/indian-express-malayalam/media/media_files/uploads/2021/12/Salute-Dulquer-Salman.jpg)
കൊച്ചി: നടൻ ദുൽഖർ സൽമാനും അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനിയായ വെഫററിനും വിലക്കേർപ്പെടുത്തി തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് (FEUOK). റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ദുൽഖറിന്റെ പുതിയ ചിത്രം 'സല്യൂട്ട്' ഒടിടിക്ക് നൽകിയതിനെ തുടർന്നാണ് നടപടി. ദുൽഖറുമായി സഹകരിക്കില്ലെന്ന് തിയേറ്റർ ഉടമകൾ അറിയിച്ചു. കൊച്ചിയിൽ നടന്ന ഫിയോക് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ധാരണയും വ്യവസ്ഥകളും ലംഘിച്ചാണ് ചിത്രം ഒടിടിക്ക് നൽകിയതെന്നാണ് ഫിയോക്കിന്റെ ആരോപണം. ദുൽഖറിന്റെ ഇതരഭാഷ സിനിമകളുമായും സഹകരിക്കില്ലെന്ന് ഫിയോക് അറിയിച്ചതായാണ് റിപ്പോർട്ടുകൾ
'സല്യൂട്ട്' ജനുവരിയിൽ തിയേറ്റർ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒമിക്രോൺ വ്യാപനത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. പിന്നീട് ചിത്രം ഒടിടി പ്ലാറ്റഫോമിന് നൽകുകയായിരുന്നു. മാർച്ച് 18നാണ് 'സല്യൂട്ട്' സോണി ലിവിൽ സ്ട്രീമിങ് ആരംഭിക്കുക.
മുംബൈ പോലീസിന് ശേഷം റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന പോലീസ് മൂവി കൂടിയാണ് ‘സല്യൂട്ട്’. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബിയും സഞ്ജയും ചേർന്നാണ്. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.
ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.
ജേക്സ് ബിജോയിയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ശ്രീകർ പ്രസാദാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ഛായാഗ്രഹണം അസ്‍ലം പുരയിൽ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.