പാക്കിസ്ഥാനിലെ കറാച്ചിയിൽ ഒരു പരിപാടിയിൽ പാടിയ ഗായകൻ മിഖാ സിങ്ങിന് ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തി സിനിമാലോകം. മിഖാ സിങ്ങിന് ഇന്ത്യൻ സിനിമാവ്യവസായത്തിൽ നിന്നും വിലക്കേപ്പെടുത്തിയത് ഓൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷൻ (എ ഐ സി ഡബ്ല്യു എ) ആണ്. സിനിമകളിൽ നിന്നും വിനോദ കമ്പനികളുമായുള്ള സംഗീതപരിപാടികളിൽ കരാർ ഏർപ്പെടുന്നതിൽ നിന്നും മിഖാ സിങിനെ ബഹിഷ്കരിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. മുൻ പാകിസ്ഥാൻ പ്രസിഡന്റ് പർവേസ് മുഷറഫിന്റെ അടുത്ത ബന്ധു പാകിസ്ഥാനിൽ സംഘടിപ്പിച്ച പരിപാടിയിലാണ് മിഖാ സിങ്ങ് പാടിയത്.

ഓൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷൻ ചൊവ്വാഴ്ച ഇതുമായി ബന്ധപ്പെട്ട് പ്രസ്താവന പുറത്തിറക്കി. സിനിമാ നിർമ്മാണകമ്പനികൾ, സംഗീത കമ്പനികൾ, ഓൺലൈൻ മ്യൂസിക് കണ്ടന്റ് പ്രൊവൈഡർമാർ എന്നിവരുമായുള്ള മിഖാ സിങ്ങിന്റെ കരാറുകളെല്ലാം ബഹിഷ്കരിക്കണമെന്ന നിലപാടാണ് സിനി വർക്കേഴ്സ് അസോസിയേഷൻ എടുത്തിരിക്കുന്നതെന്ന് എ ഐ സി ഡബ്ല്യു എ പ്രസിഡന്റ് സുരേഷ് ശ്യാംലാൽ ഗുപ്ത ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

“ഇന്ത്യയിൽ ആരും മിഖാ സിങ്ങിനൊപ്പം പ്രവർത്തിക്കുന്നില്ലെന്ന് എ ഐ സി ഡബ്ല്യുഎ ഉറപ്പുവരുത്തും, ആരെങ്കിലും അങ്ങനെ ചെയ്താൽ അവർക്ക് കോടതിയിൽ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും,” പ്രസ്താവനയിൽ എ ഐ സി ഡബ്ല്യു എ പറയുന്നു.

“രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം രൂക്ഷമാകുമ്പോൾ, മിഖാ സിംഗ് പണത്തിന് രാജ്യത്തിന്റെ അഭിമാനത്തേക്കാൾ വില നൽകി,” എന്നാണ് ഫിലിം അസോസിയേഷന്റെ വിമർശനം. ഇക്കാര്യത്തിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഇടപെടലും അസോസിയേഷൻ തേടി

Read more: രക്ഷാപ്രവർത്തനത്തിടെ ജീവൻ വെടിഞ്ഞ ലിനുവിന് ആദരാഞ്ജലി അർപ്പിച്ച് മമ്മൂട്ടിയും മോഹൻലാലും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook