February OTT Release: തിയേറ്റർ റിലീസിനേക്കാളും ഒടിടി റിലീസുകൾക്കായി കാത്തിരിക്കുന്ന വലിയൊരു പ്രേക്ഷകസമൂഹം ഇന്നുണ്ട്. ഫെബ്രുവരി മാസം വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലായി റിലീസ് ചെയ്ത ചിത്രങ്ങൾ ഒറ്റനോട്ടത്തിൽ
Thankam OTT: തങ്കം
Thankam OTT: സഫീത്ത് അറാഫദ് സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘തങ്കം’. ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്തു വരികയാണ്. ഭാവന സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ നിർമാണം. വിനീത് ശ്രീനിവസാൻ, ബിജു മേനോൻ, അപർണ ബാലമുരളി എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്‌തത്.
‘തങ്കം’ പേര് സൂചിപ്പിക്കും പോലെ തന്നെ സ്വർണത്താൽ നയിക്കപ്പെടുന്ന കഥയാണ്. കണ്ണൻ, മുത്തു എന്നീ സുഹൃത്തുക്കളുടെ ആത്മബന്ധമാണ് സിനിമയെ മുന്നോട്ട് കൊണ്ടു പോകുന്നത്. തൃശ്ശൂരിലെ ചെറുകിട സ്വർണ ഏജന്റുമാരായ ഇവർ വളരെ അപകടകരമായ രീതിയിൽ താഴെക്കിടയിൽ നിന്നു പ്രവർത്തിച്ചു ജീവിതത്തെ സുരക്ഷിതമാക്കാൻ ശ്രമിക്കുന്നവരാണ്. ഇവരുടെ ജീവിതം തന്നെ മാറ്റി മറിച്ച ഒരു യാത്രയിലേക്കും പിന്നീട് കുറ്റാന്വേഷണത്തിലേക്കും സിനിമ സഞ്ചരിക്കുന്നു
ശ്യാം പുഷ്‌കർ ആണ് ‘തങ്ക’ത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം ഒരുക്കിയിക്കുന്നത് ബിജിബാൽ. ഛായാഗ്രഹണം ഗൗതം ശങ്കർ, എഡിറ്റിങ്ങ് കിരൺ ദാസ് എന്നിവർ നിർവഹിക്കുന്നു.
Nanpakal Nerathu Mayakkam OTT: നൻപകൽ നേരത്ത് മയക്കം
Nanpakal Nerathu Mayakkam OTT: മമ്മൂട്ടി പ്രധാന കഥാപാത്രമായെത്തിയ ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം.’ ലിജോ ജോസഫ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം നിർമ്മിച്ചത് മമ്മൂട്ടി കമ്പനിയാണ്. നെറ്റ്‌ഫ്ലിക്‌സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
കേരളത്തിലെ ഒരു നാടകസംഘം പുതിയ സീസൺ ആരംഭിക്കുന്നതിനു മുൻപ് ഒരു വേളാങ്കണ്ണി യാത്രയ്ക്ക് എത്തുകയാണ്. നാടക ട്രൂപ്പിന്റെ സാരഥിയായ ജെയിംസും ഭാര്യയും മകനും അമ്മായിയപ്പനും അടക്കം മുതിർന്നരും കുട്ടികളുമായി ഒരു ജാഥയ്ക്കുള്ള ആളുകളുണ്ട് ആ ബസ്സിൽ. മടക്കയാത്രയിൽ ഭക്ഷണവും കഴിച്ച് ഡ്രൈവറൊഴികെ മറ്റെല്ലാവരും ഒരു ഉച്ചയുറക്കത്തിലേക്ക് തെന്നിവീണ സമയം. പെട്ടെന്ന് ഞെട്ടിയുണർന്ന ജെയിംസ് ഡ്രൈവറോട് വണ്ടി നിർത്താൻ ആവശ്യപ്പെടുന്നു. ഒരു ഉൾവിളിയാൽ വണ്ടിയിൽ നിന്നിറങ്ങി നടക്കുന്ന ജെയിംസ് ചെന്നെത്തുന്നത് ഒരു ഉൾനാടൻ തമിഴ് ഗ്രാമത്തിലാണ്. ശേഷം നടക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
മമ്മൂട്ടി, അശോകൻ, തമിഴ് നടി രമ്യ പാണ്ഡ്യന്‍, രാജേഷ് ശർമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. എസ് ഹരീഷാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഛായാഗ്രഹണം തേനി ഈശ്വര്‍, എഡിറ്റിംഗ് ദീപു ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്‍, ലൈന്‍ പ്രൊഡ്യൂസര്‍മാര്‍ ആന്‍സണ്‍ ആന്‍റണി, സുനില്‍ സിംഗ്, കലാസംവിധാനം ഗോകുല്‍ ദാസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, സൗണ്ട് മിക്സ് ഫസല്‍ എ ബക്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എല്‍ ബി ശ്യാംലാല്‍, വസ്ത്രാലങ്കാരം മെല്‍വി ജെ, സ്റ്റില്‍സ് അര്‍ജുന്‍ കല്ലിങ്കല്‍, ഡിസൈന്‍ ബല്‍റാം ജെ. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ പഴനിയായിരുന്നു.
VEEKAM OTT: വീകം’ ഒടിടി
VEEKAM OTT: നവാഗതനായ സാഗർ സംവിധാനം ചെയ്ത ചിത്രമാണ് ‘വീകം.’ പേര് പോലെ സിനിമയുടെ കഥ നടക്കുന്നത് ഒരു വിവാഹ മോതിരത്തെ ചുറ്റിപ്പറ്റിയാണ്. ധ്യാൻ ശ്രീനിവാസൻ, ഡെയിൻ ഡേവിസ്, ശീലു എബ്രഹാം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വീകം ഒടിടി പ്ലാറ്റ്‌ഫോമായ സീ5ൽ കാണാം.
വിശ്വാസവഞ്ചന അഥവാ ‘ബ്രീച്ച് ഓഫ് ട്രസ്റ്റ്’ ആണ് സിനിമയുടെ കേന്ദ്ര പ്രമേയം. പല നിലക്ക് വിശ്വാസ വഞ്ചന ചെയ്യുന്നവരും അതിനു ഇരയായവരും തമ്മിലുള്ള സംഘർഷങ്ങളിലൂടെ ‘വീകം’ യാത്ര ചെയ്യുന്നു. വളരെയടുത്ത ബന്ധങ്ങളിൽ വിശ്വാസ വഞ്ചന നേരിട്ടവർ എങ്ങനെ അതിനോട് പ്രതികരിക്കുമെന്ന് സിനിമ പല നിലക്ക് അന്വേഷിക്കുന്നുമുണ്ട്.
കൊച്ചി നഗരത്തെ ചുറ്റിപറ്റിയാണ് സിനിമയുടെ കഥ പ്രധാനമായും മുന്നോട്ട് നീങ്ങുന്നത്. മൂന്ന് വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന കുറച്ച് പേരുടെ ജീവിതവും അവർ തമ്മിൽ യാദൃശ്ചികമായി ബന്ധപ്പെടേണ്ടി വന്ന സാഹചര്യങ്ങളും ഒക്കെയാണ് കഥയെ മുന്നോട്ട് നീക്കാൻ ‘വീകം’ ആശ്രയിക്കുന്ന സാങ്കേതങ്ങൾ.
ഷീലു എബ്രഹാം, എബ്രഹാം മാത്യൂ എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഛായാഗ്രഹണം ദനേഷ് ആർ, എഡിറ്റിങ്ങ് ഹരീഷ് എന്നിവർ നിർവഹിക്കുന്നു.
Veera Simha Reddy on OTT: വീര സിംഹ റെഡ്ഡി
Nandamuri Balakrishna’s Veera Simha Reddy on OTT: തെലുങ്ക് താരം നന്ദമുരി ബാലകൃഷ്‌ണ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമാണ് ‘വീര സിംഹ റെഡ്ഡി.’ മലയാളി താരം ഹണി റോസും ചിത്രത്തിൽ ശ്രദ്ധേമായ വേഷം ചെയ്‌തിരുന്നു. 2023ലെ ആദ്യ റിലീസ് ചിത്രങ്ങളിലൊന്നായ ‘വീര സിംഹ റെഡ്ഡി’ ഒടിടിയിലെത്തിയിരിക്കുകയാണ്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് വീര സിംഹ റെഡ്ഡി സ്ട്രീം ചെയ്യുന്നത്.
ഇരട്ട വേഷങ്ങളിലാണ് ബാലകൃഷ്‌ണ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഒരു നാടും അവിടുത്തെ നാട്ടുകാരെയും സ്വന്തമായി കണ്ട് അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന വീര സിംഹന്റെ കഥയാണ് ചിത്രം പറയുന്നത്. തമിഴ്, കന്നഡ, മലയാളം ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്‌തിരുന്നു.
ഗോപിചന്ദ് മലിനേനി ആണ് രചനയും സംവിധാനവും. തെലുങ്കിലെ പ്രമുഖ ബാനര്‍ ആയ മൈത്രി മൂവി മേക്കേഴ്സ് ആണ് നിര്‍മ്മാണം.ശ്രുതി ഹാസൻ, വരലക്ഷ്മി ശരത്‌കുമാർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Malikappuram OTT: മാളികപ്പുറം
Malikappuram OTT: 100 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രമാണ് ‘മാളികപ്പുറം’. ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമെന്ന വിശേഷണവും മാളികപ്പുറത്തിനു സ്വന്തം. ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ കാണാം.
‘കുഞ്ഞിക്കൂനന്‍’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ശശിശങ്കറിന്റെ മകന്‍ വിഷ്ണു ശശിശങ്കറിന്റെ ആദ്യ സംവിധാന സംരംഭമാണ് ‘മാളികപ്പുറം’. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോയായ അയ്യപ്പന്റെയും കഥയാണ് ചിത്രം പറയുന്നത്. വേണു കുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസിന്റെയും ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയായുടേയും ബാനറില്‍ പ്രിയ വേണു, നീറ്റാ ആന്റോ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്.
Mahaveeryar OTT: നിവിൻ പോളി- ആസിഫ് അലി ചിത്രം ‘മഹാവീര്യർ’
Mahaveeryar OTT: എബ്രിഡ് ഷൈനിന്റെ സംവിധാനത്തിൽ ഒരുങ്ങിയ കോമഡി- ഫാന്റസി ചിത്രമാണ് ‘മഹാവീര്യർ’. ആസിഫ് അലി, നിവിൻ പോളി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം 2022 ജൂലൈയിലാണ് റിലീസിനെത്തിയത്. നിവിൻ പോളി തന്നെ നിർമിച്ച ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ സൺ നെക്‌സ്റ്റിൽ ലഭ്യമാണ്.
ദേശമോ കാലമോ കാലഘട്ടമോ ഒന്നും ചിത്രത്തിൽ പ്രസക്തമല്ല. ഒരു സുപ്രഭാതത്തിൽ, ഒരു നാട്ടിൽ, ആൽത്തറയുടെ കീഴിൽ ഒരു ദിവ്യൻ പ്രത്യക്ഷപ്പെടുന്നു. അപൂർണാനന്ദ സ്വാമിയെന്ന് സ്വയം പരിചയപ്പെടുത്തുന്ന അയാൾ നാട്ടുകാരെയെല്ലാം ആദ്യകാഴ്ചയിൽ അത്ഭുതപ്പെടുത്തുന്നു. എന്നാൽ, അധികം വൈകാതെ ഒരു കളവുമായി ബന്ധപ്പെട്ട് ദിവ്യനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഒടുവിൽ ആ കേസ് കോടതി മുറിയിൽ വിചാരണയ്ക്ക് എത്തുകയും ചെയ്യുന്നു.
ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളുമെല്ലാം മുഖ്യ പ്രമേയമായി വരുന്ന ചിത്രം വളരെ വ്യത്യസ്തമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. സ്വാഭാവികമായ നർമ്മ മുഹൂർത്തങ്ങളും ആക്ഷേപഹാസ്യവുമൊക്കെ ഇടകലർത്തിയാണ് ‘മഹാവീര്യരു’ടെ കഥ പുരോഗമിക്കുന്നത്. പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദന്റെ ഒരു ചെറുകഥയിൽ നിന്നും ഭാവനയുടെ വലിയൊരു ലോകം തന്നെ സൃഷ്ടിച്ചിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തു കൂടിയായ എബ്രിഡ് ഷൈൻ. രാജഭരണം നാടുനീങ്ങിയിട്ടും പലപ്പോഴും അധികാരവർഗ്ഗത്തെ പ്രീതിപ്പെടുത്താൻ രാജഭക്തി കാണിക്കുന്ന നിയമ വ്യവസ്ഥയെ പരോക്ഷമായി വിമർശിക്കുന്നുണ്ട് ചിത്രം. അത്തരം ചില നിരീക്ഷണങ്ങളും സമീപനങ്ങളുമാണ് ചിത്രത്തെ ഒരു സറ്റയറാക്കി മാറ്റുന്നത്.
Naalaam Mura OTT: ‘നാലാം മുറ’ ഒടിടി
Naalaam Mura OTT: ദീപു അന്തിക്കാടിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘നാലാം മുറ’. ഒടിടി പ്ലാറ്റ്‌ഫോമായ മനോരമ മാക്‌സിൽ ലഭ്യമാണ്.
വളരെ പതിഞ്ഞ പേസിൽ നടക്കുന്ന ഒരു കുറ്റാന്വേഷണമാണ് സിനിമയുടെ ഇതിവൃത്തം. പലപ്പോഴും ഇരുണ്ട മുറിക്കുള്ളിൽ നടക്കുന്ന ചോദ്യം ചെയ്യലിലൂടെയാണ് കഥയും സിനിമയും മുന്നോട്ട് നീങ്ങുന്നത്. ബിജു മേനോൻ, ഗുരു സോമസുന്ദരം, അലൻസിലയർ, പ്രശാന്ത്, ദിവ്യ പിള്ള, ശാന്തി പ്രിയ, ഷീലു എബ്രഹാം എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.
കിഷോർ വാരിയത്ത്, സുധീഷ് പിള്ള, ഷിബു അന്തിക്കാട് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സൂരജ് വി ദേവ് തിരക്കഥ ഒരുക്കിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. ഛായാഗ്രഹണം എസ് ലോകനാഥൻ, എഡിറ്റിങ്ങ് ഷമീർ മുഹമ്മദ് എന്നിവർ നിർവഹിക്കുന്നു. കൈലാസാണ് സംഗീതം ഒരുക്കിയത്.
Naalam Mura Movie Review & Rating: ഷോർട്ട്ഫിലിം നീട്ടിയത്; ‘നാലാം മുറ’ റിവ്യൂ
Salaam Venky OTT: കജോൾ ചിത്രം’സലാം വെങ്കി’
കജോളിനെ നായികയാക്കി രേവതി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമാണ് ‘സലാം വെങ്കി’. സീ 5ലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
ഒരാൾക്ക് നേരിടാൻ കഴിയുന്ന ഏറ്റവും വെല്ലുവിളിയേറിയ സാഹചര്യങ്ങളെ പുഞ്ചിരിയോടെ നേരിട്ട അമ്മയായ സുജാതയുടെ കഥയാണ് ‘ സലാം വെങ്കി ’ എന്ന ചിത്രം പറയുന്നത്. യഥാർത്ഥ സംഭവങ്ങളിൽ നിന്നുമാണ് ചിത്രം രൂപപ്പെടുന്നത്. പ്രഖ്യാപന സമയത്ത് ‘ദി ലാസ്റ്റ് ഹുറാ’ എന്നായിരുന്നു ചിത്രത്തിന് പേര് നൽകിയിരുന്നത്.
“ലാസ്റ്റ് ഹുറേയിലെ സുജാതയുടെ യാത്ര എന്റെ ഹൃദയത്തോട് വളരെ ചേർന്ന് നിൽക്കുന്നതാണ്. ഇത് ആപേക്ഷികം മാത്രമല്ല, പ്രചോദനകരവുമാണ്. സുരാജും ശ്രദ്ധയും ഞാനും ഈ സിനിമയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ, ഞങ്ങളുടെ മനസ്സിൽ ആദ്യം വന്നത് കാജോൾ ആയിരുന്നു. അവളുടെ മൃദുവും ഊർജ്ജസ്വലവുമായ കണ്ണുകളും അവളുടെ മനോഹരമായ പുഞ്ചിരിയും എന്തും സാധ്യമാണെന്ന് വിശ്വസിക്കാൻ നിങ്ങളെ പ്രേരിപ്പിക്കും, അങ്ങനെയാണ് സുജാതയുടെ അവസ്ഥ. ഈ ‘ഹൃദ്യമായ കഥ’യ്ക്കായി കാജോളിനൊപ്പം ജോലി ചെയ്യുന്നതിൽ ഞാൻ സന്തുഷ്ടയാണ്” എന്ന് രേവതി സിനിമയുടെ പ്രഖ്യാപന സമയത്ത് പറഞ്ഞിരുന്നു.
ബ്ലൈവ് പ്രൊഡക്ഷൻസ്, ടേക്ക് 23 സ്റ്റുഡിയോസ് പ്രൊഡക്ഷൻ എന്നിവയുടെ ബാനറിൽ സുരാജ് സിങ്, ശ്രദ്ധ അഗർവാൾ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്, സമീർ അറോറയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
Ennalum Nteliyaa OTT: ഫൺ-ഫാമിലി ചിത്രം ‘എന്നാലും ന്റെളിയാ’
Ennalum Nteliya OTT: സുരാജ് വെഞ്ഞാറമൂട്- സിദ്ദിഖ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘എന്നാലും ന്റെളിയാ’. ആമസോൺ പ്രൈമിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഗായത്രി അരുൺ, ലെന എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രവാസി മലയാളികളുടെ ജീവിതമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ദുബായിൽ ഒരു ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്യുകയാണ് ബാലു (സുരാജ് വെഞ്ഞാറമൂട്), ഭാര്യ ലക്ഷ്മി (ഗായത്രി അരുൺ).വിവാഹം കഴിഞ്ഞ് എട്ടു വർഷത്തോളമായിട്ടും കുട്ടികൾ ഇല്ല എന്നതു മാത്രമാണ് ബാലുവിന്റെയും ലക്ഷ്മിയുടെയും ജീവിതത്തിലെ പ്രധാന വിഷമം. ബാലുവിന്റെ ഫ്ളാറ്റിലേക്ക് ഇടയ്ക്കിടയ്ക്ക് അതിഥിയായി എത്തുന്നയാളാണ് അളിയൻ വിവേക്. അതേ ഫ്ളാറ്റ് സമുച്ചയത്തിലെ താമസക്കാരാണ് അബ്ദുൽ കരീമും (സിദ്ദിഖ്) സുൽഫിയും (ലെന) മകൾ ഇസ്മിയും. ഇരു കുടുംബങ്ങൾക്കും ഇടയിലുണ്ടാവുന്ന ചില തെറ്റിദ്ധാരണകളും പ്രശ്നങ്ങളുമൊക്കെയാണ് ‘എന്നാലും ന്റെളിയാ ‘ എന്ന ചിത്രത്തിന്റെ കഥാപരിസരം.
പ്രകാശ് വേലായുധന്റെ സിനിമോട്ടോഗ്രാഫി ദുബായുടെ സൗന്ദര്യം ഒപ്പിയെടുക്കുന്നുണ്ട്. വില്യം ഫ്രാൻസിസും ഷാൻ റഹ്മാനുമാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ‘ലുക്ക ചുപ്പി’യ്ക്ക് ശേഷം സംവിധായകനായ ബാഷ് മുഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് ‘എന്നാലും ന്റെളിയാ ‘ . ശ്രീകുമാരൻ അറയ്ക്കലിനൊപ്പം ചേർന്ന് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും ബാഷ് മുഹമ്മദ് തന്നെ. രണ്ടു കുടുംബങ്ങൾക്കിടയിലുണ്ടാവുന്ന രസകരമായ ചില സംഭവങ്ങൾ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിച്ചിരിക്കുകയാണ് ബാഷ്.
Thunivu OTT: അജിത്ത് – മഞ്ജു വാര്യർ ഹിറ്റ് ചിത്രം ‘തുനിവ്’
Thunivu OTT: എച്ച് വിനോദ് സംവിധാനം ചെയ്ത അജിത്ത് – മഞ്ജു വാര്യർ ചിത്രമാണ ‘തുനിവ്’. ചിത്രം നെറ്റ്ഫ്ലിക്‌സിൽ കാണാം. മഞ്ജു വാര്യരുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ് ‘തുനിവ്’. ധനുഷ് നായകനായ ‘അസുരന്‍’ ആയിരുന്നു മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രം. ഒരു ബാങ്ക് കൊള്ളയുടെ കഥയാണ് തുനിവ് പറയുന്നത്. ഒരു ഹൈസ്റ്റ് (heist) ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് തുനിവ്.
നേര്‍ക്കൊണ്ട പാര്‍വൈ’, ‘വലിമൈ’ എന്നീ ചിത്രങ്ങൾക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിച്ചിരിക്കുകയാണ് ’തുനിവി’ൽ. ബോണി കപൂറാണ് ചിത്രത്തിന്റെ നിർമാതാവ്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന്‍ അജയ് എന്നിവരും ചിത്രത്തിലുണ്ട്. നീരവ് ഷാ ചിത്രത്തിന്റെ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. സുപ്രീം സുന്ദര്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ സംവിധായകന്‍. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് ജിബ്രാന്‍ ആണ്.
അജിത്തിന്റെ ആക്ഷൻ പ്രകടനങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രത്തിലെ മഞ്ജുവിന്റെ ആക്ഷൻ രംഗങ്ങൾക്കും പ്രേക്ഷകരുടെ കൈയ്യടി നേടിയിരുന്നു.
“തുണീവിന്റെ ആദ്യ ഫ്രെയിമിൽ തന്നെ, ചിത്രത്തിന്റെ കഥ സജ്ജീകരിക്കാൻ തുടങ്ങുകയാണ് സംവിധായകൻ വിനോദ്, കാരണം കുറച്ച് സങ്കീർണ്ണമായൊരു കഥയാണ് സംവിധായകന് പറയാനുള്ളത്. ഒരു സംഘം, ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ, ഒരു ബാങ്കിൽ അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന ഭീമമായ തുക മോഷ്ടിക്കാൻ ബാങ്ക് കവർച്ചയ്ക്ക് പദ്ധതിയിടുന്നു. പ്ലാൻ ഹൈജാക്ക് ചെയ്യുന്ന ഡാർക്ക് ഡെവിൾസ് എൻട്രി വരെ എല്ലാം പ്ലാൻ പോലെ തന്നെ നടക്കുന്നു. ‘എന്തുകൊണ്ട് ഇത്തരമൊരു കൊള്ള’ എന്നത് സിനിമയിലുടനീളം സസ്പെൻസായി സൂക്ഷിച്ചിരിക്കുന്നു, ഇവിടെയാണ് വിനോദ് വിജയിക്കുന്നത്. പലപ്പോഴും പ്രേക്ഷകരെ ഇരുട്ടിൽ നിർത്തുന്നുവെങ്കിലും, എല്ലാ ഫ്രെയിമിലും എന്തെങ്കിലും സംഭവിക്കുന്നു എന്നതിനാൽ തുനിവ് പ്രേക്ഷകരെ അക്ഷമരാക്കുന്നില്ല,” ഇന്ത്യൻ എക്സ്‌പ്രസ് റിവ്യൂവിൽ കിരുഭക്കർ പുരുഷോത്തമന്റെ നിരീക്ഷണമിങ്ങനെ.
Varisu OTT: വിജയ് ചിത്രം ‘വാരിസ്’ ഒടിടിയിൽ
Varisu OTT Release Date: വിജയ് നായകനായ വാരിസ് ആമസോൺ പ്രൈം വീഡിയോയിൽ കാണാം. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ‘വാരിസ്’ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ ലഭ്യമാകും.
വിജയിനൊപ്പം രശ്മിക മന്ദന്ന, ശരത്കുമാർ, പ്രകാശ് രാജ്, ജയസുധ, ഷാം എന്നിവരും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ‘വാരിസ്’. പൊങ്കൽ റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. സമ്മിശ്ര അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. എസ് തമൻ സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.
“വിജയ് എന്ന താരത്തിന്റെ മാസ് സീനുകൾ, നാല് ഫൈറ്റുകൾ, അതിഗംഭീരമായ ഗാനങ്ങൾ, ആവശ്യത്തിന് മസാല, അമ്മ-മകൻ ബന്ധത്തിലെ വൈകാരികത, ജഗപതി ബാബു വാണിജ്യ സിനിമയുടെ എല്ലാ തരം കീവേഡുകളും ഉൾക്കൊള്ളുന്ന അൽഗോരിതം ഉൽപന്നമായൊരു തിരക്കഥയിൽ നിർമ്മിച്ച ചിത്രം. കുടുംബചിത്രങ്ങളുടെ പഴകിയ എല്ലാ വാണിജ്യപരമായ ഫോർമുലകളും ഇതിൽ അവതരിപ്പിക്കുന്നു. അവിടെ നായകൻ കുടുംബത്തിലെ എല്ലാവരുടെയും പ്രശ്നങ്ങൾ പരിഹരിക്കുകയും ഒരു ബാഹ്യ ശത്രുവിനോട് പോരാടുകയും ചെയ്യുന്നു,” ഇന്ത്യൻ എക്‌സ്‌പ്രസ്സ് റിവ്യൂവിൽ കിരുഭാകർ ‘വാരിസി’നെ കുറിച്ച് എഴുതിയതിങ്ങനെ.
അതേസമയം, തന്റെ പുതിയ ചിത്രത്തിന്റെ ജോലികൾ ആരംഭിച്ചിരിക്കുകയാണ് വിജയ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തൃഷ, സഞ്ജയ് ദത്ത്, മിഷ്‌കിൻ, ഗൗതം മേനോൻ, മൻസൂർ അലി ഖാൻ എന്നിവരാണ് പ്രധാന താരങ്ങൾ. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം പകരുന്നത്.
Adrishyam OTT: അദൃശ്യം
Adrishyam OTT: സാക്ക് ഹാരിസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘അദൃശ്യം.’ 2022 നവംബറിൽ റിലീസിനെത്തിയ ചിത്രം ഒടിടിയിൽ സ്ട്രീം ചെയ്യാൻ ആരംഭിച്ചിരിക്കുകയാണ്. ആമസോൺ പ്രൈമിലാണ് ചിത്രം സട്രീം ചെയ്യുന്നത്. ജോജു ജോർജ്, നരേൻ, ഷറഫുദ്ധീൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഒരു സംഭവവും അതിനോട് പല രീതിയിലായി ബന്ധപ്പെട്ട് കിടക്കുന്ന കുറെയാളുകളും സമാന്തരമായി നടക്കുന്ന അവരുടെ ജീവിതവും അന്വേഷവുമൊക്കെയാണ് ഈ ഘട്ടത്തിൽ സിനിമയെ നയിക്കുന്നത്. ഒരു പെൺകുട്ടിയുടെയും പോലിസ് ഉദ്യോഗസ്ഥന്റെയും തിരോധാനവും അതന്വേഷിച്ചെത്തുന്ന മൂന്നു വ്യത്യസ്ത സംഘങ്ങളുമൊക്കെയാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്.
സിജു മാത്യൂ, നാവിസ് സേവ്യർ, രാജദാസ് കുര്യാസ്, ലവൻ, കുശൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. പാക്കിയരാജ് രാമലിംഗമാണ് തിരക്കഥ ഒരുക്കിയത്. രഞ്ജിൻ രാജാണ് സംഗീതം. ഛായാഗ്രഹണം പുഷ്പരാജ് സന്തോഷ്, എഡിറ്റിങ്ങ് അഷിഷ് ജോസഫ് എന്നിവർ നിർവഹിക്കുന്നു.