ആരാധകരെ സംബന്ധിച്ചിടത്തോളം മോഹൻലാൽ ഒരു ആവേശമാണ്. ലാലേട്ടാ എന്ന് അവർ തികച്ച് വിളിക്കില്ല. അവർക്ക് മോഹൻലാലിനെ അത്രയ്ക്ക് ഇഷ്ടമാണ്. വെള്ളിത്തിരയിൽ ജീവൻ നൽകിയ എത്രയോ കഥാപാത്രങ്ങളിലൂടെ, ആരുടെയൊക്കെയോ അച്ഛനും മകനും സഹോദരനും സുഹൃത്തുമൊക്കെ ആയിട്ടുണ്ട് ആ അതുല്യ നടൻ. പ്രിയനടനെ നേരിൽ കണ്ടപ്പോൾ സന്തോഷവും സ്നേഹവും അടക്കാനാകാത്ത ഒരു ആരാധികയാണ് ഇവിടെയിപ്പോൾ താരം.

മോഹൻലാലിനെ കണ്ടപ്പോൾ ഓടിയെത്തി സെൽഫിയെടുത്ത യുവതി പിന്നീട് ചോദിച്ചു ‘ലാലേട്ടാ ഒരുമ്മ തരട്ടെ’ എന്ന്. മോഹൻലാൽ സമ്മതിച്ചതും ആരാധിക കവിളിൽ ഒരുമ്മയും തന്നു. ശേഷം നന്ദി പറഞ്ഞ് മോഹൻലാൽ നടന്നു നീങ്ങി.

സിനിമാ തിരക്കുകളിൽനിന്നും ബ്രേക്ക് എടുത്ത് ഭാര്യ സുചിത്രയ്ക്കൊപ്പമുളള വെക്കേഷൻ ആഘോഷമാക്കുകയാണ് മോഹൻലാൽ. ന്യൂസിലൻഡിലാണ് ഇത്തവണ താരം വെക്കേഷനായി തിരഞ്ഞെടുത്തിരിക്കുന്നത്. മോഹൻലാലിന്റെയും സുചിത്രയുടെയും ന്യൂസിലാൻഡിലെ വെക്കേഷൻ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്. വിദേശത്തും നിരവധി ആരാധകരാണ് അദ്ദേഹത്തിന്.

മുൻപ് ന്യൂസിലൻഡിലെ ‘ഹോബിട്ടൺ’ എന്ന സ്ഥലത്ത് നിന്നും പകർത്തിയ രണ്ടു ചിത്രങ്ങളും മോഹൻലാൽ ആരാധകർക്കായി ഷെയർ ചെയ്തിരുന്നു. ഹോളിവുഡ് സിനിമയായ ‘ദി ലോഡ് ഓഫ് ദി റിങ്സ്’ ഷൂട്ട് ചെയ്ത സ്ഥലമാണ് ചിത്രത്തിന്റെ പശ്ചാത്തലം എന്നും മോഹൻലാൽ കുറിച്ചിരുന്നു.

‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മോഹൻലാലിന്റേതായി റിലീസിന് ഒരുങ്ങുന്നത്. 2020 മാർച്ച് 19 നു ചിത്രം തിയേറ്ററുകളിലെതത്തും. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മോഹൻലാലാണ് ഈ വിവരം അറിയിച്ചത്. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. പ്രിയദർശനാണ് സംവിധായകൻ. ചരിത്രവും ഭാവനയും കൂടിക്കലര്‍ന്ന ചിത്രമായിരിക്കും ‘മരക്കാർ’ എന്ന് പ്രിയദര്‍ശന്‍ മുൻപ് വെളിപ്പെടുത്തിയിരുന്നു. കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് മോഹൻലാൽ ചിത്രത്തില്‍ എത്തുക.

മഞ്ജു വാര്യര്‍ നായികയാവുന്ന ചിത്രത്തില്‍ ആക്ഷന്‍ കിങ് അര്‍ജുന്‍, സുനില്‍ ഷെട്ടി, സിദ്ദിഖ്, പ്രഭു, ബാബുരാജ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, പ്രണവ് മോഹന്‍ലാല്‍ തുടങ്ങി വൻതാരനിര അണിനിരക്കുന്നുണ്ട്. സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും. ചിത്രത്തിൽ കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി എത്തുന്നത് മധുവാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook