എല്ലാ സിനിമയിലും ഒരു കേന്ദ്ര കഥാപാത്രമുണ്ടാകും. ഫിദയിൽ അത് ഭാനുമതിയാണ്. സിനിമയിൽ നിറഞ്ഞുനിൽക്കുന്നതും ഭാനു തന്നെയാണ്. തെലുങ്കിലെ സായി പല്ലവിയുടെ അരങ്ങേറ്റ ചിത്രം ഒട്ടും മോശമായിട്ടില്ലെന്നു തന്നെ പറയാം. ഭാനു സുന്ദരിയാണ്, മനോഹരിയാണ്, സ്വന്തമായി നിലപാടുളളവളാണ്. ഫിദ ശരിക്കും ഭാനുമതിയുടെ സിനിമയാണ്.

സ്വന്തം നാടിനെ ഒരുപാട് ഇഷ്ടപ്പെടുന്നവളാണ് ഭാനുമതി (സായി പല്ലവി). വിവാഹശേഷം സ്വന്തം നാടും അച്ഛനെയും വിട്ടുപോകാൻ അവൾക്ക് ആഗ്രഹമില്ല. പക്ഷേ അവൾ തന്റെ സഹോദരി ഭർത്താവിന്റെ അനിയൻ വരുണുമായി (വരുൺ തേജ്) പ്രണയത്തിലാകുന്നു. ഇതോടെ അവൾപോലും പ്രതീക്ഷിക്കാതെ ജീവിതത്തിൽ പല മാറ്റങ്ങളും ഉണ്ടാകുന്നു. ശേഖർ കമ്മൗല സംവിധാനം ചെയ്ത ഫിദ ചിത്രം ഒരു മുഴുനീള റൊമാന്റിക് സിനിമയാണ്.

sai pallavi, fida

ഫിദയിലൂടെ മികച്ച വരവാണ് ടോളിവുഡിൽ സായി പല്ലവി നടത്തിയിരിക്കുന്നത്. നർത്തകി കൂടിയായ സായി പല്ലവിയുടെ ഫിദയിലെ നൃത്തരംഗങ്ങൾ എടുത്തുപറയേണ്ടതാണ്. വരുൺ തേജ് ആണ് ചിത്രത്തിലെ നായകൻ. എന്നാൽ നായകനെക്കാൾ നായികയാണ് ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നത്. നായികയെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ടു പോകുന്നത്.

ശേഖർ കമ്മൗലയുടെ സംവിധാന മികവ് ഫിദയിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. സ്ത്രീ കേന്ദ്രീകൃതമായിട്ടാണ് സിനിമ മുന്നേറുന്നതെങ്കിലും അവസാനം വരെ പ്രേക്ഷകരെ ബോറടിപ്പിക്കാതെ സംവിധായകൻ കഥ പറഞ്ഞുനിർത്തുന്നുണ്ട്. സിനിമയുട അവസാനം അതിലെ കഥാപാത്രങ്ങളോട് നമുക്കും പ്രണയം തോന്നും. പ്രത്യേകിച്ച് സായി പല്ലവിയുടെ ഭാനുമതിയോട്. ചിത്രത്തിലെ ഹൃദയവും ആത്മാവും സായി തന്നെയാണ്. ഇതുവരെയുളള തന്റെ ചിത്രങ്ങളിൽനിന്നും വളരെ വ്യത്യസ്തമായിട്ടാണ് ശേഖർ ‘ഫിദ’ ഒരുക്കിയിരിക്കുന്നത്.

sai pallavi, fida

സായി പല്ലവിയെ ഭാനുമതിക്കായി തിരഞ്ഞെടുത്തതിൽ സംവിധായകനെ അഭിനന്ദിച്ചേ മതിയാകൂ. ചിത്രത്തിലെ പോരായ്മ എന്നു പറയാൻ തോന്നുന്നത് ശക്തമായ സഹതാരങ്ങളുടെ കുറവാണ്. വരുണും സഹോദരന്റെ ഭാര്യയും തമ്മിലുളള ചില സംഭാഷണങ്ങൾ ബോറടിപ്പിക്കുന്നതാണ്.

ചിത്രത്തിൽ എടുത്തുപറയേണ്ട മറ്റൊരു കാര്യം സംഗീതമാണ്. ഓരോ ഗാനങ്ങളും വളരെ മനോഹരമായിട്ടുതന്നെ ശക്തി കാന്ത് അണിയിച്ചൊരുക്കിയിട്ടുണ്ട്. റൊമാന്റിക് പാട്ടാകട്ടെ, വിവാഹ ഗാനമാകട്ടെ ഓരോന്നും ഒന്നിനൊന്നു മികച്ചതാണ്. ചിത്രത്തിലെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന വിജയ് സി.കുമാറിനെ കൂടി പറയാതെ ചിത്രത്തെക്കുറിച്ച് പറഞ്ഞുനിർത്താനാവില്ല. ചിത്രത്തിലെ ഓരോ രംഗങ്ങളും വളരെ മനോഹരമായിട്ടുതന്നെ അദ്ദേഹം ക്യാമറയിൽ പകർത്തിയിട്ടുണ്ട്. പ്രത്യേകിച്ച് ഭാനുമതി മഴയിൽ നനയുന്ന രംഗം.

ചിത്രം കണ്ടിറങ്ങുമ്പോൾ ഉളളിൽ ഒളിപ്പിച്ചുവച്ചിരുന്ന പ്രണയ നിമിഷങ്ങൾ പ്രണയിച്ചിട്ടുളള ഓരോരുത്തരും ഓർത്തെടുത്തുപോകും. പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ ഫിദയ്ക്ക് കഴിഞ്ഞുവെന്നതിൽ സംശയം വേണ്ട.

പ്രിയങ്ക സുന്ദർ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ