അഭിനേതാക്കള്‍ക്ക് ബുദ്ധിയും പൊതുവിജ്ഞാനവും കുറവാണെന്ന് ബിജെപി വക്താവിന്റെ പരാമർശം. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിൽ ‘മെര്‍സല്‍ സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലായിരുന്നു ബിജെപി വക്താവ് ജി.വി.എല്‍.നരസിംഹ റാവുവിന്‍റെ ഈ അഭിപ്രായപ്രകടനം.

ബിജെപി നേതാവിന്റെ ഈ പരാമർശത്തിൽ കുപിതനായ ബോളിവുഡ് നടനും സംവിധായകനുമായ ഫര്‍ഹാന്‍ അഖ്തര്‍ ‘ഹൗ ഡെയര്‍ യു സര്‍’  എന്ന് റാവുവിനെ ട്വിറ്ററില്‍ ടാഗ് ചെയ്തു കൊണ്ട് വെല്ലുവിളിച്ചു.

 

ഇതിനു മറുപടിയായി ഫര്‍ഹാന്‍ അഖ്തറിന്റെ കമന്റ്‌ ബോക്സ്‌ നിറയെ ബോളിവുഡ് നടീനടന്മാരുടെ പൊതു വിജ്ഞാനമില്ലായ്മ വെളിപ്പെടുത്തിയ പല സന്ദര്‍ഭങ്ങളും ഉദ്ധരിച്ചു കൊണ്ടുള്ള പോസ്റ്റുകളാണ്.

എന്നാല്‍ ഈ പരാമര്‍ശത്തെ താന്‍ കണക്കാക്കുന്നത് ചില ആളുകളുടെ പൊതു വിജ്ഞാനവുമായി ബന്ധപ്പെടുത്തിയല്ല എന്നും അഭിനയം എന്ന തൊഴിലിനോടുള്ള അവമതിയും ബഹുമാനമില്ലായ്മയുമായിട്ടാണ് എന്നും ഫര്‍ഹാന്‍ കൂട്ടിച്ചേര്‍ത്തു.

വിജയ്‌ ചിത്രമായ മെര്‍സലില്‍ ‘ജിഎസ്ടി’ യെ സംബന്ധിച്ച് വന്ന ചില രംഗങ്ങള്‍ നീക്കം ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം. അത് സാധ്യമല്ല എന്ന് കാണിച്ച് ചിത്രത്തിന്‍റെ നിർമാതാക്കളും രംഗത്ത് വന്നു. ഇതിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചകളില്‍ തമിഴ് സിനിമാ രംഗം ഒന്നടങ്കം – കമലഹാസനും രജനീകാന്തും ഉള്‍പ്പെടെ ചിത്രത്തിന് പിന്തുണയുമായി അണിനിരന്നു. ഇതിനിടയിലാണ് ഫര്‍ഹാനെ ചൊടിപ്പിച്ച ഈ പരാമര്‍ശമുണ്ടായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ