ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലുള്ള മുസ്ലീം പള്ളികള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണങ്ങളെ അടിസ്ഥാനമാക്കി സിനിമയൊരുങ്ങുന്നു. ‘ഹെലോ ബ്രദര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മോയസ് മസൂദാണെന്ന് വെറൈറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു.
മാര്‍ച്ച് 15ന് ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്ലീം പള്ളികള്‍ക്ക് നേരെ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടയിലാണ് വെടിവെപ്പ് നടന്നത്. ആക്രമണത്തില്‍ 51 പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. വെടിവയ്ക്കുന്ന ദൃശ്യങ്ങള്‍ അക്രമി സോഷ്യല്‍ മീഡിയയില്‍ ലൈവ് ആയി കാണിച്ചിരുന്നു.
Read More: ‘അസലാമു അലൈക്കും’; ന്യൂസിലൻഡ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത് മുസ്ലിം അഭിവാദ്യത്തോടെ
മരണത്തെയും തകര്‍ച്ചയേയും നേരിട്ട ഒരു കുടുംബം തങ്ങളുടെ ജീവന് രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതായാണ് കഥ വികസിക്കുന്നത്. ഇതിന് ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണവുമായി ബന്ധമുണ്ടെന്ന് വെറൈറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു.
‘മനുഷ്യത്വത്തിന് നേരെയുള്ള ആക്രമണമാണ് മാര്‍ച്ച് 15ന് ക്രൈസ്റ്റ് ചര്‍ച്ചില്‍ ലോകം സാക്ഷ്യം വഹിച്ചത്. മുറിവുകള്‍ ഉണങ്ങിവരുന്നതിനായുള്ള ആദ്യ പടി എന്ന നിലയിലാണ് ഹെലോ ബ്രദര്‍ എത്തുന്നത്. കാരണം വെറുപ്പിന്റേയും വര്‍ണവെറിയുടേയും തീവ്രവാദത്തിന്റേയുമെല്ലാം മൂലകാരണം എന്താണെന്ന് അറിയാനും പരസ്പരം നമുക്ക് മനസിലാക്കാനും ഇതുവഴി സാധിക്കും,’ മോയസ് മസൂദ് പറയുന്നു.
ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണത്തിന് ശേഷം ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡേണ്‍ വളരെ പക്വമായ പ്രതികരണമായിരുന്നു മുന്നോട്ട് വച്ചത്. കൊല്ലപ്പെട്ട മുസ്ലിം പൗരന്മാര്ക്കു വേണ്ടി ജസീന്ത ഹിജാബ് ധരിച്ചെത്തിയത് ശ്രദ്ധേയമായിരുന്നു. ന്യൂസിലന്‍ഡ് പള്ളിയില്‍ നടന്ന വെടിവയ്പില്‍ കൊല്ലപ്പെട്ട ഓരോ പൗരന്റെയും ബന്ധുക്കളെ ആശ്വസിപ്പിക്കാനായിരുന്നു ജസീന്തയെത്തിയത്. അവരെ ചേര്‍ത്തു പിടിച്ചു, ആശ്വസിപ്പിച്ചു. ഒപ്പം ഉണ്ടെന്നു പറഞ്ഞു. കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകള്‍ക്കുള്ള പണം അവര്‍ നല്കി. ലേബര്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകയായ ഇവര്‍ 2017 ഓഗസ്റ്റ് 1 മുതല്‍ പാര്‍ട്ടി നേതാവാണ്. 2008 ലെ പൊതുതിരഞ്ഞെടുപ്പിലാണ് ആദ്യമായി പാര്‍ലമെന്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ക്രൈസ്റ്റ് ചര്‍ച്ചിലുണ്ടായ ആക്രമണത്തിന് ശേഷമുള്ള ആദ്യ പാര്‍ലമെന്റ് സെഷന് ന്യുസിലന്‍ഡ് ആരംഭിച്ചത് ഖുര്‍ആന്‍ പാരായണത്തോടെയായിരുന്നു. മുസ്ലീം പള്ളികള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരസൂചകമായാണ് ഖുര്‍ആന്‍ പാരായണം നടത്തിയത്. ഇമാം നിസാമുല്‍ ഹഖ് തന്‍വിയായിരുന്നു പ്രാര്‍ഥന ചൊല്ലിയത്.
പാര്‍ലമെന്റില്‍ ‘അസലാമും അലൈക്കും’ എന്ന മുസ്ലിം അഭിവാദ്യത്തോടെയായിരുന്നു പ്രധാനമന്ത്രി ജസീന്ത പ്രസംഗം ആരംഭിച്ചത്. കൊല്ലപ്പെട്ട മുസ്ലിങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ടായിരുന്നു ജസീന്തയുടെ പ്രസംഗം. ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്ലിം പളളികളില്‍ വെടിവയ്പ് നടത്തി 50 പേരെ കൊലപ്പെടുത്തിയ പ്രതിയുടെ പേര് ആരും പരാമര്‍ശിക്കരുതെന്ന് ജസീന്ത ആര്‍ഡേണ്‍ ആഹ്വാനം ചെയ്തു. അയാള്‍ ഭീകരനാണെന്നും താന്‍ പേര് ഉച്ചരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജസീന്ത പറഞ്ഞു.