നടൻ ദുൽഖർ സൽമാനും അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനിയായ വെഫററിനും ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് (FEUOK). ദുൽഖറിന്റെ നിർമാണ കമ്പനി നൽകിയ വിശദീകരണത്തെ തുടർന്നാണ് വിലക്ക് പിൻവലിച്ചത്. ഇന്ന് ചേർന്ന ഫിയോക് ജനറൽ ബോഡിയിലാണ് തീരുമാനം.
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ദുൽഖറിന്റെ ‘സല്യൂട്ട്’ എന്ന ചിത്രം ഒടിടിക്ക് നൽകിയതിനെ തുടർന്നാണ് വിലക്കേർപ്പെടുത്തിയത്. ഇതിന് തൃപ്തികരമായ വിശദീകരണം ദുൽഖറിന്റെ നിർമ്മാണ കമ്പനിയായ വെഫററിന്റെ അധികൃതർ നൽകിയെന്നാണ് വിവരം.
ദുൽഖറുമായി സഹകരിക്കില്ലെന്ന് ആയിരുന്നു തിയേറ്റർ ഉടമകളുടെ തീരുമാനം. കൊച്ചിയിൽ നടന്ന ഫിയോക് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് വിളക്കാനുള്ള തീരുമാനം ഉണ്ടായത്. ധാരണയും വ്യവസ്ഥകളും ലംഘിച്ചാണ് ചിത്രം ഒടിടിക്ക് നൽകിയതെന്ന് ഫിയോക് ആരോപിച്ചിരുന്നു.
‘സല്യൂട്ട്’ ജനുവരിയിൽ തിയേറ്റർ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒമിക്രോൺ വ്യാപനത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. പിന്നീട് ചിത്രം ഒടിടി പ്ലാറ്റഫോമിന് നൽകുകയായിരുന്നു. മാർച്ച് 18നാണ് ‘സല്യൂട്ട്’ സോണി ലിവിൽ സ്ട്രീമിങ് ആരംഭിച്ചത്.
മുംബൈ പോലീസിന് ശേഷം റോഷൻ ആൻഡ്രൂസ് ഒരുക്കിയ ‘സല്യൂട്ടിന്’ വലിയ ജനപ്രീതി നേടാൻ കഴിഞ്ഞിരുന്നില്ല. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിച്ച അഞ്ചാമത്തെ ചിത്രമാണ് സല്യൂട്ട്.
ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്.
Also Read: എന്നെ ക്ഷണിച്ചത് ദിലീപല്ല, ഇത് ഞങ്ങൾ തമ്മിലുള്ള വ്യക്തിപരമായ കാര്യവുമല്ല: രഞ്ജിത്ത്