മുംബൈ: കേംബ്രിഡ്ജ് അനലറ്റിക്ക വിവാദം ലോകത്തെ തന്നെ പിടിച്ചു കുലുക്കുകയാണ്. ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത ഇന്ത്യയിലടക്കം ശക്തമായ പ്രതികരണങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. വെളിപ്പെടുത്തലിന് പിന്നാലെ ഫെയ്‌സ്ബുക്കിനെതിരെ പലരും രംഗത്തെത്തുകയും സുക്കര്‍ബര്‍ഗ് മാപ്പു ചോദിക്കുകയും വരെയുണ്ടായി. എന്നാലും വിവാദത്തിന് അറുതിയായിട്ടില്ല.
ഈ സാഹചര്യത്തില്‍ ഫെയ്‌സ്ബുക്കില്‍ നിന്നും എന്നന്നേക്കുമായി പിന്മാറിയിരിക്കുകയാണ് ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തര്‍. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ സെലിബ്രിറ്റിയാണ് ഫര്‍ഹാന്‍. താന്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ട് എന്നന്നേക്കുമായി ഡിലീറ്റ് ചെയ്‌തെന്ന് താരം തന്നെയാണ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്.
അതേസമയം, തന്റെ പേഴ്‌സണല്‍ അക്കൗണ്ട് മാത്രമേ ഡിലീറ്റ് ചെയ്തിട്ടുള്ളുവെന്നും ഫര്‍ഹാന്‍ അക്തര്‍ ലൈവ് എന്ന പേജ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും താരം പറഞ്ഞു. രാജ്യാന്തര തലത്തില്‍ ഡിലീറ്റ് ഫെയ്‌സ്ബുക്ക് എന്ന ഹാഷ് ടാഗ് ക്യാംപെയ്ൻ ശക്തമാകുന്നതിനിടെയാണ് ഫര്‍ഹാന്റെ നീക്കം. ഇലോണ്‍ മസ്‌ക്, ജിം കാരി തുടങ്ങിയവര്‍ ക്യാംപെയിന്റെ ഭാഗമായി ഫെയ്‌സ്ബുക്കില്‍ നിന്നും പിന്മാറിയിട്ടുണ്ട്.
വാട്‌സ്ആപ്പിന്റെ സഹ സ്ഥാപകനായ ബ്രയാണ്‍ അക്ടണ്‍ ആണ് ഡിലീറ്റ് ഫെയ്‌സ്ബുക്ക് ക്യാംപെയിന് തുടക്കം കുറിച്ചത്. കേംബ്രിഡ്ജ് അനലിറ്റക്ക 50 മില്യണ്‍ ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടിന് പിന്നാലെയായിരുന്നു ഫെയ്‌സ്ബുക്ക് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് അദ്ദേഹം രംഗത്തെത്തിയത്.