വേതന വര്‍ധനവുമായി ബന്ധപ്പെട്ട് ഫെഫ്കയും പ്രൊഡ്യൂസേഴ്സ് സംഘടനയും തമ്മിലുള്ള ചർച്ചകൾ തീരുമാനത്തിലെത്തിക്കാനും തർക്കങ്ങൾ പരിഹരിക്കാനും ഇരു സംഘടനകളും നാളെ കൊച്ചിയിൽ യോഗം ചേരും. വേതന വര്‍ധനവ് സംബന്ധിച്ചുള്ള നിലവിലെ കരാര്‍ പരിഷ്കരിക്കുന്ന കാര്യമാണ് യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുക.
“എല്ലാ മൂന്നുവർഷം കൂടുമ്പോഴും വേതന വർധനവ് ചർച്ച ചെയ്യാറുണ്ട്. ഇത്തവണ കുറച്ചു വൈകിയെന്നു മാത്രം, ഞങ്ങളുടെ വാർഷിക ഒത്തുകൂടലിന്റെ ഭാഗമായുള്ള യോഗമാണിത്,” ഫെഫ്കയുടെ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പറായ ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
Read more: ഫെഫ്കയിൽ നേതൃമാറ്റം; പുതിയ പ്രസിഡന്റായി രഞ്ജി പണിക്കർ
കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന ഫെഫ്കയുടെ ജനറല്‍ കൗണ്‍സിലും വേതന വർധനവുണ്ടാകണം എന്ന ആവശ്യം ഉയർന്നിരുന്നു. വേതന വര്‍ധനവുണ്ടാകണമെന്ന ആവശ്യവുമായി ഫെഫ്കയുടെ നേതൃത്വത്തില്‍ മുൻപും നിർമ്മാതാക്കളുടെ സംഘടനയുമായി ചർച്ചകൾ നടന്നിരുന്നു. ദിവസ വേതന തൊഴിലാളികളുടെ വേതനത്തിൽ പതിനഞ്ചു ശതമാനം വര്‍ധനയാണ് നിര്‍മ്മാതാക്കളുടെ സംഘടന ഉറപ്പു നല്‍കിയത്. എന്നാൽ മുൻവർഷങ്ങളിൽ 27 ശതമാനം വർധനവ് വരെ ഉണ്ടായിരുന്നു എന്നു ചൂണ്ടികാട്ടി കരാർ പരിഷ്കരിക്കുന്ന കാര്യം ചർച്ച ചെയ്യുകയാണ് ഫെഫ്ക. ശനിയാഴ്ച്ച കൊച്ചിയിലാണ് യോഗം നടക്കുക.