അതിർത്തി കടന്നെത്തുന്ന ആരാധക സ്നേഹത്തിന്റെ കഥകൾ സിനിമാലോകത്തിന് പറയാൻ ഏറെ കാണും. ഇപ്പോഴിതാ മലയാളികളുടെ സ്വന്തം ദുൽഖർ സൽമാനും അത്തരമൊരു കഥ പറയാനുണ്ട്. ബംഗ്ലാദേശിലെ ദുൽഖർ ആരാധകനാണ് താരത്തോടുള്ള ആരാധന മൂത്ത് മകന് ദുൽഖർ സൽമാൻ എന്ന് പേരു നൽകിയിരിക്കുന്നത്. ബംഗ്ലാദേശ് സ്വദേശിയായ സെയ്ഫുദ്ദീൻ ഷകീൽ ആണ് തന്റെ നാട്ടിൽ നടന്ന ഈ വിശേഷം ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.

” ഞങ്ങളുടെ നാട്ടിലൊരാൾ ദുൽഖറിന്റെ ചാർലി കണ്ട് വിഷാദരോഗത്തിൽ നിന്നും മുക്തനായി. മകന് ദുൽഖർ സൽമാൻ എന്ന് പേരിടുകയും ചെയ്തു. ഇവിടെ നിങ്ങൾക്ക് ഏറെ ആരാധകരുണ്ട്,” എന്നായിരുന്നു ദുൽഖറിനെ ടാഗ് ചെയ്തുകൊണ്ടുള്ള സെയ്ഫുദ്ദീൻ ഷകീൽ എന്ന ചെറുപ്പക്കാരന്റെ ട്വീറ്റ്. സെയ്ഫുദ്ദീനും ഒരു കടുത്ത ദുൽഖർ ഫാനാണ്.

സെയ്ഫുദ്ദീന്റെ ട്വീറ്റ് കണ്ണിൽപ്പെട്ട ദുൽഖർ നന്ദി പറയാൻ മറന്നില്ല, ഒപ്പം ബംഗ്ലാദേശീലെ തന്റെ ആരാധകരോടുള്ള സ്നേഹാന്വേഷണവും രേഖപ്പെടുത്തി. “ഒരുപാട് നന്ദി. ബംഗ്ലാദേശിലെ എല്ലാവർക്കും ഒരുപാട് സ്നേഹം. കോളേജ് സമയത്ത് എനിക്ക് ഏറെ ബംഗ്ലാദേശി സുഹൃത്തുക്കളുണ്ടായിരുന്നു. ഇപ്പോഴും അവരുമായുള്ള അടുപ്പം സൂക്ഷിക്കുന്നു,’ എന്നായിരുന്നു ദുൽഖറിന്റെ മറുട്വീറ്റ്.

മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലെല്ലാം തന്റെ പ്രതിഭ തെളിയിച്ച് മുന്നേറുകയാണ് ദുൽഖർ. ‘കർവാൻ’ എന്ന ആദ്യഹിന്ദി ചിത്രത്തിനു ശേഷം സോനം കപൂറിനൊപ്പം അഭിനയിച്ച ‘സോയ ഫാക്ടർ’ എന്ന ഹിന്ദി ചിത്രമാണ് ദുൽഖറിന്റെ ഏറ്റവും പ്രതീക്ഷയുള്ള പുറത്തിറങ്ങാനുള്ള ചിത്രങ്ങളിലൊന്ന്. അഭിനേതാവും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുരാന സംവിധാനം ചെയ്യുന്ന ‘ദി സോയാ ഫാക്ടര്‍’ അടുത്ത ഏപ്രിലില്‍ തിയേറററുകളിലെത്തും. അനുജാ ചൌഹാന്‍ എഴുതിയ നോവലിനെ ആസ്പദമാക്കിയൊരുങ്ങുന്ന ചിത്രമാണ് ‘ദി സോയാ ഫാക്ടർ’. 1983ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലത്ത് ജനിച്ച സോയ സിംഗ് എന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് നോവല്‍ വികസിക്കുന്നത്. സോയയുടെ ഭാഗ്യം കൊണ്ടാണ് ടീം കപ്പ് നേടിയത് എന്നായിരുന്നു വിശ്വാസം. അതിനാല്‍ 2010ലെ ലോകകപ്പിനും ‘സോയ ഫാക്ടര്‍’ വിനിയോഗിക്കാന്‍ ഇന്ത്യന്‍ ടീം തീരുമാനിക്കുന്നതാണ് കഥ.

തെലുങ്ക് ചിത്രം ‘മഹാനടി’ നേടിയ ഗംഭീര വിജയത്തിനെ തുടർന്ന് തെലുങ്കിലും അടുത്ത ചിത്രത്തിൽ കരാറേർപ്പെട്ടിരിക്കുകയാണ് ദുൽഖർ. വെങ്കിടേഷിനൊപ്പം ഒരു പിരീഡ് ചിത്രത്തിലാണ് ദുൽഖർ അഭിനയിക്കുന്നത്. ‘മഹാനടി’യിലെ ദുൽഖറിന്റെ അഭിനയം കണ്ട് “ജെമിനി ഗണേശനാകാന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ഏറ്റവും യോജിച്ചയാള്‍,” എന്ന് വെങ്കിടേഷ് അഭിനന്ദിച്ചിരുന്നു.

പുതുമുഖസംവിധായകൻ ബി.സി.നൗഫൽ സംവിധാനം ചെയ്യുന്ന ‘ഒരു യമണ്ടൻ പ്രേമ കഥ’യാണ് മലയാളത്തിൽ ദുൽഖറിന്റെ അടുത്ത റിലീസ്. ‘ടെയ്ക്ക് ഓഫി’നു ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ദുൽഖറാണ് നായകൻ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ