കോവിഡ് പ്രതിസന്ധി ഏറെ നഷ്ടം വിതച്ച ഇൻഡസ്ട്രികളിൽ ഒന്ന് സിനിമയാണ്. മാസങ്ങളോളം തിയേറ്ററുകൾ അടഞ്ഞുകിടന്നതോടെ ഈ മേഖലയിലുള്ളവരെ അതിജീവനം ദുസ്സഹമായിരിക്കുകയാണ്. കോവിഡ് ലോക്ക്ഡൗണിനു ശേഷം ആദ്യമായി തിയേറ്ററുകളിൽ എത്തിയ സൂപ്പർതാരചിത്രം മമ്മൂട്ടി നായകനായ ‘ദി പ്രീസ്റ്റ്’ ആയിരുന്നു. മികച്ച പ്രതികരണം നേടി, വിജയകരമായി തന്നെ ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. തിയേറ്ററുകൾക്ക് ഉണർവ്വും ആഘോഷവും തിരിച്ചുനൽകിയ ഈ ചിത്രം പ്രതിസന്ധികളിൽ നിന്നും കരകയറാനുള്ള ഒരു കൈസഹായമാണ് തിയേറ്റർ ഉടമകൾക്ക് നൽകുന്നത്.
ഇപ്പോഴിതാ, മമ്മൂക്കയുടെ വീട്ടിലെത്തി നന്ദി അറിയിച്ചിരിക്കുകയാണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. മമ്മൂട്ടിയുടെ കൊച്ചിയുടെ വീട്ടിലാണ് ഫിയോക് പ്രതിനിധികൾ എത്തിയത്. ഫിയോക് പ്രസിഡന്റ് കെ.വിജയകുമാർ, ജനറല്‍ സെക്രട്ടറി സുമേഷ് പാല, വൈസ് പ്രസിഡന്റ് സോണി തോമസ്, എക്സിക്യുട്ടീവ് സെക്രട്ടറി എം.സി ബോബി, ജോയിന്റ് സെക്രട്ടറി കിഷോര്‍ സദാനന്ദന് എന്നിവർ നേരിട്ട് എത്തിയാണ് തങ്ങളുടെ നന്ദി താരത്തെ അറിയിച്ചത്.
Shri K Vijayakumar (Managing Director, Varsha Group) President for FEUOK ( Film Exhibitors United Organisation of Kerala )
Posted by Ajmal B Mammootty on Wednesday, March 17, 2021
കൊറോണ ഉണ്ടാക്കിയ പ്രതിസന്ധികളിലും ലാഭം മാത്രം നോക്കി പോകാതെ, ഓടിടി പ്ലാറ്റ്ഫോമുകൾക്ക് ചിത്രത്തിന്റെ റിലീസ് അവകാശം നൽകാതെ, സിനിമ പ്രവർത്തകരുടെ ജീവിതം കൂടെ കണക്കിൽ എടുത്ത് അവർക്ക് കൂടെ ഗുണകരമായ തീരുമാനം എടുത്തതിന് താരത്തെ പ്രശംസിക്കുകയാണ് സിനിമാലോകം.
ചിത്രം റിലീസിനെത്തിയ ദിവസം തന്നെ ചില തിയേറ്റർ ഉടമകൾ സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ നന്ദി താരത്തെ അറിയിച്ചിരുന്നു.
നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ‘ദി പ്രീസ്റ്റ്’ എന്ന ചിത്രത്തിന് മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചെത്തിയ ചിത്രമെന്ന വിശേഷണം കൂടിയുണ്ട്. നിഖില വിമല്‍, അമേയ, ജഗദീഷ്, ടി.ജി രവി, രമേശ് പിഷാരടി, വെങ്കിടേഷ്, ശിവദാസ് കണ്ണൂര്‍ തുടങ്ങിയ വൻതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ജോഫിന്‍ ടി. ചാക്കോയുടെ കഥയ്ക്ക് ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങും സംഗീതം രാഹുൽ രാജും നിർവ്വഹിച്ചിരിക്കുന്നു. പശ്ചാത്തലസംഗീതം ഒരുക്കിയതും രാഹുൽ തന്നെ.