പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലൂസിഫർ’ എന്ന ചിത്രത്തിൽ ഒരു പുരോഹിതന്റെ വേഷത്തിലെത്തുകയാണ് സംവിധായകൻ ഫാസിൽ. ചിത്രത്തിലെ ഫാസിലിന്റെ ലുക്ക് ‘ലൂസിഫർ’ ടീം റിലീസ് ചെയ്തു. ഫാദർ നെടുമ്പിള്ളി എന്ന കഥാപാത്രത്തെയാണ് ഫാസിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സിനിമയിൽ നിന്നും ഒരു ഇടവേളയെടുത്ത് മാറിനിൽക്കുകയായിരുന്ന ഫാസിൽ ‘ലൂസിഫറി’ലൂടെ വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുകയാണ്. ഈ വരവിൽ അഭിനയത്തിൽ ശ്രദ്ധ ചെലുത്തുന്ന ഫാസിൽ ‘ലൂസിഫറി’നു പുറമെ ‘മരയ്ക്കാർ’ എന്ന പ്രിയദർശൻ ചിത്രത്തിലും ശ്രദ്ധേയമായൊരു വേഷം അവതരിപ്പിക്കുന്നുണ്ട്.
മോഹൻലാലാണ് തന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിലൂടെ ചിത്രത്തിലെ ഫാസിൽ ലുക്ക് പ്രേക്ഷകർക്കു പരിചയപ്പെടുത്തുന്നത്. ഫാസിലിന്റെ ‘മഞ്ഞിൽവിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച മോഹൻലാൽ തന്നെ ഫാസിലിന്റെ അഭിനയജീവിത്തിലേക്കുള്ള രണ്ടാം വരവിൽ തന്റെ ഗുരുവായ സംവിധായകന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നു എന്നത് ഒരു നിമിത്തമാവുകയാണ്. ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തിൽ ഒന്നിച്ച് സ്ക്രീൻ സ്പെയ്സ് പങ്കിട്ട താരങ്ങൾ 33 വർഷങ്ങൾക്കു ശേഷം വീണ്ടും ഒന്നിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ‘ലൂസിഫറി’നുണ്ട്.
സ്റ്റീഫൻ നെടുമ്പുള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം വിവേക് ഓബ്റോയ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, മംമ്താ മോഹൻദാസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സായ്കുമാർ, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, സച്ചിൻ കടേക്കർ, ശിവജി ഗുരുവായൂർ, ജോണി വിജയ്, , സുനിൽ സുഖദ, ആദിൽ ഇബ്രാഹിം, നന്ദു, ബാല, വി.കെ. പ്രകാശ്, അനീഷ് ജി. മേനോൻ, ബാബുരാജ്, സാനിയ അയ്യപ്പൻ, ഷോൺ റോമി, മാലാ പാർവതി, ശ്രേയാ രമേശ്, താരാ കല്യാൺ, കൈനകരി തങ്കരാജ് എന്നിവരാണ് മറ്റുതാരങ്ങൾ.
Read more: ‘ലൂസിഫറി’നെ കുറിച്ചുള്ള കളളപ്രചരണങ്ങൾ നിർത്തൂ: മോഹൻലാൽ
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്. മുരളി ഗോപിയുടെതാണ് കഥയും തിരക്കഥയും സംഭാഷണവും. സംഗീതം-ദീപക് ദേവും ഛായാഗ്രഹണം സുജിത് വാസുദേവും എഡിറ്റിങ്ങ് സംജിത് മുഹമ്മദും നിർവ്വഹിച്ചിരിക്കുന്നു.