ബോളിവുഡ് താരം ഫർഹാൻ അക്തറും ഇന്ത്യന്‍-ഓസ്ട്രേലിയന്‍ ഗായിക ഷിബാനി ദണ്ഡേക്കറും വിവാഹിതരായി. മുംബൈയിലെ ഖണ്ഡാല പ്രദേശത്തെ ഫാംഹൗസിൽ വച്ചായിരുന്നു വിവാഹം. ബോളിവുഡിൽ നിന്നും ഹൃത്വിക് റോഷൻ, റിയ ചക്രവർത്തി അടക്കമുള്ളവർ വിവാഹത്തിൽ പങ്കെടുത്തു.
വിവാഹത്തിനു മുൻപായി നടന്ന ഹൽദി ആഘോഷങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
നാലു വർഷത്തെ പ്രണയത്തിനുശേഷമാണ് ഫർഹാനും ഷിബാനിയും വിവാഹിതരാവുന്നത്. ഫർഹാൻ അക്തറിന്റെ രണ്ടാം വിവാഹമാണിത്. 16 വർഷത്തെ ദാമ്പത്യത്തിനുശേഷം 2017ലാണ് അധുന ബബാനിയുമായി ഫർഹാൻ വേർപിരിയുന്നത്. ഈ ബന്ധത്തിൽ രണ്ടു പെൺമക്കളുണ്ട്.
തിരക്കഥാകൃത്തുക്കളായ ജാവേദ് അക്തറിന്റെയും ഹണി ഇറാനിയുടെയും മകനാണ് ഫർഹാൻ അക്തർ. എഴുത്തുകാരിയും സംവിധായികയുമായ സോയ അക്തർ സഹോദരിയാണ്. നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, പിന്നണി ഗായകൻ, നിർമ്മാതാവ്, ടെലിവിഷൻ അവതാരകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് ഫർഹാൻ അക്തർ.
സഹസംവിധായകനായിട്ടാണ് അദ്ദേഹം ബോളിവുഡിൽ തന്റെ കരിയർ തുടങ്ങിയത്. ‘ദിൽ ചാഹ്താ ഹേ’ എന്ന ചിത്രത്തിലൂടെ സംവിധായകനായി. ഈ സിനിമയ്ക്ക് മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ അവാർഡ് ലഭിച്ചു. തൂഫാൻ ആയിരുന്നു ഏറ്റവും അവസാനം പുറത്തിറങ്ങിയ ഫർഹാൻ സിനിമ.
Read More: വോട്ട് ചെയ്യാനെത്തി വിജയ്; പോളിങ് ബൂത്തിൽ ജനക്കൂട്ടം, ക്ഷമ ചോദിച്ച് താരം