നമ്മുടെ മുഖ്യധാരാ സിനിമകൾ പലപ്പോഴും നായകകേന്ദ്രീകൃതമാണ്. സിനിമയുടെ വിപണന സാധ്യതകൾ വിലയിരുത്തുമ്പോഴും നായകനു തന്നെയാണ് പ്രാധാന്യം. സാറ്റലൈറ്റ് വാല്യൂ, മാർക്കറ്റ് വാല്യൂ എന്നിവയുടെ കണക്കിലും നമ്മൾ കൂടുതൽ കേട്ടിട്ടുള്ളത് നായകന്മാരുടെ പേരുകളാണ്. എന്തിന്, സിനിമയോട് അനുബന്ധിച്ച് തിയേറ്റർ പരിസരങ്ങളിൽ ഉയരുന്ന കൂറ്റൻ കട്ടൗട്ടുകൾക്ക് പോലും പറയാനുള്ളത് നായകന്മാരുടെ കഥകളാണ്.
എന്നാൽ വേറിട്ടൊരു കട്ടൗട്ട് കാഴ്ചയാണ് തമിഴ് നാട്ടിലെ ആൽബർട്ട് ആൻഡ് വുഡ്ലാൻഡ്സ് തിയേറ്ററിനു മുന്നിൽ കാണാനാവുക. തലയെടുപ്പോടെ സോളോ കട്ടൗട്ടിൽ നിറഞ്ഞുനിൽക്കുകയാണ് നയൻതാര. നയൻസിന്റെ പുതിയ ചിത്രമായ ‘കണക്റ്റി’ന്റെ റിലീസിനോട് അനുബന്ധിച്ചാണ് ചെന്നൈ നഗരത്തിലെ പ്രധാന തിയേറ്ററുകളിൽ ഒന്നായ ആൽബർട്ട് – വുഡ്ലാൻഡ്സ് തിയേറ്ററിനു മുന്നിൽ നയൻതാരയുടെ ഭീമാകാരമായ കട്ടൗട്ട് ഉയർന്നത്. സൂപ്പർസ്റ്റാർ എന്നു വിളിക്കുന്നത് വെറുതെയല്ലെന്ന് വീണ്ടുമൊരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് നയൻതാര.
തെന്നിന്ത്യൻ സിനിമയിലെ ഒരേ ഒരു സൂപ്പർസ്റ്റാർ നായികയാണ് നയൻതാര. ചാർട്ടേഡ് അക്കൗണ്ടന്റ് ആവാൻ മോഹിച്ച ഒരു തിരുവല്ലക്കാരി. എന്നാൽ തെന്നിന്ത്യയുടെ ലേഡീ സൂപ്പർസ്റ്റാർ ആകാനായിരുന്നു ആ പെൺകുട്ടിയുടെ നിയോഗം. ഡയാന മറിയം എന്ന പെൺകുട്ടിയിൽ നിന്നും നയൻതാര എന്ന സൂപ്പർതാരത്തിലേക്കുള്ള യാത്ര ഒരു സിനിമാക്കഥ പോലെ വിസ്മയിപ്പിക്കുന്ന ഒന്നാണ്. 1984 നവംബർ 18 ന് തിരുവല്ലയിലെ ഒരു സാധാരണ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു വളർന്ന നയൻതാര, ഇന്ന് തെന്നിന്ത്യൻ സിനിമയ്ക്ക് പകരം വയ്ക്കാൻ കഴിയാത്തൊരു സാന്നിധ്യമാണ്.
ഒരർഥത്തിൽ, പോരാട്ടം തന്നെയായിരുന്നു നയൻതാരയുടെ ജീവിതം. പതിനാറു വര്‍ഷത്തിനിടെ നിരവധി ഉയർച്ച താഴ്ചകളിലൂടെയാണ് നയൻതാരയുടെ കരിയർ മുന്നോട്ട് പോയത്. വ്യക്തിജീവിതത്തിലും കരിയറിലുമെല്ലാം തിരിച്ചടികൾ ഉണ്ടായിട്ടും കൂടുതൽ കരുത്തയായി നയൻതാര തിരിച്ചുവന്നു. സൂപ്പർസ്റ്റാറുകളുടെയോ നായകനടന്മാരുടെയോ സാന്നിധ്യമില്ലെങ്കിലും ഒരു സിനിമയെ ഒറ്റയ്ക്ക് വിജയിപ്പിക്കാൻ കഴിയുമെന്ന് നയൻതാര തെളിയിക്കുകയായിരുന്നു.
വിഘ്നേശ് ശിവന്റേയും നയൻതാരയുടെയും നിര്‍മാണ കമ്പനിയായ റൗഡി പിക്ചേഴ്സാണ് ‘കണക്റ്റി’ന്റെ നിർമാതാക്കൾ. അശ്വിൻ ശരവണനാണ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അനുപം ഖേര്‍, സത്യരാജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെ ഹൊറർ മൂഡിലുള്ള ട്രെയിലർ ഇതിനകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട്. ഇടവേളകളില്ല എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഹിന്ദിയിലും ‘കണക്റ്റ്’ റിലീസ് ചെയ്യും.
നയൻതാര നായികയായ ചിത്രം ‘മായ’യിലൂടെയാണ് അശ്വിൻ ശരവണൻ സംവിധായകനാകുന്നത്. നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും നേടിയ ‘ഗെയിം ഓവർ’ ആണ് അശ്വിന്റെ മറ്റൊരു ചിത്രം.