ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ട്രാക്കില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യാക്കാരി എന്ന ബഹുമതി സ്വന്തമാക്കിയ ഹിമാ ദാസിനെ അഭിനന്ദിച്ച് സിനിമാ ലോകവവും. ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, രാജമൗലി, ഫര്‍ഹാന്‍ അക്തര്‍, ഇമ്രാന്‍ ഹാഷ്മി തുടങ്ങി സിനിമാ മേഖലയില്‍ നിന്ന് നിരവധി പേര്‍ ഹിമയെ സോഷ്യല്‍ മീഡിയ വഴി അഭിനന്ദനങ്ങള്‍ അറിയിച്ചു.

ഹിമാ ദാസ് ട്രാക്കിലൂടെ ഓടി മുന്നേറുന്ന ദൃശ്യങ്ങള്‍ വീണ്ടും വീണ്ടും കണ്ടുവെന്നും, അത് കാണുമ്പോഴെല്ലാം തന്റെ കണ്ണുകള്‍ സന്തോഷം കൊണ്ടു നിറയുകയായിരുന്നുവെന്നും നടനും സംവിധായകനുമായ സിദ്ദാര്‍ത്ഥ് പറഞ്ഞു. ഹിമയുടെ നേട്ടം രാജ്യത്തിന്റെ അഭിമാനമാണെന്നായിരുന്നു ഇമ്രാന്‍ ഹാഷ്മിയുടെയും സംവിധായകന്‍ എസ്.എസ്.രാജമൗലിയുടേയും പ്രതികരണം.

പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഫൈനലില്‍ 51.46 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് അസം താരം ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം യൂത്ത് മീറ്റ് ട്രാക്ക് ഇനത്തില്‍ സ്വര്‍ണം നേടുന്നത്. നാലാം നമ്പര്‍ ലൈനില്‍ ഓടിയ ഹിമ റൊമാനിയ ആന്‍ഡ്രിയ മിക്ലോസിന് പിന്നിലായിരുന്നു. എന്നാല്‍ അവസാന നിമിഷത്തെ കുതിപ്പില്‍ ഹിമ സ്വര്‍ണം തട്ടിയെടുത്തു. 52.07 സെക്കന്റില്‍ ഓടിയെത്തിയ മിക്ലോസിന് വെളളിയാണ് ലഭിച്ചത്. അമേരിക്കയുടെ ടെയ്‌ലര്‍ മാന്‍സന്‍ 52. 28 സെക്കന്റില്‍ ഓടിയെത്തി വെങ്കലം സ്വന്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ