/indian-express-malayalam/media/media_files/uploads/2023/07/Dileep-Pothan.png)
മമ്മൂട്ടിയുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് ദിലീഷ് പോത്തൻ,(Photo: Dileesh Pothan/Facebook)
കരിയറിൽ വലിയ തോൽവികൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത അപൂർവ്വം സിനിമാപ്രവർത്തകരിൽ ഒരാളാണ് ദിലീഷ് പോത്തൻ. മലയാള സിനിമയുടെ ചരിത്ര താളുകളിൽ ആലേഖനം ചെയ്യപ്പെട്ടവയാണ് ദിലീഷിന്റെ സംവിധാനത്തിൽ ഒരുങ്ങിയ സിനിമകളെല്ലാം തന്നെ. 'മഹേഷിന്റെ പ്രതികാരം,' 'തൊണ്ടിമുതലും ദൃക്സാക്ഷിയും', 'ജോജി' തുടങ്ങി ചിത്രങ്ങൾ മലയയാള സിനിമയ്ക്ക് പുതിയ നിർവചനങ്ങൾ നൽകി.
പോത്തന്റെ വിജയ ചിത്രങ്ങളുടെ പട്ടികയിലേക്ക് ഒരു മമ്മൂട്ടി സിനിമ കൂടി എത്തുമെന്ന വാർത്ത ആസ്വാദകരുടെ ആകാംക്ഷ കൂട്ടിയിരുന്നു. മമ്മൂട്ടിയുമായി ചില കഥകൾ ചർച്ച ചെയ്തെങ്കിലും ഔദ്യോഗികമായി ഒരു തരത്തിലുള്ള തീരുമാനങ്ങളുമെടുത്തിട്ടിലെന്നാണ് വാർത്തകളോട് പ്രതികരിച്ച് കൊണ്ട് ദിലീഷ് പോത്തൻ ഇന്ത്യൻ എക്‌സ്‌പ്രസ് ഡോട്ട് കോമിനോട് പറഞ്ഞത്.
"മമ്മൂക്കയുമായി ഞാൻ ചില ആശയങ്ങളൊക്കെ പങ്കുവച്ചിട്ടുണ്ട്. ഇപ്പോൾ ചർച്ചകൾ നടക്കുന്നുണ്ടെന്നും പറയാം. എന്നാൽ ഇതുവരേയ്ക്കും ഒരു തിരക്കഥ എഴുതാൻ പറ്റിയ നിലയിലേക്ക് കാര്യങ്ങളെത്തിയിട്ടില്ല. മമ്മൂട്ടിയുമായി മാത്രമല്ല മോഹൻലാലുമായി ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹവും എനിക്കുണ്ട്. പക്ഷെ ഒരു തീരുമാനത്തിലേക്കും ചർച്ചകൾ നയിച്ചിട്ടില്ലെന്നതാണ് സത്യം," ദിലീഷ് പറഞ്ഞു.
തന്റെ പുതിയ സംവിധാന ചിത്രം അടുത്ത വർഷം റിലീസിനെത്തുമെന്നും പോത്തൻ ദി ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറയുകയുണ്ടായി. "ഒരു പുതിയ തിരക്കഥയുടെ ആദ്യ പടിയിലാണിപ്പോൾ ഞാനും ശ്യാം പുഷ്ക്കരനും," ദിലീഷ് പങ്കുവച്ചു.
ചിത്രങ്ങൾ നേരത്തെ ഒടിടിയിലെത്തുന്നതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ അണിയറപ്രവർത്തകരുടെയും തിയേറ്റർ ഉടമകളുടെയും ഭാഗത്തു നിന്ന് ദിലീഷ് സംസാരിച്ചു. "സിനിമ തിയേറ്ററിലെത്തി മൂന്ന് മുതൽ നാല് ആഴ്ച്ചകൾക്കു ശേഷം അവ ഒടിടിയിലെത്തുമെന്ന് പലർക്കും അറിയാം. അതുകൊണ്ട് തന്നെ ആദ്യ രണ്ട് ആഴ്ച്ചക്കുള്ളിൽ തിയേറ്ററിലെത്തി സിനിമ കാണാൻ കഴിഞ്ഞില്ലെങ്കിൽ ഒടിടിയിൽ കാണാമെന്ന് അവർ കരുതും," ദിലീഷ് പറഞ്ഞു.
"ചിത്രങ്ങൾ അതിവേഗം ഒടിടിയിലെത്തുമ്പോൾ തിയേറ്ററിലെത്തുന്ന ആളുകളുടെ എണ്ണം കുറയുമെന്ന യാഥാർത്ഥ്യം മേഖലയിൽ ആശങ്കയുണ്ടാക്കും. എന്നാൽ കുറച്ചധികം പ്രേക്ഷകരിലേക്ക് സിനിമയെത്താൻ ഒടിടി പ്ലാറ്റ്‌ഫോമുകൾ സഹായിക്കുമെന്ന കാര്യവും തള്ളി കളയാനാകില്ല. ഒരു വർഷത്തെ കണക്കെടുത്താൽ വളരെ കുറച്ച് ചിത്രങ്ങൾ മാത്രമാണ് മൂപ്പത് ദിവസത്തിലധികം തിയേറ്ററിൽ നിലനിൽക്കുന്നത്. അതുകൊണ്ട് തന്നെ താൻ നിർമിച്ച ചിത്രം തിയേറ്ററിൽ നല്ല പ്രകടനം കാഴ്ച്ചവയ്ക്കുന്നില്ലെന്ന് തോന്നി അത് ഒടിടിയ്ക്ക് നൽകാൻ നിർമാതാവ് തയാറായാൽ അതിൽ തെറ്റ് പറയാനാകില്ല. സാമ്പത്തിക ബുദ്ധിമുട്ട് ഒഴിവാക്കാൻ അത് അനിവാര്യമായി വന്നേക്കാം. തിയേറ്റർ ഉടമകളുടെ നഷ്ടത്തേക്കാൾ വളരെ കൂടുതലാണ് ഒരു വർഷം നിർമാതാക്കൾ അനുഭവിക്കേണ്ടി വരുന്ന സാമ്പത്തിക നഷ്ടം."
സംഘടനങ്ങൾ ഇതു സംബന്ധിച്ച് ചർച്ചകൾ നടത്തി കൃത്യമായ കരാർ നിർമിക്കുന്നത് ഗുണം ചെയ്യുമെന്നും ദിലീഷ് പറയുകയുണ്ടായി.
സിനിമകളിലെ റിയലിസ്റ്റിക്ക് ഘടകങ്ങളുടെ സാന്നിധ്യം അധികമാണെന്ന കാരണം ചൂണ്ടികാണിച്ച് 'പ്രകൃതി പടം' എന്ന ലേബൽ ദിലീഷ് പോത്തൻ ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയ നൽകി.
ഏതു തരത്തിലുള്ള വിമർശനങ്ങളും താൻ സ്വാഗതം ചെയ്യുന്നെന്നാണ് ദിലീഷ് പറയുന്നത്. "അത്തരത്തിലുള്ള വാക്കുകൾ എന്നെ വേദനിപ്പിക്കാറേയില്ല. ഞാൻ മൂന്ന് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. പറയാതിരിക്കാൻ പറ്റില്ല, മൂന്ന് ചിത്രങ്ങളും ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. അതുകൊണ്ട് തന്നെ എന്തിനാണ് വിമർശനങ്ങളോട് വിമുഖത കാണിക്കുന്നത്. നല്ല ഒരു സംവിധായകനാകാൻ ഇത്തരം വിമർശനങ്ങൾ എന്നെ സഹായിക്കും, സിനിമകൾ ഒരേ രീതിലാകാതിരിക്കാൻ ശ്രമിക്കാറുമുണ്ട്."
ഒരു കൂട്ടം ആളുകൾക്ക് തന്റെ സിനിമകളോട് അതൃപ്തി തോന്നിയാൽ, ആ പ്രശ്നം വളരെ ഗൗരവമായി കണ്ട് ഇനിയുള്ള ചിത്രങ്ങളിൽ അത് ശരിയാക്കാൻ ശ്രമിക്കുമെന്നും ദിലീഷ് കൂട്ടിച്ചേർത്തു.
മലയാളം ഇൻഡസ്ട്രി വെബ് സീരിസ് എന്ന മേഖലയിലേക്കും കാലെടുത്ത് വച്ചിരിക്കുകയാണ്. മേഖലയിൽ നിന്നുള്ള ആദ്യത്തെ വെബ് സീരീസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന 'കേരള ക്രൈം ഫയൽസ്' കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് റിലീസ് ചെയ്തത്. എന്തുകൊണ്ടാണ് സംവിധായകർ വെബ് സീരീസ് എന്ന മേഖലയിലേക്ക് അധികം പോകാത്തതെന്ന ചോദ്യത്തിന് പ്ലാറ്റ്‌ഫോമുകൾ കൂടുതൽ അവസരം നൽകേണ്ടിയിരിക്കുന്നു എന്നാണ് ദിലീഷ് മറുപടി നൽകിയത്.
"കുറച്ച് നാളുകൾ മാത്രമെയായിട്ടുള്ളൂ ഒടിടി പ്ലാറ്റ്‌ഫോമുകൾ നമ്മുടെ ഇൻഡസ്ട്രിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയിട്ട്. വെബ് സീരീസുകൾ ഇവിടെ ചിത്രീകരിക്കാൻ ആരംഭിച്ചെന്നത് വലിയൊരു കാര്യമാണ്. ഒരു സീരീസായി അവതരിപ്പിക്കാൻ പറ്റിയ കഥ ഇതുവരെ എന്റെ മനസ്സിൽ തോന്നിയിട്ടില്ല. അങ്ങനെയൊരണ്ണം ചെയ്യണമെന്നുണ്ട്, എന്തായാലും ഈയടുത്തൊന്നും ചെയ്യില്ല."
2023ൽ മലയാള സിനിമ ഒരുപാട് ഉയരങ്ങളിലേക്ക് കുതിച്ചെങ്കിലും രോമാഞ്ചം, 2018 പോലുള്ള ചിത്രങ്ങൾക്കു മാത്രമാണ് തിയേറ്ററിൽ മികച്ച വിജയം കൊയ്യാൻ സാധിച്ചത്. സിനിമ മേഖല ഇത്തരം വെല്ലുവിളികളെ പലതവണ നേരിട്ടുണ്ടെന്നായിരുന്നു ദിലീഷ് പറഞ്ഞത്.
"കഴിഞ്ഞ വർഷങ്ങളിലെ ബോക്സ് ഓഫീസ് വിവരങ്ങൾ നോക്കുമ്പോൾ നാലു മുതൽ ഏഴു ചിത്രങ്ങൾ മാത്രമാണ് സൂപ്പർഹിറ്റ് പദവിയിലേക്ക് ഉയർന്നത്. ഇത് 90 കളിലും രണ്ടായിരത്തിലുമൊക്കെ കണ്ടു വന്ന ഒരു ട്രെൻഡ് തന്നെയാണ്. ഏഴിൽ കൂടുതൽ ചിത്രങ്ങളൊന്നും ആ കാലത്ത് വിജയിച്ചിട്ടില്ല.മൂപ്പത്തോളം ചിത്രങ്ങൾ മാത്രമാണ് ചെറുതായെങ്കിലും വിജയിച്ചത്, ബാക്കിയെല്ലാം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടവയാണ്. എന്തിരുന്നാലും കലാമൂല്യമുള്ള ചിത്രങ്ങൾ തിയേറ്റിലെത്തിയാൽ പ്രേക്ഷകർ എത്തി അത് ബ്ലോക്ക്ബസ്റ്ററാക്കുകയും ചെയ്യും," ദിലീഷ് കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.