ഇന്ത്യന്‍ സിനിമകളുടെ സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട പരമോന്നത ബോഡിയായ എഫ്കാറ്റ് (FCAT – Film Certification Appellete Tribunal) ഇനി മുതല്‍ ഇല്ലെന്ന് ഫിലിം ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്ര നീതി-ന്യായവകുപ്പ് എഫ്കാറ്റ് അബോലിഷ് ചെയ്തതായാണ് റിപ്പോര്‍ട്ട്. ഈ ഉത്തരവിനു ശേഷം, സിബിഎഫ്സിയുടെ തീരുമാനത്തിൽ സംതൃപ്തരല്ലാത്ത ചലച്ചിത്ര പ്രവർത്തകർ അവരുടെ പരാതികൾ പരിഹരിക്കുന്നതിന് എഫ്കാറ്റിനു പകരം നേരിട്ട് ഹൈക്കോടതിയെ സമീപിക്കേണ്ടി വരും.
Read in IE: Film Certification Appellate Tribunal abolished
സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സിബിഎഫ്സി) ഉത്തരവുകളില്‍ സംതൃപ്തരല്ലാത്ത ചലച്ചിത്ര പ്രവർത്തകരുടെ അപ്പീൽ കേൾക്കുന്നതിനായി 1983 ലാണ് ഈ സ്റ്റാറ്റ്യൂട്ടറി ബോഡി രൂപീകരിച്ചത്. ഇന്ത്യ ഗവൺമെന്റിന്റെ വിവര-പ്രക്ഷേപണ മന്ത്രാലയം 1952 ലെ സിനിമാട്ടോഗ്രാഫ് നിയമത്തിലെ സെക്ഷൻ 5 ഡി (1952 ലെ 37) പ്രകാരം രൂപീകരിച്ച ട്രിബ്യൂണലിന്റെ ആസ്ഥാനം ന്യൂഡൽഹിയാണ്.
ഈ തീരുമാനത്തിന്റെ യുക്തി എന്തെന്ന് അറിയില്ലെന്ന് അഭിനേത്രിയും സെൻസർ ബോർഡ് മുൻ ചെയർ പേഴ്സണുമായ ഷർമിള ടാഗോർ പറഞ്ഞു. ഈ വിഷയത്തിൽ എന്താണ് നടന്നതെന്ന് ധാരണയില്ലെന്നും ഇതിൽ പ്രതികരിക്കാനില്ലെന്നും അവർ പറഞ്ഞു. എഫ്സിഎടി പ്രഗൽഭരായ അംഗങ്ങളുള്ള ഒരു സമിതിയാണെന്നും അത് ഇല്ലാതാക്കിയത് യുക്തിരഹിത തീരുമാനമാണെന്നും അവർ പറഞ്ഞു.