/indian-express-malayalam/media/media_files/uploads/2023/07/Farhan-Akhtar-family.jpg)
ഒരപൂർവ്വ കുടുംബചിത്രം
നടനും സംവിധായകനുമായ ഫർഹാൻ അക്തറിന്റെ മൂത്ത മകൾ ശാക്യയുടെ ബിരുദദാന ചടങ്ങിൽ നിന്നുള്ള ചിത്രമാണിത്. ഏറെ പ്രത്യേകതകൾ ഉണ്ട് ഈ ചിത്രത്തിന്. ഫർഹാൻ അക്തറിന്റെ ഭാര്യയും മുൻഭാര്യയും ഫർഹാന്റെ പിതാവായ ജാവേദിന്റെ ഭാര്യയും മുൻഭാര്യയുമൊക്കെ സൗഹൃദത്തോടെയും സന്തോഷത്തോടെയും ഈ ചിത്രത്തിൽ ഒരുമിച്ചു പോസു ചെയ്യുന്നതും കാണാം. പൊതുവെ എന്തെങ്കിലും കാരണങ്ങളാൽ വിവാഹബന്ധം വേർപ്പെടുത്തുമ്പോഴൊക്കെ എക്സും കറന്റ് പാർട്ണറും തമ്മിൽ ശത്രുതയോ ഇഷ്ടക്കുറവോ, ഇവരെ ഒന്നിച്ച് ഒരു വേദിയിൽ വച്ച് എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ള ആശങ്കയോ ഒക്കെ സാധാരണമാണ്. എന്നാൽ ഇതിനെയെല്ലാം മറികടന്ന് ഏറെ സ്നേഹത്തോടെയും സൗഹൃദത്തോടെയും അഭിമാനത്തോടെയും കഴിയുന്ന ഒരു കുടുംബത്തെയാണ് ഈ ചിത്രത്തിൽ കാണാനാവുക.
ശാക്യയ്ക്ക് ഒപ്പം ഫർഹാൻ, ഫർഹാന്റെ മുൻഭാര്യയും ശാക്യയുടെ അമ്മയുമായ അധുന ഭാബാനി, ഫർഹാന്റെ ഇപ്പോഴത്തെ ഭാര്യ ഷിബാനി ദണ്ഡേക്കർ, ഫർഹാന്റെ പിതാവായ ജാവേദ് അക്തർ, ജാവേദിന്റെ മുൻഭാര്യയും ഫർഹാന്റെ അമ്മയുമായ ഹണി ഇറാനി, ജാവേദ് അകത്റിന്റെ ഭാര്യ ഷബാന ആസ്മി എന്നിവരെയും കാണാം. എന്തായാലും, യുകെയിലെ ലങ്കാസ്റ്റർ യൂണിവേഴ്സിറ്റിയിൽ നടന്ന ബിരുദദാന ചടങ്ങ് വേറിട്ടൊരു കുടുംബസംഗമത്തിനു കൂടി വേദിയാവുകയായിരുന്നു.
ഫർഹാനും അധുന ഭാബാനിയ്ക്കും ശാക്യയെ കൂടാതെ അകിര അക്തർ എന്നൊരു മകൾ കൂടിയുണ്ട്. മകൾക്കൊപ്പം ഫർഹാനും അധുനയും പോസ് ചെയ്ത ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്. തന്റെ മുത്തച്ഛനും മുത്തശ്ശിയുമായ ജാവേദ് അക്തർ, ഹണി ഇറാനി എന്നിവർക്കൊപ്പവും ശാക്യ അക്തർ ചിത്രങ്ങൾക്കായി പോസ് ചെയ്തു.
2000ൽ ആണ് ഫർഹാനും ഹെയർസ്റ്റൈലിസ്റ്റായ അധുനയും വിവാഹിതരായത്. 2017ൽ ഇരുവരും വിവാഹമോചനം നേടി. കഴിഞ്ഞ വർഷമാണ് ഫർഹാൻ നടി ഷിബാനി ദണ്ഡേക്കറിനെ വിവാഹം കഴിച്ചത്.
അതേസമയം, 1972ലാണ് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തർ സഹ തിരക്കഥാകൃത്ത് ഹണി ഇറാനിയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ ഫർഹാൻ അക്തറിനെ കൂടാതെ സോയ അക്തർ എന്നൊരു മകൾ കൂടിയുണ്ട്. 1985ൽ ഇരുവരും വേർപിരിഞ്ഞു. പിന്നീട് ജാവേദ് അക്തർ നടി ഷബാന ആസ്മിയെ വിവാഹം കഴിക്കുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.