മുംബൈ: സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതി വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് നീങ്ങുമ്പോള്‍ ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ച് വ്യത്യസ്ത പ്രതിഷേധവുമായി സിനിമാ ലോകം രംഗത്ത്. നാളെ 15 മിനിറ്റ് നേരത്തേക്ക് ഷൂട്ടിങ് ലൊക്കേഷന്‍ ബ്ലാക്ക് ഔട്ട് ചെയ്തുള്ള വ്യത്യസ്ത പ്രതിഷേധത്തിനാണ് സിനിമാ ലോകം ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ഫിലിം ടിവി ഡയറക്ടേഴ്‌സ് അസോസിയേഷനും 20 മറ്റ് സംവിധാനങ്ങളും ചേര്‍ന്നാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

‘മേ ആസാദ് ഹൂ'(ഞാന്‍ സ്വതന്ത്രയാണ്) എന്ന ശീര്‍ഷകത്തോടെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. നവംബര്‍ 26ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുംബൈ ഫിലിം സിറ്റിയില്‍ ബ്ലാക്ക് ഔട്ട് പ്രതിഷേധത്തിന് തുടക്കം കുറിക്കും.

‘പദ്മാവതിക്കും സഞ്ജയ് ലീല ബന്‍സാലിക്കും നല്‍കുന്ന പിന്തുണ തുടര്‍ന്ന് കൊണ്ടേയിരിക്കും. സ്വന്തം ശൈലിയില്‍ കഥ പറയുക എന്നത് ഒരു സൃഷ്ടാവിനെ സംബന്ധിച്ച് അയാളുടെ പ്രാഥമിക അവകാശമാണ്.’, ഐഎഫ്ടിഡിഎ പ്രതിനിധി അശോക് പണ്ഡിറ്റ് പറയുന്നു.

‘ഉത്തരവാദിത്വബോധമുള്ള ഒരു സംവിധായകനാണ് ബന്‍സാലി. ചരിത്രസംബന്ധിയായ ഒരു ചലച്ചിത്രം സൃഷ്ടിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, വലിയ ഉത്തരവാദിത്വമാണ്. സിനിമയോടുള്ള ഐക്യപ്പെടലിന്റെ ഭാഗമായി ഞായറാഴ്ച മുംബൈയിലെ സിനിമാക്കാര്‍ ഒത്തുചേരും. മുംബൈയിലെ എല്ലാ ഷൂട്ടിങ് യൂണിറ്റുകളും ഷൂട്ടിങ് നിര്‍ത്തി വച്ച് ലൈറ്റുകള്‍ ഓഫ് ചെയ്ത് പ്രതിഷേധത്തില്‍ പങ്കുചേരും.’ പണ്ഡിറ്റ് അറിയിച്ചു.

ഓരോ തവണയും ഇത്തരം ആളുകള്‍ സിനിമകള്‍ക്കെതിരെ പ്രതിഷേധവുമായി എത്തുന്നത് ഞങ്ങളെ വേദനിപ്പിക്കുന്നുണ്ട്. ഞങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. സര്‍ക്കാരില്‍ നിന്നോ മറ്റേതൊരു വിഭാഗങ്ങളില്‍ നിന്നോ തങ്ങള്‍ക്ക് യാതൊരു സംരക്ഷണവും ലഭിക്കുന്നില്ലെന്നു പറഞ്ഞ പണ്ഡിറ്റ്, തങ്ങള്‍ പ്രധാനമന്ത്രിയില്‍ ഇപ്പോഴും വിശ്വാസമര്‍പ്പിക്കുന്നുവെന്നും പറഞ്ഞു. രജപുത്ര സമൂഹത്തിന്റെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന രംഗങ്ങള്‍ സിനിമയിലുണ്ടെന്ന് ആരോപിച്ചായിരുന്നു സിനിമയ്‌ക്കെതിരെ പ്രതിഷേധമുയര്‍ന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ