Father’s Day: സുരക്ഷിതത്വത്തിന്റെ തണലില്‍ ചേര്ത്തുയ്ക്കുന്ന ഒരാളുണ്ട്; അച്ഛന്. അമ്മമാരുടെ സ്നേഹത്തിനും ലാളനയ്ക്കും വാത്സല്യത്തിനും നന്ദി സൂചകമായി മദേഴ്സ് ഡേ ആഘോഷിക്കുന്നതു പോലെ അച്ഛന്മാര്ക്കു വേണ്ടിയും ഒരു ദിനമുണ്ട്. ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്സ് ഡേയായി ആചരിക്കുന്നത്.
മലയാള സിനിമയില്‍ അച്ഛന്റെ സ്നേഹത്തെക്കുറിച്ചും, കരുതലിനെ കുറിച്ചുമെല്ലാം എത്രയോ സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. അച്ഛന്-മക്കള്‍ ബന്ധത്തെ, സ്നേഹത്തെ കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ നിരവധി പാട്ടുകളുമുണ്ട്.
അണയാത്ത ദീപമാണച്ഛന്…
2000ത്തില്‍ പുറത്തിറങ്ങിയ സത്യം ശിവം സുന്ദരം എന്ന കുഞ്ചാക്കോ ബോബന് ചിത്രത്തിലെ സൂര്യനായ് തഴുകി ഉറക്കമുണര്ത്തുമെന് അച്ഛനെയാണെനിക്കിഷ്ടം എന്ന പാട്ട് കേട്ട് അച്ഛനെ ഓര്‍ത്ത് മിഴിനിറയാത്ത മക്കളുണ്ടാകില്ല. ജീവിത്തില്‍ ഒരു മകന് അച്ഛന് എന്താണ് എന്നാണ് ആ പാട്ടിന്റെ വരികള്‍ പറയുന്നത്. കൈതപ്രത്തിന്റെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണം നല്കി ബിജു നാരായണനാണ് ഈ മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന് മകനായെത്തിയപ്പോള് അച്ഛനായത് ബാലചന്ദ്രമേനോനാണ്.
കുഞ്ഞിക്കാലടിയോരടി തെറ്റുമ്പോള്‍ കൈതന്നു കൂടെ വന്നു…
മലയാള സിനിമയില്‍ ഏറ്റവും മനോഹരമായി അച്ഛന്-മകന് ബന്ധം പറഞ്ഞ ചിത്രമായിരുന്നു ‘ബാലേട്ടന്’. ബാലേട്ടനില്‍ ദാസേട്ടന് (യേശുദാസ്) പാടി ലാലേട്ടന് (മോഹന്‍ലാല്‍) അഭിനയിച്ച ‘ഇന്നലേ എന്റെ നെഞ്ചിലേ കുഞ്ഞുമണ്‍വിളക്കൂതിയില്ലേ…’ എന്ന ഗാനം മലയാളികളുടെ ഹൃദയത്തോട് അത്രമേല്‍ ചേര്‍ന്നു നില്‍ക്കുന്നതാണ്. ഗിരീഷ് പുത്തഞ്ചേരിയുടേതാണ് വരികള്‍. എന്നെന്നേക്കുമായി അച്ഛനെ നഷ്ടപ്പെട്ട ഒരു മകന്റെ വേദനയില്‍ പാട്ടുകേട്ട നമ്മളും കരഞ്ഞു.
മകളേ … പാതിമലരേ
മകളെ കൊഞ്ചിച്ചു കൊതി തീരുന്നതിനു മുമ്പ് അവളെ പിരിയേണ്ടി വന്ന ഒരു അച്ഛന്റെ ദുഃഖം ഈ പാട്ടിലൂടെ വരച്ചു കാണിക്കുന്നു. ഒരച്ഛന്റെ എല്ലാ സ്നേഹവാത്സല്യങ്ങളുമടങ്ങിയ ഗാനം. ചമ്പക്കുളം തച്ചന് എന്ന ചിത്രത്തിന് വേണ്ടി ബിച്ചു തിരുമല എഴുതി രവീന്ദ്രന് മാസ്റ്റര്‍ സംഗീതം നല്കിയ മറക്കാനാകാത്ത ഗാനം. യേശുദാസ് മകളേ’ എന്ന് വിളിക്കുമ്പോള്‍ തന്നെ ആ പിതാവിന്റെ സങ്കടങ്ങള്‍ മുഴുവന്‍ ആവാഹിച്ച പോലെ തോന്നും.
ഋതുക്കള്‍ നമുക്കായ് പണിയും സ്വര്‍ഗ്ഗത്തില്‍
ഭരതന് സംവിധാനം ചെയ്ത ‘പാഥേയം’ എന്ന ചിത്രവും അതിലെ മമ്മൂട്ടി അവതരിപ്പിച്ച ചന്ദ്രകാന്ത് എന്ന കഥാപാത്രവും ഇന്നും മലയാള മനസില്‍ വേദനയാണ്. ചിപ്പി എന്ന നടി ആദ്യമായി അഭിനയിച്ച സിനിമയാണ് പാഥേയം. ചിത്രത്തില്‍ കൈതപ്രം രചിച്ച് ബോംബെ രവി സംഗീതം നല്കി യേശുദാസ് ആലപിച്ച ചന്ദ്രകാന്ത്രം കൊണ്ടു നാലുകെട്ട് എന്ന അതിമനോഹരഗാനം ഇന്നും ഓരോ സംഗീത പ്രേമിയുടേയും മനസ്സിലുണ്ട്. അച്ഛനും മകളും തമ്മിലുള്ള മനോഹര സ്നേഹബന്ധമാണ് ഈ പാട്ടില്‍ ചിത്രീകരിച്ചിരിക്കുന്നത്.
ഇന്നെന്റെ ജന്മം തികയാതെയായ്…
രേവതിക്കൊരു പാവക്കുട്ടി എന്ന ചിത്രത്തിലെ വെള്ളാരം കുന്നുമ്മേലെ എന്ന മനോഹര ഗാനം അച്ഛനും മകളും തമ്മിലുള്ള സ്നേഹത്തെക്കുറിച്ചാണ്. ബിച്ചു തിരുമലയുടെ വരികള്‍ക്ക് ശ്യാം സംഗീതം നല്കി യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. രാധയും ഭരത് ഗോപിയുമാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്.
എന്‍ നിനവറിയുന്നു അച്ഛന്റെ മാനസം…
മിന്നാമിന്നിക്കൂട്ടം എന്ന ചിത്രത്തിലെ മഞ്ജരി ആലപിച്ച മനോഹരമായ പാട്ടാണ് കടലോളം വാത്സല്യം താരാട്ടായ് തരുമച്ഛന്. അച്ഛനും മകള്ക്കുമിടയിലുളള സ്നേഹം സൗഹൃദം ഒക്കെയാണ് ആ ഗാനം നമുക്ക് കാണിച്ചു തരുന്നത്. സായ് കുമാറും മീരാ ജാസ്മിനുമാണ് അച്ഛനും മകളുമായി ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ബിജിപാല്‍ സംഗീതം നല്കിയിരിക്കുന്നു.
Read More: Father’s Day 2019 Wishes: ഫാദേഴ്സ് ഡേയിൽ അച്ഛന് ആശംസകൾ നേരാം