള്‍ പ്രേക്ഷകര്‍ കൂടെ കൂട്ടിയതും ഈ ആശയമായിരുന്നു. ഈ ചിത്രത്തിനു ശേഷമാണ് പൂര്‍വ വിദ്യാര്‍ഥി സംഗമങ്ങള്‍ കൂടുതല്‍ ദൃശ്യമായി തുടങ്ങിയത്. കേരളത്തിലെ ചെറുതും വലുതുമായ കലാലയങ്ങളിലെ പല പൂര്‍വ വിദ്യാര്‍ഥികളും കണ്ടു മുട്ടി, ഓര്‍മകള്‍ പങ്കുവച്ചു, വിശേഷങ്ങള്‍ പറഞ്ഞു. ഒത്തു ചേരുന്നതിലെ പുതുമയും സന്തോഷവും അധ്യാപകര്‍ക്കും കുട്ടികള്‍ക്കും കൂടുതല്‍ മനസ്സിലാക്കി കൊടുത്തതില്‍ ക്ലാസ്‌മേറ്റ്‌സിനു വലിയ പങ്കുണ്ട്. വെള്ളിത്തിരയില്‍ ലാല്‍ജോസും സംഘവും ഒരുക്കിയ ഒരാശയത്തിന്റെ നിത്യജീവിതത്തിലെ സഫലീകരണമായിരുന്നു പിന്നീട് നടന്ന പല പൂര്‍വ വിദ്യാര്‍ഥി സംഗമങ്ങളും. പല സംഗമങ്ങളിലെയും മുഖ്യാതിഥികള്‍ ക്ലാസ്‌മേറ്റ്‌സ് ചിത്രത്തിലെ അഭിനേതാക്കളായിരുന്നുവെന്നതും ശ്രദ്ധേയമാണ്.

വെള്ളിത്തിരയില്‍ ഒതുങ്ങാത്ത ജൈവ പച്ചക്കറി കൃഷി
malayalam, movie, how old are u
ജൈവ പച്ചക്കറി കൃഷി എന്ന വളരെ പ്രസക്തമായ ആശയമായിട്ടാണ് റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ഹൗ ഓള്‍ഡ് ആര്‍ യു (2014) തിയേറ്ററുകളിലെത്തിയത്. മലയാളികളുടെ എക്കാലത്തെയും പ്രിയ നായിക മഞ്ജു വാര്യരുടെ തിരിച്ചു വരവെന്ന നിലയില്‍ ശ്രദ്ധേയമായിരുന്നു ചിത്രം. തിയേറ്റര്‍ വിട്ടിറങ്ങിയ മലയാളി കൂടെ കൂട്ടിയത് സിനിമ പറഞ്ഞ ജൈവ പച്ചക്കറി കൃഷിയെന്ന ആരോഗ്യപരമായ ആശയമാണ്. വീടിന്റെ ടെറസില്‍ വിഷ കീടനാശിനികള്‍ ഉപയോഗിക്കാതെ എങ്ങനെ വിജയകരമായി കൃഷി ചെയ്യാമെന്നാണ് ചിത്രത്തിലെ നിരുപമ രാജീവ് പ്രേക്ഷകര്‍ക്ക് കാണിച്ചുകൊടുത്തത്. കേരളത്തിലെ പല വീട്ടമ്മമാരും ഈ മാതൃക ഇതിനോടകം അനുകരികരിച്ചു കഴിഞ്ഞു.

ട്രാഫിക് പഠിപ്പിച്ച പാഠം: അവയവദാനം മഹാദാനം
malayalam, movie, traffic
ന്യൂ ജനറേഷന്‍ ചിത്രങ്ങളുടെ തുടക്കമായിരുന്നു 2011 ല്‍ ഇറങ്ങിയ രാജേഷ് പിള്ള ചിത്രം ട്രാഫിക്. അവയവദാനമെന്ന മഹത്തായ ആശയമാണ് ചിത്രം പ്രേക്ഷകരിലെത്തിച്ചത്. ഒരു ജീവന്റെ പ്രാധാന്യവും അവയവ ദാനത്തിന്റെ മഹത്വവും മലയാളികളെ പഠിപ്പിച്ചതില്‍ ട്രാഫിക് എന്ന സിനിമയ്ക്ക് മഹത്തായ പങ്കുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ