scorecardresearch

മക്കളിങ്ങെത്തി, കല്യാണ വീഡിയോ എപ്പോ വരും? നെറ്റ്ഫ്ലിക്സിനോട് ‘നയൻസ്’ ആരാധകർ

മക്കളായ ഉയിരും ഉലകവും എത്തിയിട്ടും ‘നയൻതാര ബിയോണ്ട് ഫെയറിടെയ്ൽ’ വന്നിട്ടില്ല എന്നാണു ആരാധകരുടെ പരാതി

മക്കളിങ്ങെത്തി, കല്യാണ വീഡിയോ എപ്പോ വരും? നെറ്റ്ഫ്ലിക്സിനോട് ‘നയൻസ്’ ആരാധകർ

ചെന്നൈയിൽ ജൂൺ 9നായിരുന്നു ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെയും സംവിധായകൻ വിഘ്നേശ് ശിവന്റെയും വിവാഹം നടന്നത്. മഹാബലിപുരത്തെ ഒരു ആഡംബര റിസോർട്ടിൽ നടത്തിയ ചടങ്ങിൽ ഷാരൂഖ് ഖാൻ, കമൽ ഹാസൻ, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയ പ്രമുഖർ പങ്കെടുത്തിരുന്നു.

ഒരു സെലിബ്രിറ്റി വെഡ്‌ഡിങ് കഴിഞ്ഞാൽ പിന്നെ സോഷ്യൽ മീഡിയ നിറയെ അതിന്റെ ചിത്രങ്ങളും വിഡിയോകളും നിറയുന്ന കാലമാണ്. വിവാഹം കഴിഞ്ഞിട്ടു ദിവസങ്ങൾ ഏറെയായി. വിവാഹചടങ്ങിന്റെ ചില ചിത്രങ്ങൾ മാത്രമാണ് ഇത് വരെ പുറത്തു വന്നത്. വിഡിയോകൾ ഒന്നും തന്നെയില്ല.

വിവാഹവീഡിയോയുടെ പകർപ്പവകാശം നെറ്റ്ഫ്ലിക്സിനു ലഭിച്ചതായും വൈകാതെ അവർ ഇത് റിലീസ് ചെയ്യും എന്നും വിവാഹത്തിന്റെ അടുത്ത ദിവസങ്ങളിൽ തന്നെ വാർത്തകൾ വന്നിരുന്നു. സെപ്റ്റംബർ 24ന് അതിന്റെ ഒരു ടീസറും നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്തു. അപ്പോൾ മുതൽ വീഡിയോയ്ക്കായി കാത്തിരിക്കുന്ന നയൻസിന്റെ ആരാധകർ മാസം ഒന്ന് പിന്നിട്ടതോടെ അക്ഷമരായിരിക്കുകയാണ്. ആ വീഡിയോയുടെ കമന്റുകളിൽ ഇപ്പോൾ കാണാനാവുക ‘ഇതെന്ന് വരും’ എന്ന അനേകം ചോദ്യങ്ങളാണ്.

നയൻതാര: ബിയോണ്ട് ദി ഫെയറിടെയ്ൽ

‘നയൻതാര: ബിയോണ്ട് ദി ഫെയറിടെയ്ൽ’ എന്ന പേരിട്ടിരിക്കുന്ന വിവാഹ ഡോക്യുമെന്ററി 25 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് ഇന്ത്യ സ്വന്തമാക്കിയതെന്നു റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. സംവിധായകൻ ഗൗതം വാസുദേവ മേനോനാണ് താരവിവാഹം നെറ്റ്ഫ്ലിക്സിനായി സംവിധാനം ചെയ്തത് എന്നും സൂചനകൾ ഉണ്ടായിരുന്നു..വിവാഹത്തിന്റെ ടീസർ വീഡിയോയില്‍ ഇരുവരും തങ്ങളുടെ വിവാഹത്തിലേയ്ക്കു നയിച്ച സന്ദര്‍ഭങ്ങളെക്കുറിച്ച് പറയുന്നുണ്ട്. വിവാഹത്തിനായി ഒരുങ്ങുന്ന ദൃശ്യങ്ങളും കാണാനാകും.

നയൻതാര വളരെ മനോഹരിയായ ഒരാളാണെന്നും വ്യക്തിത്വം തന്നെ വളരെ പ്രചോദനം നൽകുന്നതാണെന്നും വിഘ്നേശ് വീഡിയോയിൽ പറയുന്നുണ്ട്. ഇതെല്ലാം എങ്ങനെ, എപ്പോൾ സംഭവിച്ചുവെന്ന് മനസിലാകുന്നിലെന്നും താനൊരു ഒരു സാധാരണ പെൺകുട്ടിയാണെന്നും എന്ത് ചെയ്താലും അതിന്റെ നൂറു ശതമാനം വിജയത്തിലെത്തിക്കുന്നതിൽ വിശ്വസിക്കുന്നയാളാണെന്നും നയൻസ് പറയുന്നു.

സംവിധായകന്‍ ഗൗതം മേനോന്‍ നയന്‍താരയുടെ വിവാഹ വീഡിയോയെക്കുറിച്ച് പറഞ്ഞതും ശ്രദ്ധ നേടിയിരുന്നു. നയന്‍താരയുടെ വിവാഹ വിഡിയോയല്ല മറിച്ച് അവരുടെ ജീവിതത്തെക്കുറിച്ചാണ് പറയുന്നതെന്നാണ് പിങ്കവില്ലയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഗൗതം മേനോന്‍ പറഞ്ഞത്. ‘ നയന്‍താരയുടെ ചെറുപ്പം മുതലുളള കാര്യങ്ങള്‍ നിങ്ങള്‍ക്കു ആ വീഡിയോയില്‍ കാണാനാകും.’ അവരുടെ കുട്ടിക്കാല ചിത്രങ്ങളും അതില്‍ ഉള്‍പ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇരട്ടക്കുട്ടികളുടെ വരവ്, ‘സറഗസി’ വിവാദം

വിവാഹം കഴിഞ്ഞ് നാല് മാസത്തിനു ശേഷം, ഒക്ടോബർ 9നാണ് ഇരട്ടകുട്ടികൾ ജനിച്ച വിവരം വിഘ്നേശ് ഇൻസ്റ്റാഗ്രമിലൂടെ അറിയിച്ചത്. ‘നയനും ഞാനും അമ്മയും അപ്പയുമായി. അനുഗ്രഹിക്കപ്പെട്ട ഇരട്ടകുട്ടികളാണ്. ഞങ്ങളുടെ ‘ഉയിരിനും ഉലക’ത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. വിവാഹം കഴിഞ്ഞ് ചുരുങ്ങിയ നാളുകൾ കൊണ്ട് എങ്ങനെ കുട്ടികൾ ജനിക്കുമെന്ന് ആളുകൾ സംശയം പ്രകടിപ്പിക്കുമ്പോഴാണ് ‘സറഗസി’ എന്ന വാക്ക് ഉയർന്നു കേട്ടത്.

വിവാഹം കഴിഞ്ഞ് നാല് മാസത്തിന് ശേഷം ഇവർ കുട്ടികൾ ജനിച്ചതോടെ താരങ്ങൾ നിയമം ലംഘിച്ചോ എന്നതായി പുതിയ വിവാദം. വിവാഹം കഴിഞ്ഞ് അഞ്ച് വർഷത്തിനു ശേഷവും കുട്ടികൾ ഇല്ലെങ്കിൽ മാത്രമേ വാടക ഗർഭധാരണം പറ്റൂ എന്നതാണ് നിയമം. ഇതേത്തുടർന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ് ഇവരോട് വിശദീകരണം ആവശ്യപ്പെടുകയും ചട്ടം ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്ന അന്വേഷണവും ആരംഭിച്ചു.

ഇതേ തുടർന്ന് നിയമപരമായി 2016ൽ തന്നെ ഇവർ വിവാഹം രജിസ്റ്റർ ചെയ്തിരുന്നുവെന്ന് കണ്ടെത്തി. 2016ൽ ഇവർ വിവാഹിതരായതായി അന്വേഷണത്തിൽ കണ്ടെത്തി. സറഗേറ്റാകേണ്ട സ്ത്രീയ്ക്ക് വേണ്ട യോഗ്യതകളും ഉണ്ടായിരുന്നതായും കണ്ടെത്തി. അത് തന്റെ ബന്ധുവാണെന്ന് നയൻതാര പറഞ്ഞു. നയൻതാരയ്ക്ക് സറഗസി വേണമെന്ന് പറയേണ്ടിരുന്ന ഫാമിലി ഫിസിഷനെ കണ്ട് വിവരം ശേഖരിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം വിദേശത്തായിരുന്നതിനാൽ അതിന് സാധിച്ചില്ല. ഇവർ ചികിത്സ നടത്തിയ ആശുപത്രിയിൽ നിന്നു ബന്ധപ്പെട്ട രേഖകൾ എടുക്കാൻ നോക്കിയെങ്കിലും മെഡിക്കൽ റിക്കോഡ് വേണ്ട വിധം സൂക്ഷിക്കാത്തതിനാൽ അതിനും കഴിഞ്ഞിരുന്നില്ല.

Nayanthara wedding
Nayanthara Wedding

വളരെ ആഘോഷപരമായി നടന്ന വിവാഹമായതിനാലും ഗൗതം മോനോനെ പോലൊരു സംവിധായകന്റെ നേതൃത്വത്തിൽ വിഡിയോ ചിത്രീകരണം നടന്നതും ഇതിന്റെ ഹൈപ്പ് കൂട്ടിയിരുന്നു. പ്രമുഖരായ അനേകം സിനിമാതാരങ്ങൾ പങ്കെടുത്ത വിവാഹമായതിൽ പ്രിയതാരങ്ങളെ കാണാൻ കാത്തിരിക്കുന്ന മറ്റു ആരാധകരുമുണ്ട്. നയൻസിന്റെ വിവാഹലുക്ക്, മേക്കപ്പ്, ആഭരണങ്ങൾ എന്നിവയെക്കുറിച്ചറിയാൻ ഫാഷൻ പ്രേമികളും കാത്തിരിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ നെറ്റ്ഫ്ലിക്സിനും ഇതൊരു മുതൽകൂട്ട് ആകുമെന്നതിൽ തർക്കമില്ല.

താരത്തിന്റെ മക്കളുടെ ജനനവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ അടിസ്ഥനത്തിലാണോ വീഡിയോ റിലീസ് വൈകുന്നതെന്ന സംശയത്തിലാണ് ആരാധകർ. നെറ്റ്ഫ്ലിക്സ് ആകട്ടെ ഇതിനെക്കുറിച്ച് ഒന്നും മിണ്ടുന്നുമില്ല.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Fans await nayanthara vignesh shivan wedding video documentary on netflix