‘പൊന്നിയിന്‍ സെല്‍വന്‍’ ചിത്രത്തിലെ അഭിനേതാക്കളുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. താരങ്ങളെല്ലാം പ്രചരണത്തിന്റെ ഭാഗമായി ഷെയര്‍ ചെയ്യുന്ന പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കുകയാണ്. എ ആര്‍ റഹ്‌മാന്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രത്തിലെ മറ്റു പ്രവര്‍ത്തകര്‍ക്കൊപ്പമുളള ഫൊട്ടൊ പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍.
ചിത്രത്തില്‍ റഹ്‌മാനോടൊപ്പം വിക്രമിനെയും കാണാം. എന്നാല്‍ ആരാധകരുടെ കണ്ണുപോയത് പുറകിലിരിക്കുന്ന രണ്ടു വ്യക്തികളിലേയ്ക്കാണ് .പലരും ഫൊട്ടൊ സൂം ചെയ്ത് ചിത്രത്തില്‍ തങ്ങളുടെ പ്രിയ താരങ്ങളെ കാണാമെന്ന ആരാധക കമന്റുകളും നിറഞ്ഞിട്ടുണ്ട്. തൃഷ, ഐശ്വര്യ റായ് എന്നിവരെയാണ് ചിത്രത്തില്‍ കാണാനാകുന്നത്. സൂപ്പർ താരങ്ങൾ ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യുന്നു എന്നതും ആരാധകർക്കിടയിൽ ചർച്ചയായി.അഭിനേതാക്കള്‍ മുബൈയില്‍ നിന്നു ഹൈദരാബാദിലേയ്ക്കുളള യാത്രക്കിടയില്‍ പകര്‍ത്തിയ ചിത്രമാണിത്.
മണിരത്‌നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബ്രഹ്‌മാണ്ട ചിത്രമാണ് ‘ പൊന്നിയിന്‍ സെല്‍വന്‍’.വിക്രം, കാര്‍ത്തി, ജയംരവി, ഷോബിത,ഐശ്വര്യ റായ്, തൃഷ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. മദ്രാസ് ടാക്കീസ് അവതരിപ്പിക്കുന്ന ചിത്രം സെപ്തംബര്‍ 30 നാണ് റിലീസ് ചെയ്യുന്നത്.