scorecardresearch

അച്ഛനും അമ്മയും അഭിനേതാക്കൾ, മകനാവട്ടെ ആരാധികമാരുടെ ഹൃദയം കവർന്ന റൊമാന്റിക് ഹീറോ; ആളെ മനസ്സിലായോ?

മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരവും ഈ നടൻ സ്വന്തമാക്കിയിട്ടുണ്ട്

Tarun Kumar, Telugu actor Tarun Kumar Bhatti, Tarun Kumar childhood photo, Tarun Kumar throwback photo, Roja Ramani, Chemparathy Shobana, Chemparathy Shobana son Tarun

ഒരു കാലത്ത് തെലുങ്ക്‌ സിനിമയിൽ നിറഞ്ഞുനിന്ന താരമാണ് തരുണ്‍ കുമാർ. എനക്ക് 20 ഉനക്ക് 18, ശശിരേഖ പരിണയം തുടങ്ങി നിരവധി തെലുങ്ക് ചിത്രങ്ങളിലൂടെ ആരാധികമാരുടെ ഹൃദയം കവർന്ന റൊമാന്റിക് ഹീറോ. നിറം എന്ന മലയാള സിനിമയുടെ തെലുങ്ക് റിമേക്കായ ‘നുവെ കവാലി’യിൽ നായകനായി അഭിനയിച്ചതും തരുൺ ആയിരുന്നു.

തരുൺ കുമാർ

മലയാളത്തിന്റെ പ്രിയ നടിയായിരുന്ന ചെമ്പരത്തി ശോഭനയുടെ മകനാണ്‌ തരുണ്‍. അച്ഛൻ ഒറിയ നടനായ ചക്രപാണി. തരുണിന്റെ കുട്ടിക്കാലത്തു നിന്നു ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ത്രോബാക്ക് ചിത്രങ്ങൾ തരുൺ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്.

ബാലതാരമായിട്ടായിരുന്നു തരുണിന്റെ സിനിമാ അരങ്ങേറ്റം. മനസു മമതാ എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. മണിരത്‌നത്തിന്റെ അഞ്‌ജലിയിലും ബാലതാരമായി തരുൺ അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരവും തരുണിനെ തേടിയെത്തി.

മലയാളത്തിൽ അഭയം എന്ന ചിത്രത്തിലാണ് തരുൺ ആദ്യമായി അഭിനയിച്ചത്. ഷിബു ചക്രവർത്തി എഴുതി ശിവൻ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ അഭിനയത്തിലൂടെ ജപ്പാനിൽ നടന്ന Furoshiki ഫിലിം ഫെസ്റ്റിവലിൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരവും തരുൺ നേടി.

സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്‌ത മൈ ഡിയര്‍ മുത്തച്ഛൻ, സംഗീത് ശിവൻ സംവിധാനം ചെയ്ത ജോണി എന്നിവയാണ് തരുണിന്റെ മറ്റു മലയാളചിത്രങ്ങൾ. 2000ൽ നിറത്തിന്റെ തെലുങ്ക് റീമേക്കായ നുവെ കവാലിയിലൂടെയാണ് നായകനായി തരുൺ അരങ്ങേറ്റം കുറിച്ചത്. അഭിനയരംഗത്ത് ഇപ്പോൾ അത്ര സജീവമല്ല തരുൺ.

തരുണിന്റെ അമ്മ, മലയാളസിനിമയിലെ ആദ്യകാല ശോഭന

ആദ്യകാലത്ത് ശോഭന എന്ന പേരിൽ മലയാളസിനിമയിൽ അറിയപ്പെട്ടിരുന്നത് തരുണിന്റെ​ അമ്മ ചെമ്പരത്തി ശോഭനയാണ്. തമിഴിൽ റോജാ രമണി എന്നായിരുന്നു ഇവരുടെ പേര്. അഞ്ചാമത്തെ വയസ്സിൽ തെലുങ്കു സിനിമയായ ഭക്ത പ്രഹ്ളാദ എന്ന ചിത്രത്തിൽ ബാലതാരമായി കൊണ്ടായിരുന്നു ശോഭനയുടെ സിനിമ അരങ്ങേറ്റം. ഈ ചിത്രത്തിൽ ഒരു ആൺകുട്ടിയായാണ് ശോഭന അഭിനയിച്ചത്. ആദ്യ സിനിമയിലെ അഭിനയത്തിലൂടെ തന്നെ ഏറ്റവും മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡും ശോഭന കരസ്ഥമാക്കി.

ശ്രീദേവിക്കൊപ്പം പൂമ്പാറ്റ എന്ന സിനിമയിലും വേഷമിട്ടു. പി.എന്‍ മേനോന്‍ സംവിധാനം ചെയ്ത ചെമ്പരത്തിയിലെ ശാന്ത എന്ന കഥാപാത്രമാണ് ശോഭയെ മലയാളത്തില്‍ ശ്രദ്ധേയയാക്കുന്നത്. അങ്ങനെ മലയാളികൾക്ക് അവർ ചെമ്പരത്തി ശോഭനയായി.

1970 മുതൽ 1980 വരെയുള്ള കാലഘട്ടത്തിൽ തമിഴ്, തെലുങ്ക്, കന്നട, മലയാളം സിനിമകളിൽ സജീവമായി നിറഞ്ഞു നിന്ന ശോഭന ഒറിയ നടനായ ചക്രപാണിയെ ആണ് വിവാഹം കഴിച്ചത്. ഇരുവരും ഒന്നിച്ച് ഏതാനും ഒറിയ ചിത്രങ്ങളിൽ‌ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

വിവാഹം കഴിഞ്ഞ് അഭിനയം ഉപേക്ഷിച്ച ശോഭന പിന്നീട് ഡബ്ബിംഗ് ആർട്ടിസ്റ്റായി സിനിമയിലേക്ക് മടങ്ങിയെത്തി. 400ൽ അധികം ചിത്രങ്ങളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. സുഹാസിനി, മീന, രാധ, രാധിക, പൂർണ്ണിമ ജയറാം, രമ്യാകൃഷ്ണൻ, റോജ, വിജയശാന്തി, ശിൽപാ ശെട്ടി, ദിവ്യഭാരതി, നഗ്മ, ഖുശ്ബു തുടങ്ങിയ താരങ്ങൾക്കൊക്കെ ശോഭന ശബ്ദം നൽകിയിട്ടുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Film family actor childhood photo