തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം നേടിയിരിക്കുകയാണ് ഫഹദ് ഫാസില്‍. ചിത്രത്തിലെ കള്ളനെ അവതരിപ്പിച്ചത് ഏറെ ബുദ്ധിമുട്ടിയാണെന്നും തന്റെ ജീവിതത്തിലെ ഏറ്റവും ചലഞ്ചിങ്ങായ വേഷമാണിതെന്നും ഫഹദ് പറഞ്ഞിരുന്നു. തന്റെ ടേസ്റ്റിലുള്ള സിനിമകള്‍ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന് ഒരുകാലത്ത് താന്‍ ഭയന്നിരുന്നുവെന്നും ഫഹദ് പറഞ്ഞിരുന്നു.

എന്നാല്‍ പ്രേക്ഷകര്‍ ഫഹദിനെ അഭിനേതാവിനേയും അദ്ദേഹത്തിന്റെ ചിത്രങ്ങളേയും ഏറ്റെടുക്കുകയായിരുന്നു. ഫഹദിനെ തേടി ദേശീയ അവാര്‍ഡ് എത്തുമ്പോള്‍ പിതാവും സംവിധായകനുമായ ഫാസിലിന്റെ മനസിലേക്കു ഓടിയെത്തുന്നതും ഫഹദിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റ കാലമാണ്. ഇത് ഫഹദിന്റെ മധുര പ്രതികാരമാണെന്നാണ് ഫാസില്‍ പറയുന്നത്.

കൈയ്യെത്തും ദൂരത്ത് പരാജയപ്പെട്ട ശേഷം അമേരിക്കയിലേക്ക് പോയ ഫഹദ് സിനിമയുടെ മറ്റൊരു ലോകത്തേക്കാണ് എത്തിയതെന്ന് ഫാസില്‍ പറയുന്നു. അവിടെ വച്ച് സിനിമയെ കുറിച്ച് കുറേ പഠിച്ചെന്നും സംവിധാനമായിരുന്നു പഠിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരിച്ചു വന്ന ഫഹദ് മറ്റൊരാളായി മാറിയെന്നും പ്രതിനായകത്വമുള്ള ഫഹദിന്റെ വേഷങ്ങളേയും അവനുള്ളിലെ അഭിനേതാവിനേയും ജനങ്ങള്‍ സ്വീകരിച്ചെന്നും അവാര്‍ഡ് നേട്ടത്തില്‍ ഫാസില്‍ പ്രതികരിച്ചു.

അവാര്‍ഡിന് വേണ്ടി സിനിമ ചെയ്യാറില്ലെന്നും ആളുകള്‍ കണ്ടാല്‍ മതിയെന്നുമായിരുന്നു അവാര്‍ഡ് നേട്ടത്തിന് പിന്നാലെ ഫഹദിന്റെ പ്രതികരണം. മലയാള സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും അതുകൊണ്ട് മാത്രമാണ് തനിക്ക് ഇതുപോലുള്ള മികച്ച സിനിമകള്‍ ചെയ്യാന്‍ സാധിച്ചതെന്നും ഫഹദ് പ്രതികരിച്ചു. സിനിമ ചെയ്യാന്‍ തുടങ്ങിയ കാലത്ത് തന്റെ മുഖം കണ്ടാല്‍ ആരെങ്കിലും തിയേറ്ററില്‍ കയറുമോ എന്ന് പേടിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ കഥാപാത്രമായിരുന്നു തൊണ്ടിമുതലും ദൃക്സാക്ഷിയിലേതെന്നും സഹതാരങ്ങളായ സുരാജും അലന്‍സിയറുമെല്ലാം തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്നും പറഞ്ഞു. പൊട്ടക്കണ്ണന്‍ മാവിലെറിഞ്ഞ പോലെയാണ് അവാര്‍ഡിനെ കാണുന്നതെന്നും അദ്ദേഹം തമാശയായി പറയുന്നു.

പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂറിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് വിധി നിര്‍ണയിച്ചത്. 321 ഫീച്ചര്‍ സിനിമകളാണ് പരിഗണിച്ചത്. മോമിലെ അഭിനയത്തിന് ശ്രീദേവിയെ മികച്ച നടിയായി തിരഞ്ഞെടുത്തു. ബംഗാളി താരം ഋഥി സെന്‍ ആണ് മികച്ച നടന്‍. അസമീസ് സിനിമയായ വില്ലേജ് റോക്സ്റ്റാര്‍ ആണ് മികച്ച ചിത്രം. വിനോദ് ഖന്നയ്ക്ക് ദാദാ സാഹബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചു.

മലയാള സിനിമകളും ഇത്തവണത്തെ അവാര്‍ഡ് നിര്‍ണയത്തില്‍ നിറഞ്ഞുനിന്നു. ഭയാനകം സിനിമയിലൂടെ ജയരാജ് മികച്ച സംവിധായകനായി. യേശുദാസ് ആണ് മികച്ച ഗായകന്‍. വിശ്വാസപൂര്‍വം മന്‍സൂര്‍ സിനിമയിലെ പോയി മറഞ്ഞ കാലം എന്ന ഗാനത്തിനാണ് യേശുദാസിന് 8-ാമത്തെ ദേശീയ പുരസ്‌കാരം ലഭിച്ചത്. മികച്ച തിരക്കഥാകൃത്തായി സജീവ് പാഴൂര്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും) തിരഞ്ഞെടുത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ