ദംഗലിലൂടെ ഏവരുടെയും പ്രിയങ്കരിയായ ഫാത്തിമ സന ഷെയ്ഖ് മറ്റൊരു ബിഗ് ബജറ്റ് ചിത്രത്തിന്റെ കൂടി ഭാഗമാവുന്നു. ആമിർ ഖാന്റെ പുതിയ ചിത്രമായ തംഗ്‌സ് ഓഫ് ഹിന്ദോസ്ഥാനിലാണ് ഫാത്തിമ അഭിനയിക്കുന്നത്. അമിതാഭ് ബച്ചനും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. യഷ് രാജ് ഫിലിംസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് വിജയ് കൃഷ്‌ണ ആചാര്യയാണ്. ദംഗലിൽ ഗീത ഫോഗട്ടായി മികച്ച പ്രകടനമാണ് ഫാത്തിമ നടത്തിയത്.

തംഗ്‌സ് ഓഫ് ഹിന്ദോസ്ഥാനിൽ ഫാത്തിമയെത്തുന്ന കാര്യം സംവിധായകൻ സ്ഥിരീകരിച്ചു. “ഈ ചിത്രത്തിലെ സ്ത്രീ കഥാപാത്രം വളരെ പ്രധാനപ്പെട്ടതാണ്. അതിന് അനുയോജ്യമായ ഒരാളെ കണ്ടെത്തേണ്ടത് ആവശ്യമായിരുന്നു. ഒരുപാട് ഓഡിഷനുകൾക്കും ആക്ഷൻ വർക്ക് ഷോപ്പുകൾക്കും ശേഷമാണ് ഫാത്തിമയെ കണ്ടെത്തിയത്. സിനിമയ്‌ക്കനുയോജ്യമായ ഒരാള കണ്ടെത്താൻ സാധിച്ചതിൽ സന്തോഷമുണ്ട് ” വിജയ് കൃഷ്‌ണ ആചാര്യ പറഞ്ഞു.

fathima sana shaikh, actress

കടപ്പാട്:ട്വിറ്റർ

നേരത്തെ ആലിയ ഭട്ട്, ശ്രദ്ധ കപൂർ, സാറാ ഖാന തുടങ്ങിയവരുടെ പേരുകൾ ഈ ചിത്രത്തിലേക്കായി പറഞ്ഞ് കേട്ടിരുന്നു.

വിജയ് കൃഷ്‌ണ ആചാര്യയും ആമിർ ഖാനും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് തംഗ്‌സ് ഓഫ് ഹിന്ദോസ്ഥാൻ. ധൂം 3യാണ് ഇരുവരും ഒന്നിച്ച ആദ്യ ചിത്രം. അമിതാഭ് ബച്ചനും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആദ്യമായാണ് ബിഗ് ബിയും ആമിറും ഒരുമിച്ച് ഒരു സിനിമയിലഭിനയിക്കുന്നത്. ജൂൺ ഒന്നിന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2018 ദീപാവലിയ്‌ക്ക് തിയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ