Fathers Day 2018: ഇന്നലെ ഫാദേഴ്സ് ഡേയില്‍ രാത്രി വൈകിയാണ് ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. തന്നെ ഒരച്‌ഛനാക്കിയതിന് മകള്‍ മറിയത്തോടും ലോകത്തെ ഏറ്റവും നല്ല അച്‌ഛനായതിന് മമ്മൂട്ടിയോടും ദുല്‍ഖര്‍ നന്ദി പറഞ്ഞു.

“ഫാദേഴ്സ് ഡേയില്‍ ആശംസിക്കപ്പെടുക എന്നത് തന്നെ ഒരു വലിയ ഭാഗ്യമാണ്. വാക്കുകള്‍ കൊണ്ട് നിര്‍വ്വചിക്കാനാവില്ല അതിനെ. നീ ജനിച്ച ദിവസം ഞാന്‍ ഒന്ന് കൂടി ജനിച്ചു എന്ന് വേണമെങ്കില്‍ പറയാം. കാലാകാലങ്ങളിലേക്ക് നമ്മള്‍ സ്‌നേഹം കൊണ്ട് ബന്ധിതരായിരിക്കുന്നു. എത്ര വളര്‍ന്നാലും എവിടേയ്‌ക്ക് പോയാലും നീ എന്നും എന്റെ കൊച്ചു മകള്‍ തന്നെയായിരിക്കും. ആഗ്രഹിച്ചതിലും ആലോചിച്ചതിലും കൂടുതല്‍ സന്തോഷം നീ കൊണ്ട് വന്നു തരുന്നു. ഇത്ര മേല്‍ പരസ്‌പരം സ്‌നേഹിക്കാന്‍ ആവുമോ എന്ന് തോന്നിപ്പിക്കും വിധം… ദിവസം തോറും, നീ വളരുന്നതിനൊപ്പം ആ സ്‌നേഹവും വളരുകയാണ്.”, മകളെ പരാമര്‍ശിച്ച് കൊണ്ട് ദുല്‍ഖര്‍ കുറിച്ചു.

ലോകത്തെ ഏറ്റവും നല്ല അച്‌ഛന്‍ എന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ചു കൊണ്ടാണ് വാപ്പിച്ചിയെക്കുറിച്ചുള്ള പോസ്റ്റ്‌ ദുല്‍ഖര്‍ ആരംഭിക്കുന്നത്.

“എന്നും മാതൃക കാണിച്ചു തന്നിട്ടേയുള്ളൂ, ഒരിക്കലും എന്നോട് പറഞ്ഞില്ല, എന്ത് ചെയ്യണം എന്ന്. എന്നെക്കുറിച്ച് ‘protective’ ആണ് എന്നും, സ്‌നേഹവും കരുതലും കാണിച്ചിരുന്നു. കുട്ടിയായിരുന്നപ്പോള്‍ എനിക്കത് മനസ്സിലായില്ല. ഇപ്പോള്‍ മറിയത്തിന്റെ ജനനത്തിന് ശേഷം എനിക്കറിയാം. നിങ്ങള്‍ കാണിച്ചു തന്ന അച്‌ഛന്‍ മാതൃകയുടെ പകുതിയോളമെങ്കിലും വരുന്ന ഒരച്‌ഛന്‍ ആകാന്‍ കഴിയണേ എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും. വാപ്പിച്ചിയ്‌ക്ക് ഹാപ്പി ഫാദേഴ്സ് ഡേ!”

വാപ്പിച്ചി തന്റെ ജീവിതത്തിലെ സ്‌നേഹ സാന്നിധ്യം മാത്രമാണെന്നും ഒരിക്കലും തന്റെ സിനിമാ ജീവിതത്തെ പ്രൊമോട്ട് ചെയ്യാന്‍ അദ്ദേഹം ശ്ര്ലെമിച്ചിട്ടിന്നും ദുല്‍ഖര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.  ഹിന്ദിയിലെ തന്റെ കന്നി ചിത്രമായ ‘കര്‍വാ’യുടെ പ്രചാരണപരിപാടികള്‍ക്ക് മമ്മൂട്ടി എത്തുന്നു എന്ന വാര്‍ത്ത നിഷേധിച്ചു കൊണ്ടാണ് ദുല്‍ഖര്‍ ഇത് പറഞ്ഞത്.

വായിക്കാം: വാപ്പിച്ചി ഇന്ന് വരെ അങ്ങനെ ചെയ്തിട്ടില്ല, ഇനി ചെയ്യുകയുമില്ല

“ഈ വാര്‍ത്ത തീര്‍ത്തും തെറ്റാണ് സര്‍! എന്റെ വാപ്പിച്ചി ഇന്നുവരെ എന്നെയോ എന്റെ സിനിമകളെയോ പ്രൊമോട്ട് ചെയ്‌തിട്ടില്ല. ആ നിലപാടില്‍ ഒരു മാറ്റം ഇനി ഉണ്ടാവുകയുമില്ല. ഇത് കെട്ടിച്ചമച്ച വാര്‍ത്തയാണ്.”, തരന്‍ ആദര്‍ശ് എന്ന ബോളിവുഡ് ട്രേഡ് അനലിസ്റ്റ് ആയിരുന്നു മമ്മൂട്ടിയെക്കുറിച്ചുള്ള ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.

Dulquer Salmaan Tweet on Mammootty Promoting 'Karwaan'

ദുല്‍ഖര്‍ സല്‍മാന്റെ ട്വീറ്റ്

റോഡ് മൂവിയാണ് ‘കർവാൻ’. ഒരു റോഡ്‌ യാത്രയ്‌ക്കിടെ പരിചയപ്പെടുന്ന മൂന്ന് വ്യക്തികളുടെ വ്യത്യസ്‌തമായ ജീവിതമാണ് സിനിമയുടെ പ്രമേയം. ഹുസൈന്‍ ദലാല്‍, അക്ഷയ് ഖുറാന എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന കര്‍വാന്‍ നിര്‍മ്മിക്കുന്നത് റോണി സ്‌ക്രൂവാലയാണ്.

‘കര്‍വാനി’ന് ശേഷമുള്ള ദുല്‍ഖറിന്റെ ബോളിവുഡ് പ്രൊജക്‌ട് ‘ദി സോയാ ഫാക്‌ടര്‍’ എന്ന ചിത്രമാണ്.   അഭിനേതാവും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുരാന സംവിധാനം ചെയ്യുന്ന ‘ദി സോയാ ഫാക്‌ടര്‍’ അടുത്ത ഏപ്രിലില്‍ തിയേറ്ററുകളിലെത്തും. അനുജാ ചൗഹാന്‍ എഴുതിയ നോവലിനെ ആസ്‌പദമാക്കിയാണ് ചിത്രം. 1983ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലത്ത് ജനിച്ച സോയ സിങ് എന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് നോവല്‍ വികസിക്കുന്നത്. സോയയുടെ ഭാഗ്യം കൊണ്ടാണ് ടീം കപ്പ് നേടിയത് എന്നായിരുന്നു വിശ്വാസം. അതിനാല്‍ 2010ലെ ലോകകപ്പിനും ‘സോയ ഫാക്‌ടര്‍’ വിനിയോഗിക്കാന്‍ ഇന്ത്യന്‍ ടീം തീരുമാനിക്കുന്നതാണ് കഥ.

Dulquer Salmaan, Sonam Kapoor

സോയാ ഫാക്ടര്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ